പഞ്ചസാര അങ്ങനെ മുഴുവനായി വെട്ടിക്കുറയ്‌ക്കേണ്ടതുണ്ടോ?

By Web TeamFirst Published Feb 5, 2019, 10:26 PM IST
Highlights

ആളുകളുടെ മരണത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ മധുരത്തിന്റെ ഉപയോഗം കാരണമാകുമോ എന്നതായിരുന്നു ഇവരുടെ പഠനവിഷയം. ആളുകളിലെ മധുരത്തിന്റെ ഉപയോഗം, അതിന്റെ അളവ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിഗമനങ്ങളിലേക്കെത്തിയത്

പ്രമേഹരോഗികളോട് മധുരം ഉപയോഗിക്കരുതെന്നും നിയന്ത്രിക്കണമെന്നും ഡോക്ടര്‍മാര്‍ പറയാറുണ്ട്. എന്നാല്‍ പലപ്പോഴും പ്രമേഹം പോലുള്ള അസുഖങ്ങള്‍ ഇല്ലാത്തവരും മധുരത്തിന്റെ ഉപയോഗം വെട്ടിച്ചുരുക്കാറുണ്ട്. ആരോഗ്യത്തെ പറ്റി ജാഗ്രതയുള്ളവരാണെങ്കില്‍ ചായയില്‍ നിന്ന് പോലും മധുരം പൂര്‍ണ്ണമായും അങ്ങ് ഒഴിവാക്കും. 

ഇങ്ങനെ നിത്യജീവിതത്തില്‍ നിന്ന് മധുരം പരിപൂര്‍ണ്ണമായി ഒഴിവാക്കേണ്ടതുണ്ടോ? ഈ വിഷയത്തില്‍ ഒരു പുതിയ പഠനറിപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡനില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. 'ലുന്ദ് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഈ ഗവേഷകരുടെ പഠനത്തിന്റെ നിഗമനങ്ങളും കണ്ടെത്തലുകളും ഏറെ രസകരമാണ്. 

ആളുകളുടെ മരണത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ മധുരത്തിന്റെ ഉപയോഗം കാരണമാകുമോ എന്നതായിരുന്നു ഇവരുടെ പഠനവിഷയം. ആളുകളിലെ മധുരത്തിന്റെ ഉപയോഗം, അതിന്റെ അളവ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിഗമനങ്ങളിലേക്കെത്തിയത്. 

മധുരം അങ്ങനെ പരിപൂര്‍ണ്ണമായി വെട്ടിച്ചുരുക്കേണ്ടതില്ല എന്ന കണ്ടെത്തലിലേക്കാണ് ഇവര്‍ ഒടുക്കം എത്തിയത്. പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് മധുരം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധിക്കുമ്പോഴാണ് ഇവര്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വാദിക്കുന്നത്. അതേസമയം ഒരു അളവിലധികം ഉപയോഗിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ തന്നെ കൃത്രിമ മധുരങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ഇതില്‍ പെടുത്താനാകില്ലെന്നും ഇവര്‍ പറയുന്നു. 

കഴിക്കുന്ന മധുരത്തില്‍ നിന്ന് 20 ശതമാനം കലോറി വരെ എടുക്കുന്ന ഒരാള്‍ക്ക് 30 ശതമാനം അക്കാരണത്താല്‍ മരണസാധ്യത നിലനില്‍ക്കുന്നുവത്രേ. അതേസമയം അഞ്ച് ശതമാനത്തില്‍ താഴെ കലോറി മാത്രം കഴിക്കുന്ന മധുരത്തില്‍ നിന്നുണ്ടാക്കുന്നയാള്‍ക്കും മരണസാധ്യത കൂടുതലാണ്. അതായത് മിതമായ നിരക്കില്‍ 'നല്ല' മധുരം ഉപയോഗിക്കുന്നതാണ് ആരോഗ്യകരമെന്നാണ് സ്വീഡിഷ് സംഘത്തിന്റെ വാദം.
 

click me!