
മണിക്കൂറുകളോളം തുടര്‍ച്ചയായി കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക് പല തരത്തിലുള്ള ശാരീരിക വിഷമതകള്‍ വരാന്‍ സാധ്യതയുണ്ട്. നടുവേദന, കഴുത്ത് വേദന, കണ്ണിന് അസ്വസ്ഥത, തലവേദന, കൈപ്പത്തികളിലെ വേദന- ഇവയൊക്കെയാണ് ഇത്തരത്തില്‍ കംപ്യൂട്ടറില്‍ ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കാണാന്‍ സാധ്യതയുള്ള പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍.
പലപ്പോഴും ജോലിസമയത്തിന് ശേഷമായിരിക്കും ഇങ്ങനെയുള്ള ശാരീരികാസ്വസ്ഥതകള്‍ പുറത്തെത്തുക. വൈകുന്നേരമാകുമ്പോള്‍ കടുത്ത തലവേദന, അല്ലെങ്കില്‍ നടുവേദന, അതുമല്ലെങ്കില്‍ ഉറക്കം വന്ന് കണ്ണുകള്‍ തൂങ്ങുന്നത് പോലുള്ള അനുഭവം. ഇതെല്ലാം മണിക്കൂറുകളോളം കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവരില്‍ കണ്ടേക്കാവുന്ന അസുഖങ്ങളാണ്. ആദ്യം മുതല്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്തരം ചെറിയ ബുദ്ധിമുട്ടുകള്‍ പിന്നീട് മാറ്റാനാകാത്ത വിധത്തില്‍ പഴകിയേക്കും.
നടുവേദന...
കംപ്യൂട്ടറില്‍ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരില്‍ മുക്കാല്‍ പങ്ക് പേരും അനുഭവിക്കുന്ന വിഷമതയാണ് നടുവേദന. ജോലിസമയത്ത് തന്നെ ചില കാര്യങ്ങളില്‍ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തിയാല്‍ ഈ പ്രശ്‌നത്തിന് ചെറിയ പരിഹാരം കാണാനാകും.
തുടര്‍ച്ചയായി ഒരുപാട് സമയം ഇരിക്കാതിരിക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇടക്കിടെ ഓരോ ബ്രേക്ക് എടുക്കുക. അതുപോലെ തന്നെ ഇടക്കിടെ നടുവും കഴുത്തും ഇളക്കുക. ഒരേ ഇരിപ്പ് ഇരിക്കുന്നത് കഴുത്തിനും പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്.
കംപ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ ഇരിക്കുന്ന കസേര, അതിന്റെ ബാക്ക് റെസ്റ്റ്, ഉയരം, കംപ്യൂട്ടര്‍ ടേബിളിന്റെ ഉയരം എന്നിവ കൃത്യമാണെന്ന് ഉറപ്പ് വരുത്തുക. കാലുകള്‍ എപ്പോഴും തറയിലോ, അല്ലെങ്കില്‍ ഫുട് റെസ്റ്റിലോ വച്ച് തന്നെ ഇരിക്കാന്‍ ശ്രമിക്കണം. ഇടയ്ക്ക് കൈ നീട്ടി വയ്ക്കാന്‍ തക്ക രീതിയില്‍ ടേബിളിന് വിസ്താരമുണ്ടായിരിക്കണം. കാരണം ഇടവേളകളില്‍ കൈകള്‍ നീട്ടി അല്‍പസമയമെങ്കിലും ഇരുന്നില്ലെങ്കില്‍ അത് കഴുത്ത് നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കുമെല്ലാം കാരണമാകും.
കൈ വേദന...
എപ്പോഴും ടൈപ്പ് ചെയ്യുന്നവര്‍ക്കാണ് കൈ വേദന വരാന്‍ കൂടുതല്‍ സാധ്യത. ഇങ്ങനെയുള്ളവര്‍ക്ക് 'റിസ്റ്റ് പാഡ്' ഉപയോഗിക്കാവുന്നതാണ്. അതായത് ടൈപ്പ് ചെയ്യുമ്പോള്‍ കൈപ്പത്തി റെസ്റ്റ് ചെയ്യുന്നയിടത്ത് വയ്ക്കാവുന്ന ഒരു പാഡ് ആണിത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളിലെല്ലാം സുലഭമാണ് 'റിസ്റ്റ് പാഡ്'.
ഇനി 'റിസ്റ്റ് പാഡ്' വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സാധാരണഗതിയില്‍ നമ്മള്‍ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സ്‌പോഞ്ച് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെയൊക്കെ ശ്രദ്ധിച്ചാലും, ഇടയ്ക്ക് കൈയ്ക്ക് വിശ്രമം നല്‍കിയില്ലെങ്കില്‍ പണി കിട്ടുമെന്ന കാര്യം തീര്‍ച്ചയാണ്.
കണ്ണ് അസ്വസ്ഥമാകുന്നതും തലവേദനയും...
തുടര്‍ച്ചായായി സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നതാണ് കണ്ണിന് അസ്വസ്ഥതകള്‍ നേരിടാനുള്ള പ്രധാന കാരണം. ഇതുതന്നെയാണ് പിന്നീട് തലവേദനയക്കും കാരണമാകുന്നത്. കൃത്യമായ ഇടവേളകളില്‍ സ്‌ക്രീനില്‍ നിന്ന് കണ്ണിന് വിശ്രമം നല്‍കല്‍ തന്നെയാണ് ഇതിനും പ്രധാന പരിഹാരം.
ജോലി ചെയ്യുന്ന മുറിയിലെ വെളിച്ചം, സ്‌ക്രീനിന്റെ വെളിച്ചം, പുറത്ത് നിന്നുള്ള വെളിച്ചത്തിന്റെ ക്രമീകരണം എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. കണ്ണിമ ചിമ്മാതെ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത് ഏറെ ദോഷമുണ്ടാക്കും. അതിനാല്‍ ഇടയ്ക്ക് കണ്ണിമ ചിമ്മിയിളക്കാനും, സ്‌ക്രീനില്‍ നിന്ന് ദൃഷ്ടി മാറ്റാനുമെല്ലാം ശ്രമിക്കുക.
കംപ്യൂട്ടറിന്റെ സ്ഥാനം ഇടയ്ക്ക് മാറ്റുന്നതും കണ്ണിന് നേരിട്ടേക്കാവുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇതിനെല്ലാം പുറമെ കൃത്യമായ വൈദ്യപരിശോധനയ്ക്ക് വിധേയമാവുക. കണ്ണിന് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയോ ലെന്‍സോ മടി കൂടാതെ ഉപയോഗിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam