വണ്ണം കുറയ്ക്കാന്‍ എളുപ്പവഴികളുണ്ടോ? അറിയാം, ചില പ്രധാന 'ഡയറ്റ് ടിപ്‌സ്'

By Web TeamFirst Published Nov 9, 2018, 3:57 PM IST
Highlights

ഡയറ്റോ വ്യായാമമോ ഒക്കെ പിന്തുടര്‍ന്നാലും പലര്‍ക്കും വണ്ണം കുറയ്ക്കല്‍ ഒരു പാടുപിടിച്ച ചടങ്ങാണ്. പല കാരണങ്ങളാകാം നിങ്ങളെ ചതിക്കുന്നത്. ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങള്‍, ഉറക്കം, ഭക്ഷണം, സ്‌ട്രെസ്- ഇതെല്ലാം ശരീരത്തെ നേരിട്ടും അല്ലാതെയും ബാധിക്കുന്നുണ്ട്

വണ്ണം കുറയ്ക്കാന്‍ എളുപ്പവഴികള്‍ തേടുന്ന ധാരാളം പേരെ ചുറ്റുപാടും കാണാം. ഓണ്‍ലൈന്‍ ആരോഗ്യ പംക്തികളില്‍ പോലും ഏറ്റവുമധികം പേരും തിരയുന്നത് വണ്ണം കുറയ്ക്കാനുള്ള എളുപ്പവഴികളാണ്. മെലിയാന്‍ വേണ്ടി അങ്ങനെ കുറുക്കുവഴികളുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം അല്‍പം കഴിഞ്ഞ് പറയാം. 

ഡയറ്റോ വ്യായാമമോ ഒക്കെ പിന്തുടര്‍ന്നാലും പലര്‍ക്കും വണ്ണം കുറയ്ക്കല്‍ ഒരു പാടുപിടിച്ച ചടങ്ങാണ്. പല കാരണങ്ങളാകാം നിങ്ങളെ ചതിക്കുന്നത്. ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങള്‍, ഉറക്കം, ഭക്ഷണം, സ്‌ട്രെസ്- ഇതെല്ലാം ശരീരത്തെ നേരിട്ടും അല്ലാതെയും ബാധിക്കുന്നുണ്ട്. ഇതില്‍ ഏത് കാരണവുമാകാം നിങ്ങളെ ചതിക്കുന്നത്. 

ഇനി, ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ ചില 'ഡയറ്റ് ടിപ്‌സ്' നോക്കാം.

ഒന്ന്...

ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. ദിവസത്തിലെ ആദ്യഭക്ഷണമായ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതോടെ ക്ഷീണവും മന്ദതയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഏറ്റവും വലിയ അപകടം ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നതോടെ നല്ല തോതില്‍ വിശപ്പുണ്ടാവുകയും പിന്നീട് ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി കഴിക്കുകയും ചെയ്യുന്നു. 

രണ്ട്...

നമ്മള്‍ നമ്മുടെ ശരീരത്തെയും അതിന്റെ പ്രത്യേകതയെയും തിരിച്ചറിയുക. കാരണം ഒരാള്‍ പിന്തുടരുന്ന ഡയറ്റോ വ്യായാമമോ തന്നെ രണ്ടാമത്തെയാള്‍ക്കും ഗുണം ചെയ്‌തോളണമെന്നില്ല. ഓരോരുത്തര്‍ക്കും ഓരോ രീതിയിലുള്ള ശൈലികളായിരിക്കും ആവശ്യമായി വരിക. ഇതിന് ഒരു ഡയറ്റീഷ്യന്റെ നിര്‍ദേശം എളുപ്പത്തില്‍ തേടാവുന്നതേയുള്ളൂ.

മൂന്ന്...

കൂടുതല്‍ പച്ചക്കറികളും പഴങ്ങളും കഴിക്കുക. ചിലര്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമെന്നതിനാല്‍ പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. എന്നാല്‍ മറ്റ് സ്‌നാക്‌സുകളെക്കാള്‍ എന്തുകൊണ്ടും നല്ലത് പഴങ്ങള്‍ തന്നെയാണ്. അതുപോലെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനായി കൂടുതല്‍ പച്ചക്കറികള്‍ കഴിക്കാനും ശ്രദ്ധിക്കുക. 

നാല്...

തുടക്കത്തിലേ സൂചിപ്പിച്ച കാര്യമാണ് ഇനി പറയാന്‍ പോകുന്നത്. വണ്ണം കുറയ്ക്കാന്‍ എളുപ്പവഴികള്‍ തേടുന്നത് ഒഴിവാക്കുകയെന്നതാണ് ഈ ഡയറ്റ് ടിപ്പ്. ഇത്തരം കുറുക്കുവഴികള്‍ കൂടുതല്‍ അപകടമുണ്ടാക്കാനേ ഉപകരിക്കൂ. 

അഞ്ച്...

വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടന്നാല്‍ മതിയെന്ന് ഒരിക്കലും ധരിക്കരുത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് വഴിവയ്ക്കുക. അതിനാല്‍ കൃത്യമായി ഭക്ഷണം കഴിക്കുക. ഇതിന് ചിട്ടയും ഡയറ്റും നിശ്ചയിക്കുക.
 

click me!