
കോഴിക്കോട്: മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നു. ഇത്തരം ഗുളികകള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം. ആദ്യം കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.
മാനസിക രോഗങ്ങള്‍ക്ക് അടക്കമുള്ള ഗുളികകള്‍ മയക്കുമരുന്നിന്റെ അംശമുള്ളവയാണ്. ഇത്തരം മരുന്നുകള്‍ വാങ്ങണമെങ്കില്‍ ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമാണ്. എന്നാല്‍ ഒരേ കുറിപ്പ് ഉപയോഗിച്ച് പല മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇത്തരം മരുന്നുകള്‍ വാങ്ങുകയും മയക്കുമരുന്നായി ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പുതിയ നടപടി. ഇനി മുതല്‍ ഇത്തരം മരുന്നുകളുടെ കുറിപ്പടികള്‍ പിങ്ക് നിറത്തിലുള്ള കടലാസിലായിരിക്കും ഡോക്ടര്‍മാര്‍ എഴുതി നല്‍കുക. മയക്കുമരുന്ന് അംശമുള്ള മരുന്നുകള്‍ എല്ലാ മെഡിക്കല്‍ ഷോപ്പിലും വില്‍ക്കാന്‍ അനുവദിക്കില്ല. ഓരോ പ്രദേശത്തും തെരഞ്ഞെടുത്ത മെഡിക്കല്‍ ഷോപ്പുകളില്‍ മാത്രമായിരിക്കും ഇത്തരം മരുന്നുകള്‍ ലഭിക്കുക. കോഴിക്കോട് ബീച്ച് ആശുപത്രിയിലും പരിസരങ്ങളിലും ഈ സംവിധാനം ഈ മാസം തന്നെ തുടങ്ങും. പിന്നീട് സംസ്ഥാനമൊട്ടാകെ ഇത് വ്യാപിപ്പിക്കാനാണ് പദ്ധതി. ഇതോടൊപ്പം മെഡിക്കല്‍ ഷോപ്പുകളില്‍ കര്‍ശന പരിശോധനകള്‍ നടത്താനാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam