ഉയരം കുറഞ്ഞവരെ കുറിച്ചൊരു 'ജീവന്‍-മരണ' പഠനം...

Published : Dec 25, 2018, 06:42 PM IST
ഉയരം കുറഞ്ഞവരെ കുറിച്ചൊരു 'ജീവന്‍-മരണ' പഠനം...

Synopsis

ഐസിയുവിനകത്ത് വച്ച് രോഗിക്ക് നല്‍കുന്ന വലിയ ഡോസുള്ള മരുന്നുകള്‍, ജീവന്‍ രക്ഷപ്പെടുത്താന്‍ രോഗിയുടെ ദേഹത്ത് ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍- ഇവയെല്ലാം പ്രധാനമത്രേ. ശ്വസനസഹായിയായി ഘടിപ്പിക്കുന്ന ട്യൂബിന്റെ വലിപ്പത്തില്‍ വരുന്ന വ്യത്യാസം പോലും രോഗിയെ ബാധിക്കുമെന്ന് ഇവര്‍ പറയുന്നു

ഉയരം, കാഴ്ചയ്ക്കപ്പുറം ശരീരത്തെ ബാധിക്കുന്ന ഒരു വലിയ പ്രശ്‌നമല്ലെന്നാണ് പൊതുവേ നമുക്കുള്ള അറിവും അഭിപ്രായവും. സാമൂഹികമായ പ്രശ്‌നം മാത്രമേ സാധാരണഗതിയില്‍ ഉയരക്കുറവുള്ളവര്‍ അനുഭവിക്കാറുള്ളൂ. ഒരു കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഉയരക്കുറവ് കൊണ്ട് പെട്ടെന്ന് തിരിച്ചറിയപ്പെടുക, കൂട്ടുകാര്‍ക്കിടയില്‍ പരിഹസിക്കപ്പെടുക... അങ്ങനെയെല്ലാം. 

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഉയരവും ശരീരവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനം നടത്തിയിരിക്കുകയാണ് ലണ്ടനില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍. ശരീരത്തിന്റെ വലിപ്പവും ഉയരവും ഒരു വ്യക്തിയെ അയാളുടെ രോഗാവസ്ഥയില്‍ ബാധിക്കുമോ എന്നതായിരുന്നു ഇവര്‍ അന്വേഷിച്ചത്. 

ഇതിനായി ലണ്ടനിലെ വിവിധ ആശുപത്രികളിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ കഴിഞ്ഞ 4 ലക്ഷം രോഗികളുടെ ചരിത്രം സംഘം പരിശോധിച്ചു. ഉയരം കുറഞ്ഞ രോഗികളെ സംബന്ധിച്ചിടത്തോളം, അവര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ വച്ച് മരിക്കാനുള്ള സാധ്യത ഉയരം കൂടുതലുള്ളവരെക്കാള്‍ കൂടുതലാണത്രേ. ഇത് വെറുതെയല്ല, ധാരാളം ഘടകങ്ങള്‍ ഇതിന് പിറകിലുണ്ടെന്നാണ് ഗവേഷകസംഘം അവകാശപ്പെടുന്നത്. 

ഐസിയുവിനകത്ത് വച്ച് രോഗിക്ക് നല്‍കുന്ന വലിയ ഡോസുള്ള മരുന്നുകള്‍, ജീവന്‍ രക്ഷപ്പെടുത്താന്‍ രോഗിയുടെ ദേഹത്ത് ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍- ഇവയെല്ലാം പ്രധാനമത്രേ. ശ്വസനസഹായിയായി ഘടിപ്പിക്കുന്ന ട്യൂബിന്റെ വലിപ്പത്തില്‍ വരുന്ന വ്യത്യാസം പോലും രോഗിയെ ബാധിക്കുമെന്ന് ഇവര്‍ പറയുന്നു. ഉയരം കുറഞ്ഞവരിലാണെങ്കില്‍ ഇത് അവരുടെ വോക്കല്‍ കോര്‍ഡിനെ അപകടത്തിലാക്കുമത്രേ.

ഉയരമുള്ളവരാണെങ്കില്‍ അഞ്ചില്‍ ഒരാള്‍ മാത്രമാണ് ഐസിയുവിനകത്ത് വച്ച് മരിക്കാന്‍ സാധ്യതയെങ്കില്‍ ഉയരം കുറഞ്ഞവരാണെങ്കില്‍ അഞ്ചില്‍ മൂന്ന് പേര്‍ക്കും ഈ സാധ്യതയുണ്ടായിരിക്കുമെന്ന് പഠനം കണ്ടെത്തി. പുരുഷന്മാരിലും സ്ത്രീകളിലുമെല്ലാം ഈ ഉയരപ്രശ്‌നം ഒരുപോലെയുണ്ടായിരിക്കുമെന്നാണ് ഇവര്‍ പറയുന്നത്. 

'ജേണല്‍ ഇന്റന്‍സീവ് കെയര്‍ മെഡിസിന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. തങ്ങളുടെ പഠനം പ്രധാനമായും ഡോക്ടര്‍മാരെ ഉദ്ദേശിച്ചുള്ളതാണെന്നും ഈ വിഷയത്തില്‍ കരുതല്‍ പുലര്‍ത്തേണ്ടത് ഡോക്ടര്‍മാരാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു. ഓരോ രോഗിയുടെ ആരോഗ്യാവസ്ഥയ്‌ക്കൊപ്പം തന്നെ ശാരീരികാവസ്ഥയും കൂടി കണക്കിലെടുത്ത് വേണം എന്ത് ചികിത്സയുമെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ