പാവപ്പെട്ടവര്‍ക്കായി മതിലൊരുക്കി ഒരു കളക്ട്രര്‍

By Web DeskFirst Published Jul 27, 2017, 11:53 AM IST
Highlights

കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ തിരുനെല്‍വേലി കളക്ട്രേറ്റിന് മുമ്പിലെ മതില്‍ വെറുമൊരു മതിലല്ല. കരുണയുടെ മതിലാണ് ഇനി മുതല്‍ ഈ മതില്‍.  പാവപ്പെട്ടവരെ സഹായിക്കാനുള്ള പുതിയ ഒരു പദ്ധതി കളക്‌ടര്‍ രൂപീകരിച്ചിട്ടുണ്ട്. സന്ദീപ് നന്ദൂരിയാണ് തിരുനെല്‍വേലി കളക്ടര്‍. ഇതിനായി കളക്ട്രേറ്റിന് മുമ്പിലെ മതിലില്‍ ഒരു ഷെല്‍ഫ് വയ്ക്കുകയാണ് കളക്ടര്‍ ആദ്യം ചെയ്തത്. ഇതില്‍ നമുക്ക് ഉപകാരപ്പെടാത്ത വസ്ത്രങ്ങളോ, ചെരിപ്പുകളോ, പുസ്തകങ്ങളോ, കളിപ്പാട്ടങ്ങളോ  എന്തും വെക്കാം. ഉപകാരമുള്ളവര്‍ക്ക് അതെടുക്കാം, സ്വന്തമാക്കാം. പേര് പോലെതന്നെ അപരനോട്   കരുണ കാണിക്കുക തന്നെയാണ് ലക്ഷ്യം.

ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഈയൊരു പദ്ധതി പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള പദ്ധതികള്‍ ഉണ്ട്. എന്നാല്‍ ഇതാദ്യമായാണ് തമിഴ് നാട്ടില്‍ കരുണയുടെ മതിലൊരുങ്ങുന്നത്.

വളരെ സാധാരണക്കാര്‍ പല അപേക്ഷകളുമായി കളക്ട്രേറ്റില്‍ വരാറുണ്ട്. അത്കൊണ്ട് തന്നെ കരുണയുടെ മതിലൊരുക്കാന്‍ പറ്റിയ മികച്ചയിടം ഇതുതന്നെ.  ഈ പദ്ധതി പല സാധാരണക്കാര്‍ക്കും പ്രയോജനകരമാകും. രണ്ടു ദിവസം കൊണ്ട് തന്നെ മികച്ച രീതിയിലുള്ള അഭിപ്രായമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചതെന്ന് കളക്ടര്‍ പറയുന്നു. നല്ല രീതിയിലുള്ള പ്രതികരണം തുടര്‍ന്നും ലഭിക്കുകയാണെങ്കില്‍ മറ്റു സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

സമാനമായ രീതിയില്‍ കോഴിക്കോട് കളക്ടര്‍ ആയിരുന്ന എന്‍ പ്രശാന്ത് ഒരു പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. ഓപ്പറേഷന്‍ സുലൈമാനി എന്നതായിരുന്നു പദ്ധതിയുടെ പേര്.  ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

click me!