ആര്‍ത്തവകാലത്തെ യാത്രകള്‍; സ്ത്രീകള്‍ അറിയേണ്ടത്...

By Web TeamFirst Published Oct 17, 2018, 1:23 PM IST
Highlights

ആര്‍ത്തവസമയത്ത് മിക്ക സ്ത്രീകളും സാനിറ്ററി പാഡ് തന്നെയാണ് ഉപയോഗിക്കാറ്. ചിലര്‍ മെന്‍സ്ട്രല്‍ കപ്പുകളും, ചിലര്‍ ടാബൂണുകളും ചുരുക്കം ചിലര്‍ തുണിയും ഉപയോഗിക്കാറുണ്ട്. സാധാരണഗതിയില്‍ ഓരോരുത്തരും അവരവരുടെ താല്‍പര്യപ്രകാരമാണ് ഇത് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ യാത്രയുടെ കാര്യത്തില്‍ ഇത് വ്യത്യസ്തമായേക്കാം

ആര്‍ത്തവകാലത്ത് യാത്രകള്‍ ചെയ്യുന്നത് മിക്ക സ്ത്രീകള്‍ക്കും താല്‍പര്യമുള്ള കാര്യമാകില്ല. എങ്കിലും അത്യാവശ്യമായ യാത്രകള്‍ മാറ്റിവയ്ക്കാവുന്നതുമല്ല. ആര്‍ത്തവത്തിന്‍റെ ആദ്യ ദിവസങ്ങളിലാണെങ്കില്‍ നല്ല തോതില്‍ ബ്ലീഡിംഗും അസ്വസ്ഥതയും ഉണ്ടാകുന്നതിനാല്‍ തന്നെ ഈ സമയങ്ങളിലെ യാത്ര ഏറെ ദുസ്സഹമാണ്. എന്തെല്ലാം കാര്യങ്ങളാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ശ്രദ്ധിക്കേണ്ടത്. 

ഒന്ന്...

ആര്‍ത്തവസമയത്ത് മിക്ക സ്ത്രീകളും സാനിറ്ററി പാഡ് തന്നെയാണ് ഉപയോഗിക്കാറ്. ചിലര്‍ മെന്‍സ്ട്രല്‍ കപ്പുകളും, ചിലര്‍ ടാബൂണുകളും ചുരുക്കം ചിലര്‍ തുണിയും ഉപയോഗിക്കാറുണ്ട്. സാധാരണഗതിയില്‍ ഓരോരുത്തരും അവരവരുടെ താല്‍പര്യപ്രകാരമാണ് ഇത് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ യാത്രയുടെ കാര്യത്തില്‍ ഇത് വ്യത്യസ്തമായേക്കാം. കൃത്യമായ ഇടവേളകളില്‍ വെള്ളവും, വൃത്തിയാകാനുള്ള സാഹചര്യവും ലഭിക്കുമെന്ന് ഉറപ്പുള്ളവരാണെങ്കില്‍ എന്ത് ഉപയോഗിക്കണമെന്ന് സ്വയം തീരുമാനിക്കാവുന്നതേയുള്ളൂ. എന്നാല്‍ വെള്ളവും വൃത്തിയാകാനുള്ള ഇടവും കിട്ടുമെന്ന് ഉറപ്പില്ലാത്തവരെ സംബന്ധിച്ച് പാഡ് ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും ഉചിതം. 

എളുപ്പത്തില്‍ ഉപയോഗിക്കാനാകും എന്നതാണ് പാഡിന്‍റെ ഗുണം. വീണ്ടും കഴുകി ഉപയോഗിക്കേണ്ടതില്ലാത്തതിനാല്‍ തന്നെ വെള്ളത്തിന്‍റ കാര്യത്തില്‍ വലിയ വേവലാതിയും ആവശ്യമില്ല. 

രണ്ട്...

യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നത് ഏത് രീതിയാണെങ്കിലും കൃത്യമായി പാഡ് മാറ്റാനുള്ള സൗകര്യം കണ്ടെത്തുക. എവിടെയെങ്കിലും ഇറങ്ങേണ്ട മടിയോ, നാണക്കേടോ പാടില്ല. കാരണം നീണ്ട മണിക്കൂറുകള്‍ ഒരേ പാഡ് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കും. യോനീ ഭാഗത്ത് ചൊറിച്ചില്‍, ഫംഗസ് ബാധ, മൂത്രാശയത്തിലെ അണുബാധ- ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം ഇത് വഴിവച്ചേക്കും. 

മൂന്ന്...

കഴിയുന്നതും സ്വയം വൃത്തിയാകാനുള്ള സാഹചര്യങ്ങളും കണ്ടെത്തുക. വെള്ളമുപയോഗിച്ച് നന്നായി കഴുകുകയും ടിഷ്യൂ പേപ്പറോ, ചെറിയ ടവലോ കൊണ്ട് തുടച്ചുണക്കുകയും ചെയ്യാന്‍ ശ്രമിക്കുക. നീണ്ട നേരം രക്തവും വിയര്‍പ്പും കെട്ടിക്കിടക്കുന്നത് അസുഖങ്ങള്‍ വരാനും, ദുര്‍ഗന്ധത്തിനും, അസ്വസ്ഥതയ്ക്കും കാരണമാക്കും. മൂത്രമൊഴിച്ചതിന് ശേഷവും വെള്ളമുപയോഗിച്ച് കഴുകാന്‍ ശ്രമിക്കുക. 

നാല്...

ആര്‍ത്തവകാലത്തെ യാത്രയില്‍ അത്യാവശ്യം കയ്യില്‍ കരുതേണ്ട ചിലതുണ്ട്. പാഡോ മറ്റ് സംവിധാനങ്ങളോ കരുതുന്നതിനൊപ്പം പ്രധാനമായും രണ്ടോ മൂന്നോ കുപ്പി വെള്ളം കയ്യില്‍ കരുതുക. അത്യാവശ്യഘട്ടങ്ങളില്‍ സ്വയം വൃത്തിയാകാനും ഈ വെള്ളമുപയോഗിക്കാം. വേദനയോ മറ്റ് അസ്വസ്ഥകളോ ഉള്ളവരാണെങ്കില്‍ മുമ്പ് ഉപയോഗിച്ചിട്ടുള്ള ഗുളികകള്‍ മാത്രം കരുതുക. ആദ്യമായി ഉപയോഗിക്കുന്ന ഗുളിക, ഏത് രീതിയിലാണ് ശരീരത്തില്‍ പ്രതികരണങ്ങളുണ്ടാക്കുകയെന്ന് പ്രവചിക്കാനാകാത്തതിനാലാണ് ഇത്. ഗുളിക കഴിച്ചാല്‍ തന്നെ ഒരുപക്ഷേ, ഛര്‍ദ്ദിലിനും മനംപുരട്ടലിനുമുള്ള സാധ്യതയുണ്ട്. അതിനാല്‍ ചെറുനാരങ്ങയോ ഓറഞ്ചോ ഇഷ്ടാനുസരണം കയ്യില്‍ കരുതാം. 

ആര്‍ത്തവസമയത്ത് പെട്ടെന്ന് ക്ഷീണിതയാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇതിനെ നേരിടാന്‍ ലഘുവായി കഴിക്കാവുന്ന വല്ലതും കൂടെ കരുതാം. പഴങ്ങള്‍ ചെറുതാക്കി മുറിച്ചതോ ബിസ്കറ്റോ ചോക്ലേറ്റോ ഒക്കെയാകാമിത്. ചെറിയ ഫ്ലാസ്കുണ്ടെങ്കില്‍ അല്‍പം ചായയോ ചൂടുവെള്ളമോ കരുതുന്നതും നല്ലതാണ്. അത്യാവശ്യം ചെറിയ ടവലുകള്‍. ടിഷ്യൂ പേപ്പര്‍, ടോയ്‍ലറ്റ് സോപ്പ്- എന്നിവയും കൊണ്ടുപോകാം. 

click me!