പഠിത്തം നിര്‍ത്തി നാട്ടിലേക്ക് തിരിച്ചുപോയിട്ടും അവളുടെ കാണാമറയത്ത് ആ പൂവാലന്‍!

Web Desk |  
Published : Sep 30, 2017, 11:06 PM ISTUpdated : Oct 05, 2018, 03:58 AM IST
പഠിത്തം നിര്‍ത്തി നാട്ടിലേക്ക് തിരിച്ചുപോയിട്ടും അവളുടെ കാണാമറയത്ത് ആ പൂവാലന്‍!

Synopsis

ഇരുപത്തിനാലുകാരിയായ യുവതിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന ജീവിതാനുഭവത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് പൊലീസുകാരും. ഉന്നതവിദ്യാഭ്യാസത്തിനായി ദില്ലിയില്‍നിന്ന് മുംബൈയിലെത്തിയ യുവതിക്കുണ്ടായ പൂവാലശല്യം സിനിമാക്കഥയെപ്പോലും വെല്ലുന്നതാണ്. മുംബൈയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന യുവതിയെയാണ് പ്രണയാഭ്യര്‍ത്ഥനയുമായി യുവാവ് വിടാതെ പിന്തുടരുന്നത്. ഒടുവില്‍ പഠനം മതിയാക്കി ദില്ലിയിലേക്ക് താമസം മാറ്റിയെങ്കിലും, യുവതിയെ അയാള്‍ വിടാതെ പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്യുകയാണ്. മുംബൈയിലെയും ദില്ലിയിലെയും പൊലീസുകാര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഇതുവരെയും പൂവാലനെ പിടികൂടാനായിട്ടില്ല.

മുംബൈയിലെ കോളേജില്‍നിന്നുള്ള ഏതെങ്കിലുമൊരു വിദ്യാര്‍ത്ഥി ആയിരിക്കും, യുവതിയെ ശല്യപ്പെടുത്തുന്നതെന്നാണ് സംശയിക്കുന്നത്. പ്രണയമാണെന്നും വിവാഹം കഴിക്കണമെന്നും പറഞ്ഞുകൊണ്ടുള്ള ഫോണ്‍ സന്ദേശങ്ങളിലൂടെയായിരുന്നു തുടക്കം. പിന്നീട് അര്‍ദ്ധരാത്രികളിലെ ഫോണ്‍ വിളികളായി. പല നമ്പരുകളില്‍നിന്ന് മാറിമാറി വിളിക്കാന്‍ തുടങ്ങി. നമ്പരുകള്‍ മാറ്റിനോക്കിയെങ്കിലും ഒരു രക്ഷയുമില്ലായിരുന്നു. നിര്‍ത്താതെയുള്ള ഫോണ്‍ വിളികള്‍ കാരണം ഉറക്കവും നഷ്‌ടമാകുകയും പഠിക്കാന്‍ സാധിക്കാതെയുമായി. അവള്‍ എവിടെപ്പോയാലും, അവന്‍ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഓരോ നിമിഷവും അവന്റെ മെസേജുകള്‍ അവളെ തേടിയെത്തി. അവള്‍ എന്ത് ചെയ്താലും അതേക്കുറിച്ച് അവന്റെ മെസേജുകള്‍ എത്തുകയായി. എന്നാല്‍ ചുറ്റുപാടുംനോക്കുമ്പോള്‍ അവനെ കാണാനില്ല. ഒടുവില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ അവനെ കണ്ടെത്താനായില്ല. ശല്യം സഹിക്കവയ്യാതെ ആയപ്പോഴാണ് യുവതി പഠനം മതിയാക്കി സ്വന്തം നാടായ ദില്ലിയിലേക്ക് തിരിച്ചുപോയത്.

ദില്ലിയില്‍ കുറച്ചുനാള്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു. എന്നാല്‍ അവന്റെ മെസേജുകളും ഫോണ്‍ വിളികളും വീണ്ടും വന്നുതുടങ്ങി. അവന്‍ ദില്ലിയില്‍ എത്തിയിരിക്കുന്നുവെന്ന സത്യം അവള്‍ തിരിച്ചറിഞ്ഞു. അങ്ങനെ ഒരു കോഫിഷോപ്പില്‍ വച്ച് അവനെ അവള്‍ കണ്ടെത്തി. തന്നെ പിന്തുടരരുതെന്ന താക്കീത് നല്‍കി. എന്നാല്‍ അതുകൊണ്ടൊന്നും ഒരു രക്ഷയുമില്ലായിരുന്നു. അങ്ങനെ അവള്‍ ദില്ലിയിലും പൊലീസില്‍ പരാതി നല്‍കി. പക്ഷേ ദില്ലി പൊലീസിനും അവനെ കണ്ടെത്താനായില്ല. പല  ഫോണ്‍ നമ്പരുകളില്‍നിന്ന് വിളിക്കുന്നതിനാല്‍ അവനെ പിന്തുടര്‍ന്ന് കണ്ടെത്താനാകുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. ഒടുവില്‍ അവള്‍ ഫോണ്‍ സ്വിച്ച് ഓഫാക്കുകയും അത് ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ അതുകൊണ്ടൊന്നും ശല്യം നിലച്ചില്ല. അച്ഛന്റെയും സഹോദരന്റെയും ഫോണുകളില്‍ തുടരെ വിളിച്ചു അവള്‍ക്ക് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ കുടുംബം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിക്കും പരാതി നല്‍കി. അങ്ങനെ ശല്യക്കാരനെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡിന് രൂപംനല്‍കി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ദില്ലി പൊലീസ്. യുവതിയുടെ പിന്നാലെകൂടിയ പൂവാലനെ ഉടന്‍ പിടികൂടി മാനംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഭക്ഷണത്തിന്റെ നിറങ്ങൾക്കും ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ പങ്കുണ്ട്; ഇതാണ് റെയിൻബോ ഡയറ്റ്
കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' നിസാരമായി കാണരുത്, കാരണം ഇതാണ്