'ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യാത്ര ചെയ്യാന്‍ പോലും പേടിയായിരുന്നു'; 40 കിലോ തൂക്കം കുറച്ച കഥ പറഞ്ഞ് യുവാവ്...

Published : Dec 20, 2018, 03:22 PM ISTUpdated : Dec 20, 2018, 03:52 PM IST
'ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യാത്ര ചെയ്യാന്‍ പോലും പേടിയായിരുന്നു'; 40 കിലോ തൂക്കം കുറച്ച കഥ പറഞ്ഞ് യുവാവ്...

Synopsis

ശീലമായിക്കഴിഞ്ഞാല്‍ ഈ ഡയറ്റും വര്‍ക്കൗട്ടുമൊന്നും ഒരു ഭാരമേ ആകില്ലെന്നാണ് അമിത്ത് പറയുന്നത്. ആവശ്യമായത് ആത്മവിശ്വാസവും മനോധൈര്യവും മാത്രമെന്നും അമിത്ത് പറയുന്നു

ചെന്നൈ സ്വദേശിയായ അമിത്ത് ആര്‍ വി എന്ന അനലിസ്റ്റിന് ഇത് പുതിയ ജീവിതമാണ്. വണ്ണത്തിന്റെ പേരില്‍ നേരിട്ട അപമാനങ്ങളും പരിഹാസങ്ങളുമെല്ലാം ഇന്ധനമാക്കി പഴയ ജീവിതത്തില്‍ നിന്ന് അമിത്ത് ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. ഇപ്പോള്‍ മുമ്പ് കണ്ടവരൊന്നും അമിത്തിനെ തിരിച്ചറിയുന്നുപോലുമില്ല. 

നാള്‍ക്കുനാള്‍ താന്‍ വണ്ണം വയ്ക്കുകയാണെന്ന് തോന്നിയ സമയം... ഇനിയും എത്രനാള്‍ കൂടി ഈ കളിയാക്കലുകളെയെല്ലാം നേരിടുമെന്ന് പേടിച്ചുനിന്നിടത്ത് നിന്ന് അമിത്ത് ധൈര്യപൂര്‍വ്വം മുന്നേറി. എന്ത് വിഷമം സഹിച്ചും വണ്ണം കുറയ്ക്കണമെന്ന് തീരുമാനിച്ചു. ആ തിരുമാനമെടുക്കല്‍ തന്നെയായിരുന്നു വലിയ വഴിത്തിരിവെന്ന് അമിത്ത് പറയുന്നു. 

പിന്നീട് രണ്ടരക്കൊല്ലക്കാലം മറ്റൊന്നിനെ കുറിച്ചും ചിന്തിച്ചില്ല. ചിട്ടയായ ഭക്ഷണം. അതിന് ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ തേടി. കൂടെ കൃത്യമായ വ്യായാമവും. ഒന്നിനും ഒരു മുടക്കവും വരുത്തിയില്ല. അങ്ങനെ അമിത്ത്, 136 കിലോയില്‍ നിന്ന് പുഷ്പം പോലെ 40 കിലോ അങ്ങ് കുറച്ചു. പണ്ട് കണ്ട ആളേ അല്ലല്ലോ എന്ന് പരിചയക്കാരെ കൊണ്ടൊക്കെ പറയിച്ചു. ഇപ്പോള്‍ തന്നെപ്പറ്റി തന്നെ ഓര്‍ക്കുമ്പോള്‍ ഈ ഇരുപത്തിയേഴുകാരന് അഭിമാനമാണ്. 

തീരുമാനമെടുക്കല്‍ എന്ന കടമ്പ...

അമിതവണ്ണമുള്ളവരെ സംബന്ധിച്ചിടത്തോളം നിത്യജീവിതത്തില്‍ ശരീരത്തെച്ചൊല്ലിയുള്ള കുത്തുവാക്കുകള്‍ കേട്ട് ഒരു തരം മരവിപ്പ് ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് ക്രമേണ എല്ല തരത്തിലുള്ള പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കാം. ഒരു കാര്യം തീരുമാനിച്ച്, അതിലേക്കിറങ്ങാനുള്ള ധൈര്യം പോലുമില്ലാത്ത വിധം തളര്‍ത്താനിടയായേക്കാം. ഈ പ്രതിസന്ധി തന്നെയാണ് ആദ്യം മറികടക്കേണ്ടത്. 

'എനിക്കാണെങ്കില്‍ കണ്ണാടിയില്‍ എന്നെത്തന്നെ കാണുമ്പോള്‍ തിരിച്ചറിയാന്‍ പറ്റാതായിത്തുടങ്ങിയിരുന്നു. ശാരീരിക വിഷമതകള്‍ വെറെയും. ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യാത്ര ചെയ്യാന്‍ പോലും പേടിയായിരുന്നു. മറ്റുള്ളവരാണെങ്കില്‍ നീയിനി എല്ലാക്കാലവും ഇതുപോലെ തന്നെയായിരിക്കും എന്ന് ഉറപ്പിച്ച മട്ടിലായിരുന്നു എന്നോട് പെരുമാറിയിരുന്നത്. അതോടെ ഞാന്‍ മനസ്സിലുറപ്പിച്ചു..'- അമിത്ത് പറയുന്നു. 

അമിത്തിന്റെ ഡയറ്റ്...

രാവിലെ മൂന്ന് മുട്ട മുഴുവനായും, രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ഗോതമ്പ് ബ്രഡും ഒരു ആപ്പിളും കഴിക്കും. ഉച്ചയ്ക്ക് രണ്ട് മുട്ട, അല്‍പം പച്ചക്കറികള്‍ കൂടെ ചോറോ ചപ്പാത്തിയോ കഴിക്കും. വൈകീട്ട് എന്തെങ്കിലും ഒരു ഫ്രൂട്ട്, 10 ബദാം, ഒരു കഷ്ണം ഡാര്‍ക്ക് ചോക്ലേറ്റ്. രാത്രിയില്‍, ഒരു പാത്രം സലാഡ്, രണ്ട് മുട്ട, മൂന്ന് ചപ്പാത്തി. 

അത്താഴം ഏതാണ്ട് ഏഴ് മണിയോടെ കഴിക്കും. വൈകി കഴിക്കുകയേ ഇല്ല. ഇടയ്ക്ക് ഈ ഡയറ്റിന് ഒഴിവുദിവസം നല്‍കും. അന്ന് തോന്നുന്നതെല്ലാം കഴിക്കും. ചൈനീസ് ഭക്ഷണമോ, ഗ്രില്‍ഡ് സാന്‍ഡ് വിച്ചോ പാനിപൂരിയോ അങ്ങനെയെന്തുമാകാം. 

വര്‍ക്കൗട്ടുകളെ കുറിച്ച്...

ഭക്ഷണം പോലെ തന്നെ പ്രധാനമാണ് വര്‍ക്കൗട്ടുമെന്ന് അമിത്ത് പറയുന്നു. ആഴ്ചയില്‍ 6 ദിവസവും അമിത്ത് വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. ഒരു ദിവസം മാത്രമേ ഇതിന് ഒഴിവ് നല്‍കിയിട്ടുള്ളൂ. ഫിസിക്കല്‍ ട്രെയിനറുടെ കീഴില്‍ വളരെ ശാസ്ത്രീയമായാണ് വര്‍ക്കൗട്ട് ചെയ്യുന്നത്. 

ശീലമായിക്കഴിഞ്ഞാല്‍ ഈ ഡയറ്റും വര്‍ക്കൗട്ടുമൊന്നും ഒരു ഭാരമേ ആകില്ലെന്നാണ് അമിത്ത് പറയുന്നത്. ആവശ്യമായത് ആത്മവിശ്വാസവും മനോധൈര്യവും മാത്രമെന്നും അമിത്ത് പറയുന്നു.

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ