മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അപകടമോ?

By Web TeamFirst Published Oct 20, 2018, 4:04 PM IST
Highlights

മാര്‍ക്കറ്റില്‍ നിന്ന് ഒന്നിച്ച് വാങ്ങുന്ന മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച് സൗകര്യാനുസരണം എടുത്ത് ഉപയോഗിക്കുന്നതാണ് നമ്മുടെ രീതി. എന്നാല്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതുണ്ടോ? അല്ലെങ്കില്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കൊണ്ട് എന്തെങ്കിലും അപകടമുണ്ടോ?

തിരക്ക് പിടിച്ച നിത്യജീവിതത്തില്‍ പാകം ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള ഭക്ഷണമെന്ന നിലയ്ക്കാണ് നമ്മള്‍ പലപ്പോഴും മുട്ട തെരഞ്ഞെടുക്കുന്നത്. മാര്‍ക്കറ്റില്‍ നിന്ന് ഒന്നിച്ച് വാങ്ങുന്ന മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച് സൗകര്യാനുസരണം എടുത്ത് ഉപയോഗിക്കുന്നതാണ് നമ്മുടെ രീതി. എന്നാല്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതുണ്ടോ? അല്ലെങ്കില്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കൊണ്ട് എന്തെങ്കിലും അപകടമുണ്ടോ?

ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ഇതിന് രണ്ട് ഉദാഹരണവും പറയാം. അമേരിക്കയിലാണെങ്കില്‍ മുട്ട ഫ്രിഡ്ജില്‍ വച്ച് സൂക്ഷിക്കുന്നതാണ് പതിവ്, യൂറോപ്പിലാണെങ്കില്‍ ഫ്രിഡ്ജിന് പുറത്ത് സാധാരണഗതിയില്‍ മറ്റ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നത് പോലെ തന്നെയാണ് മുട്ടയും സൂക്ഷിക്കാറ്. ഇതിന് രണ്ട് കൂട്ടര്‍ക്കും അവരവരുടേതായ ന്യായമുണ്ട്. 

മുട്ടയിലൂടെ പല തരം ബാക്ടീരിയകള്‍ ശരീരത്തിലേക്ക് പകരാന്‍ സാധ്യതയുണ്ട്. പ്രധാനമായും സാല്‍മോണല്ലയാണ് മുട്ടയില്‍ കാണപ്പെടുന്ന ബാക്ടീരിയ. വിവിധ ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളുമുണ്ടാക്കുന്ന ഒന്നാണ് സാല്‍മോണല്ല ബാക്ടീരിയ. ഇത് ശരീരത്തിലെത്താതിരിക്കാനാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. 

വൃത്തിയായി സോപ്പിട്ട് കഴുകിയതിന് ശേഷം മുട്ട ഉപയോഗിക്കുന്നത് ഈ പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു ആദ്യം അമേരിക്കക്കാര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് മുട്ടത്തോടിനോട് ചേര്‍ന്നുള്ള ചെറിയ ആവരണത്തെ തകര്‍ക്കുമെന്ന് പിന്നീട് കണ്ടെത്തി. മറ്റ് അണുക്കളെയെല്ലാം തടയുന്ന ആവരണമാണിത്. ഇത് തകരുന്നതോടെ കൂടുതല്‍ അണുക്കള്‍ മുട്ടയ്ക്കകത്ത് എത്തുമെന്നും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഇവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് മുട്ട തണുപ്പിച്ച് സൂക്ഷിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. 

യൂറോപ്പുകാരാണെങ്കില്‍ മുട്ടയില്‍ നിന്നുള്ള അണുബാധ തടയാന്‍ കോഴിയെ തന്നെ ചികിത്സിക്കാനാണ് തീരുമാനിച്ചത്. കോഴികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി, അവയെ അണുവിമുക്തമാക്കും. സ്വാഭാവികമായും മുട്ടയിലും കുറഞ്ഞ ശതമാനം അണുക്കലേ ഉണ്ടാകൂ. അതിനാല്‍ തന്നെ മുട്ട ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കുന്ന ശീലം ഇവര്‍ക്കില്ല. 

നമ്മുടെ നാട്ടിലാണെങ്കില്‍ രണ്ട് രീതിയിലും മുട്ട സൂക്ഷിക്കുന്നവരുണ്ട്. എന്നാല്‍ രണ്ട് രീതിയില്‍ സൂക്ഷിച്ചാലും മുട്ട ഒരു പ്രത്യേക സമയം കഴിഞ്ഞാല്‍ ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. എങ്കിലും പുറത്തെ ചൂടിലിരുന്ന് എളുപ്പത്തില്‍ കെട്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് തന്നെയാണ് ഉത്തമം.
 

click me!