വിഷാദത്തിന് അടിമകളാകുന്ന താരങ്ങള്‍; ഏറ്റവുമൊടുവില്‍ പ്രമുഖ ഗായിക...

By Web TeamFirst Published Jan 5, 2019, 2:34 PM IST
Highlights

ബോളിവുഡിന്റെ സ്വന്തം സ്റ്റാര്‍ ആയ കിംഗ് ഖാന്‍ ഉള്‍പ്പെടെ നീണ്ട നിരയാണ് ബോളിവുഡില്‍ നിന്ന് വിഷാദരോഗത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളത്. 2010ല്‍ തോളിന് നടത്തിയ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ വിഷാദത്തിലേക്ക് എടുത്തെറിയപ്പെട്ടത്

ദില്ലി: ബോളിവുഡിന് വിഷാദരോഗമെന്ന ശാപത്തില്‍ നിന്ന് ഇനിയും മോചനമായിട്ടില്ല. പ്രമുഖ താരങ്ങള്‍ പലരും തങ്ങള്‍ വിഷാദികളാണെന്ന് തുറന്നടിച്ചത് തന്നെ ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. ഈ പട്ടികയില്‍ ഏറ്റവുമൊടുവില്‍ ഇടംനേടിയിരിക്കുന്നത് യുവഗായിക നേഹ കക്കറാണ്. താന്‍ കടുത്ത വിഷാദരോഗത്തിന് അടിമയാണെന്ന് സമൂഹമാധ്യമത്തിലൂടെയാണ് നേഹ വെളിപ്പെടുത്തിയത്.  

'അതെ, ഞാന്‍ വിഷാദത്തിലാണ്. ലോകത്തിലെ എല്ലാ നെഗറ്റീവ് ആയ ആളുകള്‍ക്കും നന്ദി. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട നാളുകള്‍ എനിക്ക് സമ്മാനിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!'- നേഹ കുറിച്ചു. 

നടന്‍ ഹിമാന്‍ഷ് കോലിയുമായുള്ള പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് നേഹ കടുത്ത നിരാശയില്‍ ആണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തല്‍. പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യന്‍ ഐഡല്‍ പത്താം സീസണ്‍ വിധികര്‍ത്താക്കളില്‍ ഒരാളായ നേഹ കഴിഞ്ഞ മാസം പരിപാടിക്കിടെ പൊട്ടിക്കരഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഒരു വ്യക്തിയെ മാത്രം ഉദ്ദേശിച്ചല്ല താന്‍ സംസാരിച്ചതെന്ന് നേഹ പിന്നീട് വിശദീകരിച്ചു. 

'എന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഒരാളോ രണ്ടാളോ അല്ല. എന്നെ, എന്റെ വ്യക്തിപരമായ ജീവിതം ജീവിക്കാന്‍ അനുവദിക്കാത്ത ഒരു ലോകത്തെ തന്നെയാണ് ഞാനുദ്ദേശിക്കുന്നത്. എന്നെയും എന്റെ പാട്ടുകളെയും സ്‌നേഹിക്കുന്നവര്‍ക്ക് നന്ദി. എന്നാല്‍ ഞാനെന്താണെന്നോ, എങ്ങനെ ജീവിക്കുന്നയാളാണെന്നോ അറിയുക പോലും ചെയ്യാതെ എന്നെ പറ്റി മോശമായി പറയുന്നവരുണ്ട്. അവരോട് ഒന്നേ പറയാനുള്ളൂ, എന്നെ എന്റെ സന്തോഷത്തിന് വിടുക, ഞാന്‍ ജീവിച്ചോളാം...'- നേഹ വിശദീകരിച്ചു. 

സിംബ എന്ന രണ്‍വീര്‍ സിംഗ് ചിത്രത്തിലെ ഗാനമാണ് നേഹയുടേതായി ഏറ്റവുമൊടുവില്‍ ഹിറ്റായത്. ഇന്ത്യന്‍ ഐഡല്‍ സീസണ്‍ രണ്ടിലൂടെയാണ് സംഗീതരംഗത്തേക്ക് നേഹ കടക്കുന്നത്. 'അഖിയാന്‍', 'ദില്‍വാലേ' തുടങ്ങി ഒരുപിടി ആല്‍ബങ്ങളും ചെയ്തിരുന്നു. 

ബോളിവുഡില്‍ നിന്ന് വിഷാദരോഗം തുറന്നുപറഞ്ഞ മറ്റ് പ്രമുഖര്‍...

ബോളിവുഡിന്റെ സ്വന്തം സ്റ്റാര്‍ ആയ കിംഗ് ഖാന്‍ ഉള്‍പ്പെടെ നീണ്ട നിരയാണ് ബോളിവുഡില്‍ നിന്ന് വിഷാദരോഗത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളത്. 2010ല്‍ തോളിന് നടത്തിയ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ വിഷാദത്തിലേക്ക് എടുത്തെറിയപ്പെട്ടത്. എന്നാല്‍ താന്‍ അസുഖത്തെ അതിജീവിച്ചുവെന്നും ഷാരൂഖ് പിന്നീട് പറഞ്ഞിരുന്നു. 

ഷാരൂഖ് ഖാനെ കൂടാതെ ആമിര്‍ ഖാന്‍, മനീഷ കൊയ്‍രാള, യുവതാരങ്ങളായ ദീപിക പദുക്കോണ്‍, അനുഷ്‌ക ശര്‍മ്മ, വരുണ്‍ ധവാന്‍, രണ്‍ദീപ് ഹൂഡ, ഇലീന ഡ്ക്രൂസ്, റാപ് ഗായകന്‍ യോ യോ ഹണി സിംഗ് എന്നിങ്ങനെ നീളുന്നു ഈ പട്ടിക. ഇവരില്‍ പലരും തങ്ങള്‍ മരുന്നിലൂടെയും പ്രിയപ്പെട്ടവരുടെ സ്‌നേഹസാമീപ്യത്താലും അസുഖത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്നും പിന്നീട് പങ്കുവച്ചിട്ടുണ്ട്. അഭിനേതാക്കളില്‍ പലരുടെ വിഷാദം, തങ്ങള്‍ അഭിനയിച്ച പല കഥാപാത്രങ്ങളുടെ തുടര്‍ച്ചയായും സംഭവിക്കാറുണ്ട്. താരപരിവേഷത്തിനുള്ളില്‍ ഒതുങ്ങി വ്യക്തിജീവിതത്തിന്റെ സ്വകാര്യത നഷ്ടപ്പെടുന്നതും പ്രമുഖരില്‍ നിരാശയ്ക്ക് കാരണമാകാറുണ്ട്. 

click me!