
കൊച്ചി: കൊച്ചിയിൽ അനാമിക വർമ(17)യെന്ന വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചെന്ന വാര്‍ത്ത വായിച്ച് പലരും അമ്പരന്നിട്ടുണ്ടാകാം. വിശദമായ പരിശോധനയില്‍ ഭക്ഷണത്തിൽ നിന്നുണ്ടായ അലർജി മൂലമാണ് മരണമെന്ന് പിന്നാലെ സ്ഥിരീകരണം വരികയും ചെയ്തു. എറണാകുളത്തെ ഹോട്ടലിൽ നിന്ന് കഴിച്ച ബിരിയാണിയിൽ ഉണ്ടായിരുന്ന ചെമ്മീനാണ് വിദ്യാര്‍ഥിനിയില്‍ അലർജി ഉണ്ടാക്കിയതെന്നാണ് നിഗമനം.
പലർക്കും ചെമ്മീൻ, പാൽ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളോട് അലർജി ഉണ്ട്. എന്നാൽ വളരെ ചുരുക്കം പേരിൽ മാത്രമാണ് ഇത് മരണ കാരണം ആകാറുള്ളു എന്ന് അനാമികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പോലീസ് സർജൻ ബിജു ജനസ് പറഞ്ഞു. എന്നാൽ ഭക്ഷണ പദാർത്ഥങ്ങളോടു അലർജി ഉള്ളവർ സൂക്ഷിക്കേണ്ടതുണ്ട്. വളരെ ചെറിയ അളവിൽ ഇവ ഉള്ളിൽ ചെന്നാൽ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.
അലര്‍ജിയുടെ ലക്ഷണങ്ങള്‍
ഭക്ഷണം കഴിച്ച ഉടനെ അലർജിയുടെ ലക്ഷണങ്ങൾ കണ്ടേക്കണമെന്നില്ല. ചിലപ്പോൾ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിലോ ദഹനം നടന്നു കഴിഞ്ഞ ശേഷമോ ആകാം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതു. മുട്ട, പാൽ, മാംസം, ചെമ്മീൻ, കക്കഇറച്ചി, കൊഞ്ച്. ചിലതരം മീനുകൾ, നിലക്കടല. ഗോതമ്പ് എന്നിവയാണ് സാധാരണയായി ആളുകളിൽ അലർജി ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.
സാധാരണയായി പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണ പദാർഥങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. ഭക്ഷണത്തിലുള്ള പ്രോട്ടീനെതിരെ ശരീരം ആന്റിബോഡികൾ ഉണ്ടാക്കുകയും ഇവ തമ്മിൽ പ്രതിപ്രവർത്തനം നടക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഹിസ്റ്റമിൻ എന്ന രാസവസ്തു ആണ് അലർജിക്ക് കാരണമാകുന്നത്.
ഭക്ഷണം കഴിച്ചു രണ്ടു മിനുട്ട് മുതൽ മൂന്നു മണിക്കൂറിനുള്ളിൽ വരെ അലർജിയുടെ ലക്ഷണങ്ങൾ പ്രകടമാകും.
ശരീരം ചൊറിഞ്ഞു തടിക്കുക, ഛർദി, വയറിളക്കം, വയറുവേദന, കണ്ണിലെ വീക്കം, ചുണ്ടിലും വായിലും വീക്കം തുടങ്ങിയ ലക്ഷണങ്ങൾ അത്ര ഗുരുതരമല്ല. എന്നാൽ ചിലർക്ക് ശ്വാസതടസം, തലകറക്കം, വേഗത്തിലുള്ള ശ്വസോച്ഛ്വാസം, ബോധക്ഷയം, ക്രമം തെറ്റിയ ഹൃദയമിടിപ്പ് എന്നിവ കണ്ടേക്കാം. ഇത് ശ്രദ്ധിക്കേണ്ടതാണ്.
അലർജിയുടെ ഏറ്റവും അപകടകരമായ അനഫൈലാറ്റിക് ഷോക്ക് എന്ന അവസ്ഥയുടെ ലക്ഷണമാവാം ഇത്. ശ്വാസതടസ്സവും രക്തസമ്മർദം കുറയുന്നതുമാണ് പ്രധാന ലക്ഷണം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ തേടേണ്ടതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam