പതിവായി നാവ് പരിശോധിക്കൂ; സ്വയം രോഗങ്ങളറിയൂ

Published : Jul 29, 2018, 02:23 PM ISTUpdated : Jul 30, 2018, 12:16 PM IST
പതിവായി നാവ് പരിശോധിക്കൂ; സ്വയം രോഗങ്ങളറിയൂ

Synopsis

നാവ് പതിവായി പരിശോധിക്കുന്നതിലൂടെ  കഴിക്കുന്ന ഭക്ഷണമോ ജീവിതശൈലികളോ അസുഖങ്ങളോ ഒക്കെ തിരിച്ചറിയാന്‍ സാധിക്കും. സാധാരണയായി നാവില്‍ കാണുന്ന വ്യത്യാസങ്ങള്‍ എങ്ങനെ സംഭവിക്കുന്നുവെന്ന് നോക്കാം

കണ്ണാടിയില്‍ നോക്കി പല തരത്തില്‍ മുഖത്തെ പഠിക്കുന്നത് മിക്കവാറും എല്ലാവരും ചെയ്യാറുള്ളതാണ്. എന്നാല്‍  വായ തുറന്ന് നാക്ക് പരിശോധിക്കാറുണ്ടോ? ഡോക്ടര്‍മാര്‍ ചെയ്യുന്നത് ശ്രദ്ധിച്ചിട്ടില്ലേ?  

നാവിന്റെ സവിശേഷതകള്‍ നോക്കി നമ്മുടെ ആരോഗ്യാവസ്ഥ എങ്ങനെയെന്ന് പരിശോധിക്കാനാകും. അതുകൊണ്ടുതന്നെയാണ് ഡോക്ടര്‍മാര്‍ ആദ്യം നാവ് പരിശോധിക്കുന്നതും. സാധാരണയായി എത്തരത്തിലൊക്കെയാണ് ഇത് സാധ്യമാവുകയെന്ന് നോക്കാം. 

കട്ടി കൂടിയ മഞ്ഞ നിറം കണ്ടാല്‍...

നാക്കിന് മുകളില്‍ കട്ടി കൂടിയ മഞ്ഞ നിറം കണ്ടാല്‍ മനസ്സിലാക്കേണ്ടത് നമ്മുടെ വായയ്ക്ക് അല്‍പം കൂടി ശ്രദ്ധ നല്‍കണമെന്നാണ്. പല്ലുകളും നാക്കും കൂടുതല്‍ വൃത്തിയാക്കാന്‍ ശ്രമിക്കുക. ബാക്ടീരിയകളുടെ സാന്നിധ്യമാണ് ഈ മഞ്ഞ നിറം അറിയിക്കുന്നത്. 

തെളിഞ്ഞ ചുവന്ന നിറമാണെങ്കില്‍...

സാധാരണയായി തെളിഞ്ഞ ചുവന്ന നിറത്തിലുള്ള നാവ് അനീമിയയെ ആണ് സൂചിപ്പിക്കുന്നത്. വിറ്റാമിന്‍ ബി12 ന്റെ കുറവുണ്ടായാലും ഇങ്ങനെ സംഭവിക്കാം. ചില തരത്തിലുള്ള പനിയുണ്ടാകുമ്പോഴും നാവ് ഈ രീതിയില്‍ ചുവന്ന് കാണപ്പെടാറുണ്ട്. 

തീരെ ചെറിയ മുഴകളുണ്ടാകുന്നത്...

ചില സമയങ്ങളില്‍ നാക്കിന്റെ വശങ്ങളില്‍ വേദനയില്ലാത്ത തീരെ ചെറിയ മുഴകള്‍ ഉണ്ടാകുന്നത് കണ്ടിട്ടില്ലേ? വെളുത്തതോ ചുവന്നതോ ആയിരിക്കും ഇവ. വേദനയില്ലെങ്കിലും സംസാരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഇവ തടസ്സമുണ്ടാക്കും. അമിതമായി എണ്ണയില്‍ വറുത്തതോ, കൊഴുപ്പുള്ളതോ ആയ ഭക്ഷണം കഴിക്കുമ്പോള്‍ ആമാശയത്തിനകത്ത് അധികമായി രസം ഉത്പാദിപ്പിക്കപ്പെടും. ഇതാണ് ഈ ചെറിയ മുഴകളുണ്ടാകാനുള്ള കാരണം. രണ്ടാഴ്ചയിലധികം ഇവ പോകാതെ നില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണണം. 

അമിതമായ മിനുസം അനുഭവപ്പെടുന്നത്...

നാവിലെ പാപ്പില്ലെകളാണ് അതിനെ പരുക്കമുള്ളതായി സൂക്ഷിക്കുന്നത്. എന്നാല്‍ ഇവ നശിക്കുന്നതോടെയാണ് നാക്ക് മിനുസമുള്ളതാകുന്നത്. ആവശ്യമായ ചില പോഷകങ്ങളുടെ കുറവും പുകവലിയും ഒക്കെ ഇതിന് കാരണമാകും. 

പുണ്ണുണ്ടാകുന്നത്...

പൊതുവേ കവിളുകള്‍ക്കകത്താണ് ചെറുതും വളരെ വേദന അനുഭവപ്പെടുന്നതുമായ പുണ്ണുകള്‍ ഉണ്ടാകാറ്. ചില സമയങ്ങളില്‍ നാക്കിന്റെ അടിഭാഗത്തായും ഇവ ഉണ്ടാകാറുണ്ട്. എന്തെങ്കിലും കടുപ്പമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെയോ അല്ലെങ്കില്‍ ഉത്കണ്ഠയോ ഉറക്കമില്ലായ്മയോ ഹോര്‍മോണല്‍ വ്യതിയാനങ്ങളോ ആകാം ഇതിന് കാരണം. 

നേരിയ വെളുത്ത നിറത്തിലുള്ള പാടയുണ്ടാകുന്നത്...

പ്രതിരോധ ശക്തി കുറഞ്ഞവരിലാണ് സാധാരണയായി ഇത് കാണപ്പെടാറ്. പ്രത്യേകിച്ചും കുട്ടികളിലും പ്രായമായവരിലും കാണാറുണ്ട്. നാവിലെ പൂപ്പലാണ് ഇത്തരത്തില്‍ നേരിയ വെളുത്ത നിറത്തില്‍, വിള്ളലുകളോടെ കാണുന്നത്. പ്രതിരോധ ശക്തി കുറയുന്നുവെന്ന് സൂചിപ്പിക്കുമ്പോള്‍ അത് പല തരത്തിലുള്ള ഗൗരവപരമായ അസുഖങ്ങളെയും കൂടിയാണ് സൂചിപ്പിക്കുന്നത്. ഉറപ്പായും ഒരു ഡോക്ടറെ കണ്ട ശേഷം ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ 6 ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം