ദിവസവും ചായ കുടിക്കുന്നവരുടെ ഹൃദയത്തിന് സംഭവിക്കുന്നത്..!

By Web DeskFirst Published Jul 10, 2018, 11:34 AM IST
Highlights
  • ദിവസവും കുറ‌ഞ്ഞത് ഒരു ഗ്ലാസ് ചായ കുടിക്കുന്നവര്‍ക്ക് ഹൃദയാഘാതമോ ഹൃദയവാല്‍വിന് ബ്ലോക്കോ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്ന് പഠനം 

ചായ കുടിക്കാന്‍ ഇഷ്‌ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളുടെ ആരോഗ്യകാര്യത്തെക്കുറിച്ച് ഒരു സന്തോഷവാര്‍ത്ത. ദിവസവും കുറ‌ഞ്ഞത് ഒരു ഗ്ലാസ് ചായ കുടിക്കുന്നവര്‍ക്ക് ഹൃദയാഘാതമോ ഹൃദയവാല്‍വിന് ബ്ലോക്കോ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്ന് പുതിയ പഠനം പറയുന്നു. ‍

ദിവസവും ഒന്ന് മുതല്‍ മൂന്ന് ഗ്ലാസ് വരെ കട്ടന്‍ ചായ അല്ലെങ്കില്‍ ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്കാണ് ഈ ഗുണം ലഭിക്കുകയെന്നും അമേരിക്കയിലെ ജോണ്‍സ് ഹോപ്‌കിന്‍സ് ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. ദിവസവും മൂന്നു ഗ്ലാസ് വരെ കട്ടന്‍ ചായ അല്ലെങ്കില്‍ ഗ്രീന്‍ ടീ കുടിക്കുന്നവരില്‍ ഹൃദയാഘാതമോ ഹൃദയവാല്‍വിന് ബ്ലോക്കോ ഉണ്ടാകാനുള്ള സാധ്യത 35 ശതമാനം വരെ കുറയുമെന്ന് പഠനസംഘം കണ്ടെത്തി.

15 വര്‍ഷമായി ഹൃദ്രോഹമൊന്നും വരാത്ത 600 സ്‌ത്രീ-പുരുഷന്‍മാരിലാണ് പഠനം നടത്തിയത്. ഇതില്‍ ചായ കുടിക്കുന്നവരില്‍, ഹൃദയധമനികളില്‍ കാല്‍സ്യം അടിഞ്ഞുള്ള ഹൃദയാഘാതമോ, ഹൃദ്രോഗമോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്. ചായപ്പൊടിയില്‍ അടങ്ങിയിട്ടുള്ള ഫ്ലാവനോയ്ഡ് എന്ന ആന്റി ഓക്‌സിഡന്റാണ് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നത്.

ഇതുകൂടാതെ ദിവസവും രാവിലെ ചായ കുടിക്കുന്നവര്‍ കൃത്യമായ ജീവിതശൈലി പിന്തുടരുന്നവരാണെന്നും സമയത്തുള്ള ഭക്ഷണം, വ്യായാമം, പോസിറ്റീവ് ചിന്താശേഷി എന്നിവയുള്ളവരാണെന്നും പഠനസംഘം വിലയിരുത്തി. ഇതും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പാല്‍ ചായ കുടിക്കുന്നവരില്‍ ഹൃദ്രോഗസാധ്യത കൂടുമെന്നും പഠനത്തില്‍ പറയുന്നു.

 

click me!