ആര്‍ത്തവത്തെക്കുറിച്ച് തള്ളിക്കളയേണ്ട 5 അന്ധവിശ്വാസങ്ങളും കുപ്രചരണങ്ങളും

By Web DeskFirst Published Aug 29, 2017, 11:36 AM IST
Highlights

പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. എന്നാല്‍ ഇതിനെ ഒരു സ്വഭാവിക പ്രക്രിയയായി ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയാറില്ലെന്നതാണ് വാസ്തവം. പല അന്ധവിശ്വാസങ്ങളും ഇന്നും ആര്‍ത്തവത്തെ സംബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ഇന്നും ഒരു കൈ അകലെയാണ് ആരാധനാലയങ്ങള്‍ നിര്‍ത്താറുള്ളത്. തീണ്ടാരികള്‍ക്കായി വീട്ടിലെ ഒരു മുറി ഒഴിച്ചിടുന്നതും ചിലയിടങ്ങളില്‍ തുടര്‍ന്ന് പോകുന്നു. ആര്‍ത്തദിവസങ്ങളില്‍ പെണ്ണ് ചെയ്യരുതെന്ന് പറയുന്ന പല കാര്യങ്ങളുമുണ്ട്. എന്നാല്‍ പലതും വെറും അന്ധവിശ്വാസങ്ങള്‍ മാത്രമാണ്. ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീക്ക് വേണ്ടത് വിശ്രമവും, നല്ല ഭക്ഷണവും ആണ്. എന്നാല്‍ പല അന്ധവിശ്വാസത്തിന്റെയും പേരില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവദിനങ്ങള്‍ നരകതുല്ല്യമാണ്. ആര്‍ത്തവ ദിനങ്ങളില്‍ ചെയ്യരുതെന്ന് പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവയുടെ യാഥാര്‍ത്ഥ്യം ഇതാണ്.

1, തല നനയ്ക്കരുത്...

ആര്‍ത്തവ ദിനങ്ങളില്‍ വ്യക്തിശുചിത്വം വളരെ പ്രാധാന്യപ്പെട്ടതാണ്. പല വിശ്വാസങ്ങളിലും ആര്‍ത്തവത്തിന്റെ ആദ്യ നാല് ദിവസങ്ങളില്‍ തല കുളിക്കാന്‍ സമ്മതിക്കാറില്ല. ആര്‍ത്തവത്തിന്റെ ആദ്യ ദിവസങ്ങളില്‍ തല കുളിച്ചാല്‍ മുടി കൊഴിച്ചില്‍ കൂടുമെന്നാണ് പറയാറുള്ളത്. എന്നാല്‍ ഈ വാദത്തിന് പിന്നില്‍ യാതൊരു യുക്തിയുമില്ല.

2, ഭക്ഷണം തൊടരുത്...

പല സംസ്കാരങ്ങളിലും ആര്‍ത്തവ ദിവസങ്ങളില്‍ ഭക്ഷണം പാകം ചെയ്യാന്‍ അനുവദിക്കാറില്ല. മറ്റ് ദിവസങ്ങളില്‍ ആഹാരം പാകം ചെയ്യുന്നത് പോലെ ആര്‍ത്തവ ദിനങ്ങളിലും ഭക്ഷണം പാകം ചെയ്യാം.

3, ചൂട് വെള്ളത്തില്‍ കുളിക്കരുത്...

ഈ ദിനങ്ങളില്‍ ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചൂടുവെള്ളത്തിലെ കുളി രക്തത്തിന്‍റെ ഒഴുക്ക് വര്‍ധിപ്പിക്കുകയും ആര്‍ത്തവ രക്തം കൃത്യമായി പുറന്തള്ളാനും ഇത് സഹായിക്കും.

4, ലൈംഗികബന്ധം അരുത്

ലൈംഗിക രോഗങ്ങള്‍ ഒഴിവാക്കാന്‍ ശുചിത്വം പാലിക്കുകയും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയും ചെയ്ത് ഈ ദിനങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. ആര്‍ത്തവ ദിവസങ്ങളിലെ മാനസിക പിരിമുറക്കം കുറയ്ക്കാന്‍ ഇതുപകരിക്കും

5, തുളസി, വേപ്പ് എന്നിവ തൊടരുത്

തുളസിയും വേപ്പും ദൈവാംശമുള്ള ചെടികളായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ തീണ്ടാരിയായ സ്ത്രീ തുളസി, വേപ്പ് തുടങ്ങിയവ തൊട്ടാല്‍ കരിഞ്ഞ് പോകുമെന്ന വിശ്വാസമുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത വാദമാണിത്. ക്ഷേത്രത്തില്‍ തീണ്ടാരിയായ സ്ത്രീ പോകരുതെന്ന അതേ വാദം തന്നെയാണ് ഇതിനു പിന്നിലും ഉള്ളത്.

click me!