അമിതമായ ഉപ്പിന്റെ ഉപയോഗം ഉയർന്ന രക്തസമ്മർദ്ദത്തിനും, ശരീരത്തിൽ ജലാംശം കൂടുതലായി തങ്ങാനും ഇടയാക്കുന്നു. നമ്മൾ കഴിച്ചു ശീലിച്ച അച്ചാർ, പപ്പടം, ഉണക്കമീൻ എന്നിവയിലെല്ലാം ധാരാളമായി ഉപ്പ് അടങ്ങിയിട്ടുണ്ട്.
വൃക്കകളുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കൊച്ചി അമൃത ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവിയും ക്ലിനിക്കൽ പ്രൊഫസറുമായ ഡോ. രാജേഷ് ആർ നായർ തയ്യാറാക്കിയ ലേഖനം.
നമ്മുടെ നാട്ടിൽ പകർച്ചവ്യാധികളേക്കാൾ വ്യാപകമാണ് ഇന്ന് ജീവിതശൈലി രോഗങ്ങൾ. പ്രമേഹം, അമിത രക്ത സമ്മർദ്ദം , അമിതവണ്ണം മുതലായ ജീവിതശൈലീരോഗങ്ങളാൽ ഹൃദയം, വൃക്കകൾ, കരൾ തുടങ്ങി വിവിധ അവയവങ്ങളെ ബാധിക്കുന്ന രോഗാവസ്ഥകളുമായി ധാരാളം രോഗികൾ നമ്മുടെ സമൂഹത്തിലുണ്ട്.
മനുഷ്യ ശരീരത്തിലെ പ്രധാന രക്ത ശുദ്ധീകരണ അവയവമായ വൃക്കകളെ സംരക്ഷിക്കുക എന്നത് അതീവ പ്രാധാന്യമർഹിക്കുന്നു. വൃക്കകളുടെ സംരക്ഷണത്തിനായി ഓർത്തിരിക്കേണ്ട എട്ട് കാര്യങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.
1. വ്യായാമം പതിവാക്കുക
ശാരീരിക ക്ഷമത നിലനിർത്തുക എന്നത് മുൻപ് പ്രായമായവർക്കുള്ള സന്ദേശം എന്ന നിലയിലാണ് പറഞ്ഞിരുന്നത് എങ്കിലും ഇന്ന് കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ശ്രദ്ധ പതിപ്പിക്കേണ്ട കാര്യമായി അത് മാറിയിരിക്കുന്നു. ഉദാസീനമായ ജീവിതശൈലി കാരണം അമിതമായി ശരീരഭാരം വർദ്ധിക്കുന്നത് വൃക്കകളെ മാത്രമല്ല ആകെയുള്ള ആരോഗ്യ വ്യവസ്ഥയെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.
നിത്യേനയുള്ള വ്യായാമം അത്യാവശ്യമാണ്, വേഗത്തിലുള്ള നടത്തം, ഓട്ടം, സൈക്ലിംഗ് നീന്തൽ മുതലായ വ്യായാമങ്ങൾ പതിവായി ചെയ്യുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെയും രക്ത സമ്മർദ്ദത്തെയും നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിലും വ്യായാമം പങ്ക് വഹിക്കുന്നു . ഇതെല്ലാം വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഗുണപ്രദമാണ് . വായാമം ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും അതുവഴി വൃക്കകളുടെ പ്രവർത്തനത്തെ സുഗമമാക്കുകയും ചെയ്യുന്നു.
2. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുക
ഉപ്പ് പാടെ ഒഴിവാക്കുക എന്നല്ല മറിച്ച് ദിവസേനയുള്ള ഉപ്പിന്റെ ഉപയോഗം അഞ്ച് മുതൽ ആറ് ഗ്രാം വരെയാക്കി പരിമിതപ്പെടുത്തുക എന്നതാണ് പ്രധാനം. അമിതമായ ഉപ്പിന്റെ ഉപയോഗം ഉയർന്ന രക്തസമ്മർദ്ദത്തിനും, ശരീരത്തിൽ ജലാംശം കൂടുതലായി തങ്ങാനും ഇടയാക്കുന്നു. നമ്മൾ കഴിച്ചു ശീലിച്ച അച്ചാർ, പപ്പടം, ഉണക്കമീൻ എന്നിവയിലെല്ലാം ധാരാളമായി ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇവയുടെ അളവ് കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതിനോടൊപ്പം നാടൻ പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
3. പ്രമേഹ നിയന്ത്രണം
പ്രമേഹം ദീർഘകാലം നിയന്ത്രണത്തിലല്ലാതെ തുടരുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാകുകയും അത് വൃക്കയിലെ ചെറിയ രക്തക്കുഴലുകളെയും ഫിൽട്ടറുകളായ ഗ്ലോമെറുലികളെയും ക്രമേണ കേടുവരുത്തുകയും ചെയ്യുന്നു. ഇതുമൂലം വൃക്കയുടെ ഫിൽറ്ററിംഗ് ശേഷി കുറയുകയും പിന്നീട് ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടാകാനുള്ള സാധ്യത ഉയരുകയും ചെയ്യും. എന്നാൽ പ്രമേഹം കൃത്യമായി നിയന്ത്രിച്ചാൽ വൃക്കരോഗങ്ങളുടെ വലിയൊരു ശതമാനം വരെ തടയാൻ സാധിക്കും. കേരളം പ്രമേഹരോഗികൾ കൂടുതലുള്ള സംസ്ഥാനമാണെന്നത് ഓർക്കുക . പ്രമേഹം നിലവിൽ ഇല്ലെങ്കിലും വർഷത്തിൽ കുറഞ്ഞത് ഒരിക്കൽ പ്രമേഹ പരിശോധന നടത്തുകയും രക്തത്തിലെ പഞ്ചസാരയുടെ നില ശരിയാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് അത്യാവശ്യമാണ്.
4. ഹൈപ്പർ ടെൻഷൻ /ബിപി
ഉയർന്ന രക്തസമ്മർദ്ദം ശരീരത്തിലെ മറ്റു ഭാഗങ്ങളിലെപ്പോലെ തന്നെ വൃക്കകളിലെ രക്തക്കുഴലുകളെയും ബാധിക്കാം. അതിസൂക്ഷ്മമായ അനവധി രക്തക്കുഴലുകളും ഫിൽട്ടറിംഗ് ഘടകങ്ങളും (ഗ്ലോമെറുലികൾ) വൃക്കയുടെ പ്രത്യേകയാണ്. രക്തസമ്മർദ്ദം ദീർഘകാലം കൂടുതലായി തുടരുമ്പോൾ ഈ ചെറിയ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൃക്കയുടെ ഫിൽറ്ററിംഗ് ശേഷി കുറയുകയും ചെയ്യാം.
കൃത്യമായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും വഴി ഉയർന്ന രക്തസമ്മർദ്ദം ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക, ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുക ,സ്ഥിരമായ വ്യായാമം ചെയ്യുക, ശരിയായ ഭാരം നിലനിർത്തുക, പുകവലി ഒഴിവാക്കുക.
5. വെള്ളം ആവശ്യത്തിന്
ഒരു വ്യക്തി ദിവസേന രണ്ട് ലിറ്റർ വെള്ളം കുടിക്കണം എന്നൊരു പൊതുവായ ധാരണ നമുക്കിടയിലുണ്ട്. എന്നാൽ വെള്ളത്തിന്റെ ആവശ്യകത കാലാവസ്ഥ, ശാരീരിക പ്രവർത്തനം, ശരീരത്തിന്റെ സ്വഭാവം എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം.
വളരെ സജീവമല്ലാത്ത ജീവിതശൈലി നയിക്കുന്ന ഒരാൾ അനാവശ്യമായി അധികം വെള്ളം കുടിച്ചാൽ ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുകയും മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യാം. അതുകൊണ്ട് വൃക്കരോഗം, ഹൃദ്രോഗം മുതലായ രോഗങ്ങളുള്ളവർ വെള്ളം കുടിക്കേണ്ട അളവ് ഡോക്ടറുടെ നിർദ്ദേശപ്രകാരം നിശ്ചയിക്കുന്നതാണ് ഉചിതം.
6. പുകവലി ഒഴിവാക്കുക
പുകവലി പലരും ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന ഒരു ശീലമായി കരുതാറുണ്ട്. എന്നാൽ ഇത് ശ്വാസകോശം മാത്രമല്ല, ശരീരത്തിലെ പല അവയവങ്ങളെയും പോലെ വൃക്കകളെയും ബാധിക്കുന്നു. പുകവലി രക്തക്കുഴലുകൾക്ക് കേടുവരുത്തുകയും വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ വൃക്കയുടെ പ്രവർത്തനക്ഷമത ക്രമേണ കുറയാൻ ഇടയാകും. പുകവലിക്കുന്നവർക്കും അവരുടെ ചുറ്റുമുള്ളവർക്കും ആരോഗ്യകരമായ ജീവിതം നിലനിർത്താൻ പുകവലി ഉപേക്ഷിക്കുക അത്യന്താപേക്ഷിതമാണ്.
7. മരുന്നുകളുടെ തെറ്റായ ഉപയോഗം
നമ്മൾ കഴിക്കുന്നതെല്ലാം സ്വാംശീകരിച്ച് ഫിൽട്ടർ ചെയ്തെടുക്കുന്ന പ്രവർത്തിയാണ് വൃക്കകൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചില മരുന്നുകളുടെ തെറ്റായോ അധികമായോ ഉപയോഗം വൃക്കകൾക്ക് ദോഷകരമായി ബാധിക്കാം. പ്രത്യേകിച്ച് വേദനസംഹാരികൾ പോലുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശം കൂടാതെ വാങ്ങി കഴിക്കുന്ന ശീലം പലർക്കും കാണപ്പെടുന്നു. ഇത്തരം മരുന്നുകളുടെ നിയന്ത്രണമില്ലാത്ത ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ദീർഘകാലത്തിൽ വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യാം.
8. കൃത്യമായ പരിശോധന
പ്രമേഹമുള്ളവർ, അമിതവണ്ണം ഉള്ളവർ, പാരമ്പര്യമായി വൃക്കരോഗമുള്ളവർ എന്നിവരെല്ലാം തന്നെ വർഷത്തിലൊരിക്കലെങ്കിലും വൃക്കകളുടെ ആരോഗ്യം നിർണയിക്കുന്നതിനായി പരിശോധനകൾ നടത്തേണ്ടതുണ്ട്.
നേരത്തെ തിരിച്ചറിഞ്ഞാൽ ചികിത്സിച്ച് ഭേദമാക്കാവുന്ന അല്ലെങ്കിൽ നിയന്ത്രിക്കാവുന്ന ഒന്നാണ് വൃക്കരോഗം. അതുകൊണ്ട് തന്നെ വൃക്കരോഗത്തെക്കുറിച്ചുള്ള ശരിയായ അറിവ് മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുന്നത് അനേകം ജീവൻ രക്ഷിക്കാൻ സഹായകമാകും.


