
തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംസ്ഥാന പോലീസ് വിഭാഗം, ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷന്‍ യുഎസ്എ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് നടപ്പിലാക്കുന്ന സമഗ്ര റോഡപകട ജീവന്‍രക്ഷാ സംവിധാനമായ 'ട്രോമ റെസ്‌ക്യൂ ഇനീഷ്യേറ്റീവ് തിരുവനന്തപുരം' (TRI TVM ), ഐ.എം.എ കേരളമൊട്ടാകെ നടപ്പിലാക്കുന്ന 'ഐ.എം.എ. നെറ്റുവര്‍ക്ക് ഫോര്‍ ട്രോമ ആന്റ് എമര്‍ജന്‍സി കെയര്‍' (INTEC - ഇന്‍ടെക്) എന്നിവയുടെ ഉദ്ഘാടനം ഡിസംബര്‍ ഇരുപത്തിയൊന്നാം തീയതി വൈകുന്നേരം 5.30ന് കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ചടങ്ങില്‍വെച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും സംഭാവന ചെയ്യുന്ന അത്യാധുനിക ആംബുലന്‍സിന്റെ താക്കോല്‍ദാനം ഡിജിപി ലോക് നാഥ് ബഹ്‌റയ്ക്ക് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി നിര്‍വഹിക്കും. ആംബുലന്‍സ്, ട്രോമ ആശുപത്രി ശൃംഖലയുടെ ലോഞ്ചിംഗ് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. ട്രയ് (TRI) സോഫ്റ്റുവെയറിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ട്രയ് ലോഗോ സ്റ്റിക്കര്‍ പ്രകാശനം നഗരസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്തും നിര്‍വഹിക്കും.
സമഗ്ര ട്രോമകെയര്‍ ശൃംഖല
ഒരു വര്‍ഷം ഏകദേശം 40,000-ത്തോളം ഗുരുതര റോഡ് അപകടങ്ങളും 4,000 ത്തോളം അപകട മരണങ്ങളും സംഭവിക്കുന്ന സ്ഥിതിവിശേഷത്തിലാണ് ഐ.എം.എ, കേരള പോലീസിന്റെ സഹകരണത്തോടെ സമഗ്ര ട്രോമകെയര്‍ ശൃംഖല തുടങ്ങുന്നത്. അപകടമുണ്ടായി ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്തത് കൊണ്ടാണ് പലപ്പോഴും മരണമുണ്ടാകുന്നത്. വര്‍ധിച്ചു വരുന്ന റോഡപകടങ്ങളില്‍ എങ്ങനെ വിദഗ്ധ അടിയന്തിര ചികിത്സ ലഭ്യമാക്കാം എന്നതിനെ ആസ്പദമാക്കി സര്‍ക്കാരിന്റെ സഹകരണത്തോടെ ഐ.എം.എ. മറ്റുവിഭാഗങ്ങളെ ഏകോപിപ്പിച്ച് തിരുവനന്തപുരം നഗരത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ട്രോമ റെസ്‌ക്യൂ ഇനീഷ്യേറ്റീവ് തിരുവനന്തപുരം. ഇതുസംബന്ധിച്ച് ഐ.എം.എ. നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഇത് നടപ്പിലാക്കുന്നത്.
അമേരിക്കയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് മരണമടഞ്ഞ മലയാളി ഡോക്ടര്‍ രമേഷ് കുമാറിന്റെ സ്മരണാര്‍ത്ഥം 2017 മേയില്‍ സ്ഥാപിതമായ ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷന്റെ ധനസഹായത്തോടെയാണ് ഈ പദ്ധതി ഐ.എം.എ. യാഥാര്‍ത്ഥ്യമാക്കുന്നത്. മെഡിക്കല്‍ ചികിത്സ ആവശ്യമുള്ള വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സഹായം നല്‍കുക, മെഡിക്കല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. 6 മാസം കൊണ്ടുതന്നെ രണ്ട് ലക്ഷത്തോളം ഡോളറിന്റെ ധനസഹായം നല്‍കാനായി. എല്ലാവിധ ജീവന്‍രക്ഷാ സംവിധാനങ്ങളുമുള്ള റാപ്പിഡ് ആക്‌സസ് മെഡിക്കല്‍ യൂണിറ്റും (RAMU) ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷന്‍ സംഭാവന നല്‍കുന്നുണ്ട്.
മാതൃകാ പദ്ധതിയെന്ന നിലയില്‍ ഇത് തിരുവനന്തപുരം നഗരത്തിലായിരിക്കും ആദ്യം തുടങ്ങുക. പോലീസിന്റേയും സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുടേയും സഹകരണത്തോടെയാണിത് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ നഗരപരിധിയിലുള്ള 10 ട്രോമകെയര്‍ ആശുപത്രികളെയും ആംബുലന്‍സുകളേയും ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഊബര്‍, ഓല പോലെയുള്ള ഓണ്‍ലൈന്‍ ടാക്‌സി സൗകര്യത്തിന് സമാനമായിരിക്കും ഇത്.
സര്‍ക്കാരിന്റെ സഹകരണത്തോടെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചൊരു നെറ്റുവര്‍ക്ക് ശൃംഖല ഇതിനായി രൂപീകരിക്കും. അപകടം നടന്നയുടന്‍ അറിയിക്കേണ്ട ഒരു ഹെല്‍പ്പ് ലൈന്‍ നമ്പരുമുണ്ടാകും. തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം നമ്പരായ 100 മായി ഏകോപിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഈ നമ്പരില്‍ വിളിച്ചാലുടന്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെ ഐ.എം.എ.യുടെ ആധുനിക സോഫ്റ്റ് വെയറായ ട്രയ് മോണിറ്ററില്‍ സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലന്‍സ് ഏതാണെന്ന് വ്യക്തമാകും. ഇതോടെ ആംബുലന്‍സ് ഡ്രൈവറുടെ മൊബൈലില്‍ നല്‍കിയിരിക്കുന്ന പ്രത്യേക ആപ്ലിക്കേഷനില്‍ പോലീസിന്റെ സന്ദേശമെത്തും. ആംബുലന്‍സിലുള്ള നഴ്‌സ് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്ന തൊട്ടടുത്തുള്ള ഏത് ആശുപത്രിയാണുള്ളതെന്നുള്ള സന്ദേശം ലഭിക്കും. വെന്റിലേറ്ററുകളുള്‍പ്പെടെയുള്ള സൗകര്യം ഉറപ്പാക്കിയായിരിക്കും ആശുപത്രി നിര്‍ദേശിക്കുക. ഇങ്ങനെയൊരു രോഗി എത്തുന്ന കാര്യം ആശുപത്രിയേയും അറിയിക്കും.
സാധാരണയായി സര്‍ക്കാര്‍ ആശുപത്രിയിലെ റൂട്ട് മാപ്പായിരിക്കും കാണുകയെങ്കിലും ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് റീറൂട്ട് ചെയ്യാം. അപകടം സംഭവിച്ച് കഴിഞ്ഞുള്ള സുവര്‍ണ നിമിഷങ്ങള്‍ക്കകം തന്നെ ആശുപത്രിയിലെത്തിക്കേണ്ടതുണ്ട്. ആംബുലന്‍സിന്റെ പണം ആരുനല്‍കുമെന്ന ആശയക്കുഴപ്പത്തില്‍ പലരും കൈയ്യൊഴിയുന്ന സാഹചര്യമാണിപ്പോഴുള്ളത്. സാമ്പത്തികം ഇല്ലാത്തതിന്റെ പേരില്‍ ഒരാളും വഴിയില്‍ കിടന്ന് ചികിത്സ കിട്ടാതെ മരിക്കാന്‍ പാടില്ല. പണം നല്‍കാന്‍ കഴിയാത്ത ആംബുലന്‍സുകള്‍ക്ക് ട്രായ് സാമ്പത്തിക സഹായം നല്‍കും.
പൊതുജനങ്ങള്‍ക്ക് ട്രോമ കെയര്‍ സംവിധാനത്തില്‍ നേരിട്ട് ബന്ധപ്പെടുന്നതിനായി പ്രത്യേക സോഫ്റ്റുവെയറും പ്രവര്‍ത്തനസജ്ജമാക്കും. പേര്, വിലാസം, തുടങ്ങിയ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയാല്‍ അത്യാഹിതമുണ്ടാകുമ്പോള്‍ ഒറ്റ ബട്ടണില്‍ കണ്‍ട്രോള്‍ റൂമില്‍ വിവരങ്ങള്‍ നല്‍കാം. രോഗി അത്യാസന്ന നിലയിലാണെങ്കില്‍ പോലും വിവരങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നു. ഐ.എം.എ. നെറ്റുവര്‍ക്ക് ഫോര്‍ ട്രോമ ആന്റ് എമര്‍ജന്‍സി കെയറിന്റെ (INTEC -ഇന്‍ടെക്) നേതൃത്വത്തില്‍ ആംബുലന്‍സ് ജീവനക്കാര്‍ക്കും വോളന്റിയര്‍മാര്‍ക്കും കേരളമൊട്ടാകെ പരിശീലനം നല്‍കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളയുടെ നേതൃത്വത്തിലാണ് ഇത് ഏകോപിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam