ഒറ്റയ്ക്കാണോ ജീവിതം? എങ്കില്‍ നിര്‍ബന്ധമായും അറിയേണ്ടത്...

By Web TeamFirst Published Jan 3, 2019, 5:46 PM IST
Highlights

ജോലി ചെയ്യുന്നവരാണെങ്കില്‍ പലപ്പോഴും അവര്‍ ഒറ്റയ്ക്ക് താമസിക്കാറുണ്ട്. വിവാഹിതരല്ലാത്തരുടെ കാര്യത്തിലാണ് ഈ സാധ്യത ഏറെയും ഉള്ളത്. പലപ്പോഴും ജോലിയുടെ സ്വഭാവമനുസരിച്ചായിരിക്കും നമ്മള്‍ താമസസൗകര്യവും കണ്ടെത്തുക. എന്നാല്‍ ഒറ്റയ്ക്കുള്ള ഈ വാസത്തിന് ഒരു പ്രശ്‌നമുണ്ട്...

നമ്മളോരോരുത്തരും മാതാപിതാക്കളും, മിക്കവാറും സഹോദരങ്ങളും ഒക്കയെുള്ള കുടുംബസാഹചര്യങ്ങളില്‍ നിന്നായിരിക്കും വരുന്നത്. പിന്നീട് പഠനാവശ്യങ്ങള്‍ക്കോ ജോലിക്കോ വേണ്ടി വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാകാം. വിദ്യാര്‍ത്ഥികളാണെങ്കില്‍ മിക്കവാറും ഹോസ്റ്റലുകളിലോ ഒരുമിച്ച് സുഹൃത്തുക്കള്‍ക്കൊപ്പമോ ആയിരിക്കും താമസം. 

എന്നാല്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ പലപ്പോഴും അവര്‍ ഒറ്റയ്ക്ക് താമസിക്കാറുണ്ട്. വിവാഹിതരല്ലാത്തരുടെ കാര്യത്തിലാണ് ഈ സാധ്യത ഏറെയും ഉള്ളത്. പലപ്പോഴും ജോലിയുടെ സ്വഭാവമനുസരിച്ചായിരിക്കും നമ്മള്‍ താമസസൗകര്യവും കണ്ടെത്തുക. എന്നാല്‍ ഒറ്റയ്ക്കുള്ള ഈ വാസത്തിന് ഒരു പ്രശ്‌നമുണ്ട്... 

ഒറ്റയ്ക്കാകുമ്പോഴുള്ള അപകടം...

മനുഷ്യര്‍ അടിസ്ഥാനപരമായി സാമൂഹ്യജീവികളാണെന്ന് കേട്ടിട്ടില്ലേ? അതുതന്നെയാണ് വസ്തുത. എത്രമാത്രം ഈ സാമൂഹ്യജീവിതത്തില്‍ നിങ്ങള്‍ അകലുന്നുവോ അത്രയും കരുതല്‍ നിങ്ങള്‍ സ്വയം പുലര്‍ത്തേണ്ടിവരും. അതായത് ഒറ്റയ്ക്ക് എല്ലാവരില്‍ നിന്നും മാറി ജീവിക്കുമ്പോള്‍ നിങ്ങള്‍ എളുപ്പത്തില്‍ വിഷാദരോഗത്തിന്റെ പിടിയിലമരാന്‍ സാധ്യതകളേറെയായിരിക്കും. 

നിത്യജീവിതത്തില്‍ നിന്ന് നേരിടുന്ന ചെറിയ സമ്മര്‍ദ്ദങ്ങള്‍ പോലും അതിജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വന്നേക്കാം. ഇത് ക്രമേണ വിഷാദരോഗത്തിലെത്തിച്ചേക്കാം. അതേസമയം താന്‍ വിഷാദരോഗത്തിന് അടിമയായി എന്ന സത്യം സ്വയം തിരിച്ചറിയാതെ പോകുന്ന അപകടകരമായ അവസ്ഥയും ഇതോടൊപ്പം ഉണ്ടായേക്കാം. 

ഒറ്റയ്ക്കാകുമ്പോള്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ ഏറെ സമയം ലഭിക്കും. എന്നാല്‍ ഇത് 'പൊസിറ്റീവ്' ആയി ഉപയോഗിക്കാതെ ധാരാളം വിഷയങ്ങള്‍ ചിന്തിച്ച് കൂടുതല്‍ 'സ്‌ട്രെസ്' സമ്പാദിക്കാനും ഇടയാക്കും. വിഷാദത്തോടൊപ്പം 'സ്‌ട്രെസ്' കൂടി ചേര്‍ന്നാല്‍ അത് ഇരട്ടിവിഷമാകും. ക്രമേണ ശരീരത്തെയും ഇത് ബാധിക്കും. 

ദഹനവ്യവസ്ഥയെ ബാധിക്കുന്നതോടെ ഭക്ഷണക്രമം തെറ്റുന്നു. ഇത് ജീവിതശൈലീരോഗങ്ങള്‍ക്കും അമിതവണ്ണത്തിനും കാരണമാകുന്നു. ഇത് കൂടാതെ തലവേദന, സമ്മര്‍ദ്ദങ്ങള്‍ മൂലമുണ്ടാകുന്ന അമിത ചിന്തകള്‍ ഉണ്ടാക്കുന്ന ക്ഷീണം, ഉറക്കമില്ലായ്മ- അങ്ങനെ പോകുന്നു ആരോഗ്യപ്രശ്‌നങ്ങള്‍. 

ഒറ്റയ്ക്കാകുമ്പോള്‍ ഭക്ഷണകാര്യത്തിലെ അശ്രദ്ധയും കൂടുതലാകാനേ സാധ്യതയുള്ളൂ.ഇതും ശരീരത്തെ പ്രതികൂലമായി തന്നെ ബാധിക്കാം. മുമ്പേ വിഷാദത്തിനുള്ള സാധ്യതകള്‍ ഉള്ളില്‍ കെട്ടിക്കിടന്നവരാണെങ്കില്‍ തീര്‍ച്ചയായും ഒറ്റയ്ക്കുള്ള ജീവിതം നിങ്ങളെ കടുത്ത വിഷാദരോഗിയാക്കിയേക്കും. ഇത്തരക്കാര്‍ക്ക് ഇത് മറികടക്കാനുള്ളമാര്‍ഗങ്ങളും ശുഷ്‌കമായിരിക്കും. 

പേടിക്കേണ്ട, വഴിയുണ്ട് മറികടക്കാന്‍...

ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാനും വഴികളുണ്ട്. ആദ്യം ചെയ്യേണ്ടത് ജീവിതത്തിലെ എല്ലാ വിഷങ്ങളോടും നമ്മള്‍ പുലര്‍ത്തുന്ന സമീപനത്തെ പരിശോധിക്കുകയെന്നതാണ്. പ്രശസ്ത ലൈഫ് സ്റ്റൈല്‍ കോച്ച് ലൂക്ക് കുടീഞ്ഞ്യോ പറയുന്നത്, ചെറിയ കാര്യങ്ങള്‍ വരെ ഗൗരവമായി എടുക്കുന്ന സ്വഭാവമുണ്ടെങ്കില്‍ അതൊന്ന് മാറ്റിപ്പിടിച്ചാല്‍ തന്നെ സ്‌ട്രെസ് ഒഴിവാക്കാമെന്നാണ്. 

അങ്ങനെ സ്വല്‍പം ശുഭാപ്തി വിശ്വാസം സ്വയം വച്ചുപുലര്‍ത്താം. ഇതോടൊപ്പം ഒറ്റയ്ക്കാകുന്ന സമയത്തെ ഫലപ്രദമായി ഉപയോഗിക്കാം. നല്ല ഭക്ഷണം തയ്യാറാക്കാം, വായിക്കാം, സിനിമ കാണാം, വ്യായാമം ചെയ്യാം, യോഗ ചെയ്യാം- അങ്ങനെയെല്ലാം. 

എന്നാല്‍ എല്ലായ്‌പോഴും വീട്ടിനകത്ത് തന്നെ ഒറ്റയ്ക്ക് ചടഞ്ഞുകൂടരുത്. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാനും, അല്‍പസമയം പുറത്ത് ചിലവിടാനും ശ്രമിക്കുക. സംഗീത സദസ്സുകള്‍, ചെറിയ ചര്‍ച്ചകള്‍, നടത്തം, കറക്കം - ഇതെല്ലാം പരിഹാരമായി കാണാവുന്നതാണ്. ലഹരിയില്‍ പരിഹാരം കണ്ടെത്തുന്നത് മാത്രം ശരീരത്തിന് ഹാനികരമാണെന്ന് ഓര്‍ക്കുക. 

മോശമായ ചിന്തകള്‍ വന്നുമൂടുമ്പോള്‍ അതില്‍ നിന്ന് ഉണര്‍ത്താന്‍ ചുറ്റും ആരുമില്ലെന്ന് സ്വയം ബോധ്യമുണ്ടാകലാണ് പ്രധാനം. അനാഥത്വത്തിന് പകരം ഒറ്റയ്ക്കുള്ള ജീവിതത്തെ മനോഹരമായ ഏകാന്തതയോട് സാമ്യപ്പെടുത്തുന്നതും നല്ലതു തന്നെ. മോശം ചിന്തകളില്‍ നിന്നെല്ലാം പറിച്ചെടുത്ത് സ്വയം സജീവമാക്കാന്‍ നമുക്ക് കഴിയണം. അതിന് സഹായകമാകുന്ന ഘടകങ്ങളെ തിരഞ്ഞുപിടിച്ച് നമ്മളോട് ചേര്‍ത്തുനിര്‍ത്തുകയും ആവാം.
 

click me!