ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിനുപയോഗിക്കുമ്പോള്‍...

By Web TeamFirst Published Oct 15, 2018, 11:33 AM IST
Highlights

പഴകിയ എണ്ണ ഉപയോഗിക്കുന്നത് വയറ് എളുപ്പത്തില്‍ അസ്വസ്ഥമാക്കുകയും, ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും വയറ്റില്‍ കൂടുതല്‍ ഗ്യാസ് ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്യും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഒരുപക്ഷേ ഇത് കാരണമായേക്കും

പലഹാരങ്ങളോ, ഇറച്ചിയോ ഒക്കെ ഡീപ് ഫ്രൈ ചെയ്യുമ്പോള്‍ ബാക്കി വരുന്ന എണ്ണ പലരും ഒഴിവാക്കാറില്ല. ഇത് എടുത്തുവച്ച് വീണ്ടുമുപയോഗിക്കുകയാണ് പതിവ്. എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. ചെറിയ കളിയല്ല, അണുബാധ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്കാണ് ഈ ശീലം ഇടയാക്കുക. 

പഴകിയ എണ്ണ ഉപയോഗിക്കുന്നത് വയറ് എളുപ്പത്തില്‍ അസ്വസ്ഥമാക്കുകയും, ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും വയറ്റില്‍ കൂടുതല്‍ ഗ്യാസ് ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്യും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഒരുപക്ഷേ ഇത് കാരണമായേക്കും. ചീത്ത കൊഴുപ്പ് ശരീരത്തില്‍ അടിയാനും, ഇതുവഴി ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനുമുള്ള സാധ്യതകളും കൂടുതലാണ്. 

ഇതിനെല്ലാം പുറമെ, തലച്ചോറിലെ കോശങ്ങളെയും ഇത് ബാധിച്ചേക്കാം. അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ മറവിരോഗങ്ങളിലേക്കും ഈ ശീലം നമ്മെ എത്തിച്ചേക്കാം. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ലിറ്ററ് കണക്കിന് എണ്ണ ഇത്തരത്തില്‍ ഒഴിവാക്കുകയെന്നത് സാധ്യമായ സംഗതിയല്ല. അപ്പോള്‍ പിന്നെ കര്‍ശനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ മനസ്സില്‍ വച്ച്, സൂക്ഷിച്ച് ഉപയോഗിക്കുക. 

സൂക്ഷിക്കേണ്ട കാര്യങ്ങള്‍...

കഴിവതും രണ്ടിലധികം തവണ ഉപയോഗിച്ച എണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് കൂടുതല്‍ അപകടസാധ്യതകള്‍ ഉണ്ടാക്കിയേക്കും. 

ഒരുപാട് നേരം അടുപ്പില്‍ വച്ച് തിളപ്പിച്ച എണ്ണ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് വീണ്ടും ചൂടാക്കി പാചകത്തിന് ഉപയോഗിക്കുന്നത് വലിയ തോതിലുള്ള അപകടങ്ങളുണ്ടാക്കിയേക്കും. 

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ എടുത്തുവയ്ക്കുമ്പോള്‍ അത് നന്നായി ചൂടാറിക്കഴിഞ്ഞ്, അരിച്ച ശേഷം അടച്ചുറപ്പുള്ള ചില്ല് പാത്രത്തിലോ മറ്റോ സൂക്ഷിക്കണം. എണ്ണയില്‍ ബാക്കി കിടക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അപടകങ്ങള്‍ ഒഴിവാക്കാനാണിത്. 

എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതിന്റെ കട്ടിയും നിറവും പരിശോധിക്കുക. നല്ല രീതിയില്‍ ഇരുണ്ട നിറമായ എണ്ണയാണെങ്കില്‍ അത് ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. അതുപോലെ തന്നെ നന്നായി കട്ടിയായിരിക്കുന്നുണ്ടെങ്കിലും ഒഴിവാക്കേണ്ടതാണ്. 

എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ അമിതമായി പുകയുന്നുണ്ടെങ്കില്‍ അപകടമാണെന്ന് മനസ്സിലാക്കുക. ഇതില്‍ എച്ച്.എന്‍.ഇ എന്ന വിഷമയമുള്ള പദാര്‍ത്ഥത്തിന്റെ അളവ് വലിയ തോതിലുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പല രോഗങ്ങള്‍ക്കും ഇത് കാരണമായേക്കും.
 

click me!