പന്ത്രണ്ട് വയസ്സുകാരന്റെ ശരീരത്തില്‍ കുടുങ്ങി ഇരുപത്തിയഞ്ചുകാരന്‍; അപൂര്‍വ്വ രോഗത്തിന്റെ കഥ

By Web TeamFirst Published Aug 14, 2018, 11:46 PM IST
Highlights

ഏഴാം വയസ്സിലാണ് തോമസ് നദോസ്കിയില്‍ രോഗത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടത്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ നീണ്ട കാലത്തെ പരിശോധന ആവശ്യമായി വന്നു

വാഴ്‌സ: പ്രായത്തിനനുസരിച്ച് ശരീരത്തിലും സ്വഭാവത്തിനുമെല്ലാം മാറ്റങ്ങളുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഈ മാറ്റങ്ങള്‍ ശരീരത്തിനും മനസ്സിലും രണ്ട് രീതിയിലാണ് സംഭവിക്കുന്നതെങ്കിലോ! അത്തരത്തിലൊരു അവസ്ഥയിലൂടെയാണ് പോളണ്ടുകാരനായ തോമസ് നദോസ്‌കി കടന്നുപോകുന്നത്. 

25കാരനായ നദോസ്‌കിക്ക് 12കാരന്റെ ശരീരമാണുള്ളത്. കാഴ്ചയില്‍ ചെറിയ ആണ്‍കുട്ടിയെന്ന് തോന്നിക്കുന്നതോടെ നദോസ്‌കിയോട് ആളുകള്‍ ഇടപെടുന്നതും അത്തരത്തിലായി. അപരിചിതരാണെങ്കില്‍ തീര്‍ച്ചയായും ഒരു കുഞ്ഞിനോടെന്ന പോലെയാണ് തന്നോട് പെരുമാറാറെന്ന് നദോസ്‌കി തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇത് തനിക്ക് ഏറെ മനോവിഷമമാണ് ഉണ്ടാക്കുന്നതെന്നും ഈ യുവാവ് പറയുന്നു. 

'കണ്ണാടിയിലേക്ക് നോക്കാന്‍ പോലും എനിക്ക് വെറുപ്പാണ്. എന്റെ പ്രായത്തിന് ചേരാത്ത ഈ രൂപത്തെ ഞാന്‍ പോലും ഉള്‍ക്കൊള്ളുന്നില്ല. പലയിടങ്ങളിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് യഥാര്‍ത്ഥ പ്രായം അറിയിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ആളുകള്‍ തുറിച്ചുനോക്കുന്നതും അസഹനീയമാണ്'- നദോസ്‌കി പറയുന്നു. 

ഫാബ്രി എന്ന അപൂര്‍വ്വരോഗമാണ് നദോസ്‌കിയുടെ ജീവിതം അട്ടിമറിച്ചത്. ജന്മനാ രോഗമുണ്ടായിരുന്നുവെങ്കിലും ഏഴാം വയസ്സിലാണ് നദോസ്‌കിയില്‍ ഇതിന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. എന്ത് ഭക്ഷണം കഴിച്ചാലും ഉടന്‍ ഛര്‍ദ്ദിക്കുന്നതായിരുന്നു ആദ്യ ലക്ഷണം. പിന്നീട് ശക്തമായ വയറുവേദനയും, കൈ-കാല്‍ വേദനയും തുടങ്ങി. 

ആദ്യമൊന്നും ഡോക്ടര്‍മാര്‍ക്ക് രോഗമെന്തെന്ന് തന്നെ സ്ഥിരീകരിക്കാനായില്ല. വിദഗ്ധമായ നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് രോഗം കണ്ടെത്താനായത്. താല്‍ക്കാലികമായി ചില ചികിത്സകള്‍ നടത്തുന്നുണ്ടെങ്കിലും വിദഗ്ധ ചികിത്സയിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. എന്നാല്‍ ഇതിനുള്ള പണം കണ്ടെത്താന്‍ നിര്‍ധനനായ നദോസ്‌കിക്ക് കഴിഞ്ഞിരുന്നില്ല.  വാര്‍ത്തകളില്‍ ഇടം കിട്ടിയതോടെ പലരും സഹായവുമായി ഈ യുവാവിനെ സമീപിക്കുന്നുണ്ട്. നിലവില്‍ വേദനസംഹാരികള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളും, ഡ്രിപ്പും ഉപയോഗിച്ചാണ് നദോസ്‌കി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
 

click me!