
ശരീരവണ്ണം പല സാഹചര്യങ്ങളിലും എളുപ്പത്തില്‍ കൂടാറുണ്ട്. അസുഖങ്ങളോ, മരുന്ന് കഴിക്കുന്നതോ, മാനസികമായ പ്രശ്‌നങ്ങളോ ഒക്കെ ഇതിന് കാരണമാകാറുണ്ട്. എന്നാല്‍ പ്രണയത്തില്‍ പെട്ടാല്‍ വണ്ണം കൂടുമോ? ഈ ചോദ്യമാണ് ഓസ്‌ട്രേലിയയിലെ സെന്‍ട്രല്‍ ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയെ ഒരു പഠനം തന്നെ നടത്താന്‍ പ്രേരിപ്പിച്ചത്.
15,000ത്തിലധികം പേരെയാണ് ഗവേഷക സംഘം ഇതിനായി വര്‍ഷങ്ങളോളം നിരീക്ഷിച്ചത്. ജീവിതശൈലിക്കും ഭക്ഷണത്തിനുമൊക്കെ അനുസരിച്ച് ആളുകളെ തരം തിരിച്ചായിരുന്നു പഠനം. അത് പോലെ തന്നെ സ്ത്രീകളേയും പുരുഷന്മാരേയും പ്രത്യേകമാണ് നിരീക്ഷിച്ചത്.
ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രണയത്തില്‍ പെട്ടാല്‍ ശരീരവണ്ണം എളുപ്പത്തില്‍ വര്‍ധിക്കാന്‍ തന്നെയാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പിന്നില്‍ പല കാരണങ്ങളുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ആരെയും ആകര്‍ഷിക്കേണ്ടതില്ല എന്ന തോന്നല്‍...
പ്രണയത്തിലായിക്കഴിഞ്ഞാല്‍ ഒരാളുടെ മാത്രം ആകര്‍ഷണത്തില്‍ ഒതുങ്ങിപ്പോവുകയും മറ്റുള്ളവര്‍ നോക്കുന്നുണ്ടോയെന്ന ചിന്ത ഇല്ലാതാവുകയും ചെയ്യുന്നതാണ് ഒരു കാരണമെന്ന് ഗവേഷകര്‍ പറയുന്നു. ആരുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റാനില്ലാത്തത് കൊണ്ട് ശരീരത്തെ പറ്റി വലിയ ബോധമില്ലാതാവുകയും ഇത് വണ്ണം കൂടുന്നതിലേക്ക് വഴിവയ്ക്കുയും ചെയ്യുന്നു.
കൂടുതല്‍ സമയവും ചിന്തിച്ച് കഴിയുന്നു...
പ്രണയത്തില്‍ പെട്ടാല്‍ കൂടുതല്‍ സമയവും അതിന് വേണ്ടി ചെലവഴിക്കുകയും വ്യായാമം പോലുള്ള ശീലങ്ങളുടെ താളം തെറ്റുകയും ചെയ്യുന്നു. ഇതും വണ്ണം കൂടാന്‍ കാരണമാകുന്നു.
പങ്കാളിയുടെ ശീലങ്ങള്‍ പകരുന്നു...
പങ്കാളിയുടെ അനാരോഗ്യകരമായ ശീലങ്ങള്‍ ബാധിക്കുന്നതിലൂടെയും വണ്ണം കൂടാനുള്ള സാധ്യതയുണ്ടാകുന്നു. ഉദാഹരണത്തിന് തടി കൂടുതലുള്ളവരാണെങ്കില്‍ ഭക്ഷണം, വിശ്രമം തുടങ്ങിയ ശീലങ്ങള്‍ പങ്കാളിയിലും പകര്‍ത്തുന്നു
ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍...
പ്രണയത്തിലാകുമ്പോള്‍ ശരീരത്തില്‍ കാര്യമായ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഓക്‌സിടോസിന്‍, ഡോപ്പമേന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ കൂടുന്നതോടെ കൂടുതല്‍ ഭക്ഷണം ആവശ്യമായി വരുന്നതും തടി കൂടാന്‍ കാരണമാകുന്നു.