
തെന്നിന്ത്യയിലെ മിന്നുംതാരമാണ് തമന്ന. ബാഹുബലി ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌ത നടിയാണ് തമന്ന. തിരക്കേറിയ സിനിമാജീവിതത്തിനിടയിലും ആരോഗ്യകാര്യങ്ങളില്‍ തമന്ന ഏറെ ശ്രദ്ധ പുലര്‍ത്താറുണ്ട്. ആരോഗ്യകാര്യങ്ങളില്‍ ഉള്‍പ്പടെ ജീവിതത്തില്‍ വിജയം കൈവരിക്കുന്നതിനായി തമന്നയെ സഹായിക്കുന്നത് ഒരു വിട്ടുവീഴ്‌ചയുമില്ലാത്ത ഭക്ഷണശീലവും ജീവിതചര്യകളുമാണ്. തന്റെ ഭക്ഷണശീലം വായനക്കാര്‍ക്കായി പങ്ക് വെയ്‌ക്കുകയാണ് തമന്ന. ഇത് പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്കും ഗുണമുണ്ടാകുമെന്നാണ് തമന്ന പറയുന്നത്...
ഉറക്കമെഴുന്നേറ്റു കഴിഞ്ഞാല്‍ ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്ത് കുടിക്കും. അതിനൊപ്പം തലേദിവസം വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് ആറ് ബദാംപരിപ്പും കഴിക്കും. ഒരു ദിവസം നന്നായി തുടങ്ങാന്‍ ഈ ശീലം നല്ലതാണെന്നാണ് തമന്ന പറയുന്നത്.
ഇഡലി, ദോശ, ഓട്ട്‌സ് എന്നിവയില്‍ ഏതെങ്കിലും ആയിരിക്കും തമന്നയുടെ പ്രഭാതഭക്ഷണം. ഇഡലിയും ദോശയുമാണെങ്കില്‍ നാലെണ്ണത്തില്‍ കൂടുതല്‍ കഴിക്കില്ലെന്നും തമന്ന പറയുന്നു. ദോശയ്ക്കും ഇഡലിക്കുമൊപ്പം സാമ്പാറും ചട്ട്ണിയും ഉണ്ടാകും.
ഉച്ചയ്‌ക്ക് ചോറും പച്ചക്കറിയും പരിപ്പ് കറിയും(ഡാല്‍) ആണ് തമന്നയുടെ ഭക്ഷണം. മാംസമോ മല്‍സ്യമോ മുട്ടയോ ഉച്ചയ്‌ക്ക് കഴിക്കുന്ന പതിവ് തമന്നയ്‌ക്ക് ഇല്ല.
രാത്രിയില്‍ ഭക്ഷണം നേരത്തെ കഴിക്കുകയാണ് തമന്നയുടെ ശീലം. രാത്രിയില്‍ ചപ്പാത്തിയ്ക്കൊപ്പം മുട്ട, ചിക്കന്‍, മല്‍സ്യം അതുമല്ലെങ്കില്‍ വെജിറ്റബിള്‍ ബജി എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും തമന്ന കഴിക്കാറുള്ളത്.
ഇതിനെല്ലാം പുറമെ ദിവസവും കുറഞ്ഞത് മൂന്നു ലിറ്റര്‍ വെള്ളം കുടിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇടനേരങ്ങളില്‍ ഫ്രഷ് ജ്യൂസും കരിക്കിന്‍വെള്ളവും കുടിക്കും. തൈര്, പാസ്‌ത, ചോക്ലേറ്റ് എന്നിവ കഴിക്കാന്‍ ഏറെ ഇഷ്‌ടമുള്ളയാളാണ് തമന്ന. കൂടുതലായും വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണമാണ് തമന്ന കഴിക്കുന്നത്. മധുരമുള്ള ഭക്ഷണം പൊതുവെ ഒഴിവാക്കാറാണ് പതിവ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam