തലയണ ഇടയ്ക്കിടെ മാറ്റാറുണ്ടോ? ശ്രദ്ധിക്കേണ്ടത്...

By Web TeamFirst Published Feb 20, 2019, 8:24 PM IST
Highlights

വീട് വിട്ടിറങ്ങിയാൽ ഇത്തരം കാര്യങ്ങളിലെ സൂക്ഷമതയും വൃത്തിയുമെല്ലാം മറക്കുന്നവരാണ് നമ്മളിൽ അധികം പേരും. എന്നാൽ തലയണയുടെ കാര്യത്തിലുള്ള ഈ അശ്രദ്ധ വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നമ്മളെ നയിക്കുകയെന്നാണ് സ്‌കിന്‍ സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നത്

മിക്ക വീടുകളിലും അമ്മമാരുടെ പ്രധാന ജോലിയാണ് കുടുംബത്തിലെ എല്ലാവരുടെയും ബെഡ്ഷീറ്റുകളും തലയണകളുമെല്ലാം ഇടയ്ക്കിടെ മാറ്റിയിടുക എന്നത്. എന്നാല്‍ വീട് വിട്ടിറങ്ങിയാല്‍ പിന്നെ നമ്മളെ സംബന്ധിച്ച് ഇത്തരം കാര്യങ്ങളിലെ സൂക്ഷമതയൊക്കെ കണക്കായിരിക്കും. കൂടിപ്പോയാല്‍ വിരിപ്പോ പുതപ്പോ ഒന്ന് മാറ്റി, അലക്കിയേക്കാം. എന്നാലും തലയണയുടെ കാര്യത്തിലൊക്കെയുള്ള ശ്രദ്ധ കണക്കുതന്നെ. 

എന്നാല്‍ തലയണയുടെ കാര്യത്തിലുള്ള ഈ അശ്രദ്ധ വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നമ്മളെ നയിക്കുകയെന്നാണ് സ്‌കിന്‍ സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നത്. പ്രധാനമായും മുഖത്തെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെയാണത്രേ അത് ബാധിക്കുക. 

ആഴ്ചയിലൊരിക്കലെങ്കിലും തലയണക്കവര്‍ മാറ്റിയില്ലെങ്കില്‍ അതില്‍ ബാക്ടീരിയകളും എണ്ണയും പൊടിയും അടിഞ്ഞിരിക്കാനുള്ള സാഹചര്യമുണ്ടാകുന്നു. ഇത് സ്വാഭാവികമായും മുഖത്തെ ചര്‍മ്മത്തെ നശിപ്പിക്കാന്‍ ഇടയാക്കുന്നു. മുഖത്ത് നേരിയ ചൊറിച്ചില്‍, മുഖക്കുരു, ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടല്‍, അണുബാധ എന്നിങ്ങനെയെല്ലാം പ്രശ്‌നങ്ങളുണ്ടാകുന്നു. 

തലയണക്കവര്‍ മാത്രമല്ല, ഇടയ്ക്കിടെ തലയണയും മാറ്റണം. കവര്‍ ഊരിമാറ്റിയ ശേഷം തലയണ നല്ലരീതിയില്‍ വെയില്‍ കൊള്ളിക്കുക. ശേഷം അലക്കിയ കവര്‍ ഇട്ട ശേഷം ഉപയോഗിക്കാം. തലയണയില്‍ അടിയുന്ന പൊടി ക്രമേണ അര്‍ജിക്കും ഇടയാക്കിയേക്കാം. 

അതുപോലെ തന്നെ പ്രധാനമാണ് മുഖക്കുരുവുള്ള ആളുകള്‍ തലയണ മാറ്റാതിരിക്കുന്നതും. അവര്‍ മറ്റുള്ളവരെക്കാള്‍ വൃത്തിയായി തലയണ സൂക്ഷിച്ചേ പറ്റൂ. കാരണം, ഉറക്കത്തിനിടയില്‍ തലയണയിലമര്‍ന്ന് മുഖക്കുരു പൊട്ടാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇതില്‍ നിന്ന് വരുന്ന വെള്ളം തലയണക്കവറില്‍ ഒട്ടിപ്പിടിക്കുന്നു. ഇത് വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് കൂടുതല്‍ മുഖക്കുരുവുണ്ടാക്കാനേ ഇടയാക്കൂ.
 

click me!