ഗര്‍ഭാവസ്ഥയില്‍ പരസ്‌പരം കഴുത്ത് ഞെരിച്ച് കൊല്ലുന്ന ഇരട്ട കുഞ്ഞുങ്ങള്‍

By Web DeskFirst Published Nov 6, 2017, 5:14 PM IST
Highlights

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് വളരുന്ന ഇരട്ട കുഞ്ഞുങ്ങള്‍ പരസ്‌പരം കഴുത്ത് ഞെരിച്ച് മരണപ്പെടുന്ന അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ വൈദ്യശാസ്‌ത്രത്തില്‍ അത്തരമൊരു പ്രതിഭാസമുണ്ട്. മോണോഅമ‌്നിയോട്ടിക്ക് അഥവാ മോ-മോ(മോണോഅമ്‌നിയോട്ടിക്-മോണോക്രയോണിക്) ഇരട്ടകള്‍. ഇത് ലോകത്ത് 35000ല്‍ ഒന്ന് മാത്രമാണ് സംഭവിക്കുക. യുകെയില്‍ ആണെങ്കില്‍ ഇത് അറുപതിനായിരത്തില്‍ ഒന്ന് മാത്രമാണ്. അടുത്തിടെ ഇംഗ്ലണ്ടിലെ സറേ നിവാസിയായ വിക്കി പ്ലോറൈറ്റ് എന്ന നഴ്‌സ് ഗര്‍ഭം ധരിച്ചപ്പോള്‍ ഇത്തരമൊരു പ്രതിഭാസം കണ്ടെത്തി. സ്‌കാന്‍ ചെയ്തപ്പോഴാണ് മോണോഅമ്നിയോട്ടിക് ഇരട്ടകളാണെന്ന് ഡോക്‌ടര്‍ പറഞ്ഞത്. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഡോക്‌ടര്‍ പറഞ്ഞു മനസിലാക്കി. അതായത്, ഗര്‍ഭാവസ്ഥയില്‍ അടുത്തടുത്ത് കിടക്കുന്ന ശിശുക്കളുടെ കൈകള്‍ പരസ്‌പരം കഴുത്തില്‍ ചുറ്റിയിരിക്കും. ഇത്തരത്തിലുള്ള മോണോഅമ്നിയോട്ടിക് ഇരട്ടകള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരിക്കും. അപൂര്‍വ്വം പേരില്‍ മാത്രമെ, ഗര്‍ഭാവസ്ഥ പുരോഗമിക്കുമ്പോള്‍, മോണോഅമ്നിയോട്ടിക് അവസ്ഥ മാറാറുള്ളു. ഇതിന് പ്രത്യേകിച്ച് മരുന്നുകളോ ചികില്‍സയോ ഇല്ല. ഗര്‍ഭസ്ഥശിശുക്കള്‍ വളരുന്നതിന് അനുസരിച്ച് കൈകളുടെ സ്ഥാനം തനിയെ മാറുകയേ നിര്‍വ്വാഹമുള്ളു.

തന്റെ കുഞ്ഞുങ്ങള്‍ പരസ്‌പരം കഴുത്ത് ഞെരിച്ച് മരിക്കുമോയെന്ന് ഭയന്നിരുന്ന വിക്കിയെ കാത്ത് പക്ഷേ സന്തോഷവാര്‍ത്തയാണ് എത്തിയത്. പന്ത്രണ്ടാമത്തെ ആഴ്‌ചയില്‍ സ്‌കാനിലാണ് കുഞ്ഞുങ്ങള്‍ മോണോഅമ്‌നിയോട്ടിക് അവസ്ഥയില്‍നിന്ന് മോചിതരായെന്ന് വ്യക്തമായത്. അപ്പോള്‍ കഴുത്തില്‍ പിടിച്ചിരുന്ന കൈകള്‍, ഇരുവരും പരസ്‌പരം ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതുപോലെയായി. പിന്നീട് ഒമ്പത് മാസം പിന്നിട്ടപ്പോള്‍ വിക്കി സുഖമായി പ്രസവിക്കുകയും ചെയ്തു. രണ്ടു കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കുന്നു. മോണോഅമ്നിയോട്ടിക് എന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകരുതേയെന്നാണ് വിക്കിയുടെ പ്രാര്‍ത്ഥന. കാരണം താന്‍ തീ തിന്നതുപോലെ ആര്‍ക്കും സംഭവിക്കരുതെന്ന് വിക്കി പറയുന്നു.

click me!