സെക്‌സില്‍ 'റിട്ടയര്‍മെന്റ്' ഉണ്ടോ? പ്രായത്തെ പറ്റി പറയാനുള്ളത്...

By Web TeamFirst Published Dec 18, 2018, 10:54 PM IST
Highlights

സെക്‌സില്‍ നിന്ന് സ്വയം വിരമിക്കുന്നതോടെ 'പ്രായമായി' എന്ന തോന്നല്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്യുക. സ്ത്രീകളിലാണ് ഇത്തരം പ്രവണതകള്‍ കൂടുതലായി കാണപ്പെടാറ്
 

യൗവ്വനത്തിലും മദ്ധ്യവയസ്സിലുമെല്ലാം സജീവമായി ലൈംഗികജീവിതം നയിച്ചിരുന്നവര്‍ പ്രായം അറുപത് കടക്കുന്നതോടെ പതുക്കെ ആ അധ്യായം അടച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന പ്രവണതയാണ് പൊതുവേ നമ്മുടെ സമൂഹത്തിലുള്ളത്. ഇത് ഏറെക്കുറേ സാമൂഹികമായ ഒരു അരക്ഷിതത്വത്തിന്റെ കൂടി ഭാഗമാണ്. പ്രായമായവര്‍ ചെയ്യേണ്ടതല്ല 'സെക്‌സ്' എന്ന കാഴ്ചപ്പാടാണ് ഇവരില്‍ ഇത്തരം സമ്മര്‍ദ്ദമേല്‍പിക്കുന്നത്. 

പലപ്പോഴും അറുപത് പോലും തികയും മുമ്പ് തന്നെ ലൈംഗികജീവിതത്തില്‍ നിന്ന് നടന്നകന്ന് കഴിഞ്ഞിരിക്കും. സെക്‌സില്‍ നിന്ന് ഈ രീതിയില്‍ സ്വയം വിരമിക്കുന്നതോടെ 'പ്രായമായി' എന്ന തോന്നല്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്യുക. സ്ത്രീകളിലാണ് ഇത്തരം പ്രവണതകള്‍ കൂടുതലായി കാണപ്പെടാറ്. കുടുംബത്തിലെ മറ്റ് ബാധ്യതകള്‍ക്കായി തന്നെത്തന്നെ മാറ്റി വയ്ക്കുന്നതിനിടെ പലപ്പോഴും സ്ത്രീകള്‍ വളരെ നേരത്തേ തന്നെ ഈ 'റിട്ടയര്‍മെന്റ്' നടത്തും. സ്വാഭാവികമായും പങ്കാളിയും അതില്‍ നിന്ന് പിന്‍വാങ്ങും.

എന്നാല്‍ വാര്‍ദ്ധക്യത്തിന്റെ അവശതകളില്‍ നിന്ന് രക്ഷ നേടാന്‍ നല്ലൊരു ലൈംഗിക ജീവിതം ആവശ്യമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ലണ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് ഈ വിഷയത്തില്‍ വിശദമായ പഠനം നടത്തിയത്. ഏതാണ്ട് ഏഴായിരത്തോളം പേരുടെ 12 മാസത്തെ സ്വകാര്യജീവിതത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ സര്‍വേയിലൂടെയാണ് ഇവര്‍ നിഗമനങ്ങളിലെത്തിയത്. 

ഇതില്‍ ശാരീരികമായും മാനസികമായും മികച്ചുനിന്നവര്‍ ലൈംഗികതയ്ക്ക് മുന്‍ഗണന കൊടുത്തവരായിരുന്നുവത്രേ. ലൈംഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചുവെന്ന് രേഖപ്പെടുത്തിയവര്‍ കൂടുതല്‍ അവശരും അസുഖബാധിതരുമായിരുന്നുവെന്നും പഠനം അവകാശപ്പെടുന്നു. 

സ്ത്രീകള്‍ക്കാണെങ്കില്‍ പങ്കാളിയുമായുള്ള ആത്മബന്ധത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്നും അതിനാല്‍ തന്നെ സ്‌നേഹപൂര്‍വ്വമുള്ള തലോടലോ ചുംബനങ്ങളോ തന്നെ അവരെ തൃപ്തിപ്പെടുത്തുമെന്നും പുരുഷന്മാര്‍ക്കാണെങ്കില്‍ ലൈംഗിക ബന്ധത്തിന് തന്നെയാണ് ഏറ്റവും പ്രാധാന്യമെന്നും പഠനം കണ്ടെത്തി. ഈ രണ്ട് രീതിയിലുള്ള ഇടപെടലും 'സെക്‌സ് ലൈഫ്' ആയി കണക്കാക്കാമെന്നും ഇവര്‍ പറയുന്നു.
 

click me!