
പുകവലിക്ക് അടിപ്പെട്ടുപോയ ഒരാള്‍ പുകവലി നിര്‍ത്തിക്കഴിഞ്ഞ് 20 മിനിട്ടു പിന്നിടുമ്പോള്‍ ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുതുടങ്ങും. ഏകദേശം 15 വര്‍ഷം വരെ പലതരത്തിലുള്ള മാറ്റങ്ങള്‍ തുടരും. ബ്രിട്ടനില്‍ ഏകദേശം ഒരുകോടിയോളം പേര്‍ പുകവലിക്കുന്നവരാണ്. ഇവരില്‍ മൂന്നിലൊന്ന് പേരും പുകവലി നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ആക്ഷന്‍ ഓണ്‍ സ്‌മോക്കിങ് ആന്‍ഡ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ വ്യക്തമായി.
അവസാനമായി പുകവലിച്ച് 20 മിനിട്ട് പിന്നിടുമ്പോള്‍, രക്തസമ്മര്‍ദ്ദവും നാഡീമിടിപ്പും കുറയും. എട്ടുമണിക്കൂര്‍ കഴിയുമ്പോള്‍, രക്തത്തിലെ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് കുറയുകയും, ഓക്‌സിജന്റെ അളവ് കൂടുകയും ചെയ്യും.
48 മണിക്കൂര്‍ കഴിയുമ്പോള്‍, രുചിക്കാനും മണപ്പിക്കാനുള്ള ശേഷി വര്‍ദ്ധിക്കും. 72 മണിക്കൂര്‍ പിന്നിടുമ്പോള്‍, ശ്വാസനാളങ്ങള്‍ ആയാസരഹിതമായി മാറും. രണ്ട് ആഴ്‌ച മുതല്‍ മൂന്നു മാസം വരെയുള്ള കാലയളവില്‍ രക്തചംക്രമണം, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം, ശാരീരികക്ഷമത എന്നിവ മെച്ചപ്പെടും.
ഒന്നു മുതല്‍ ഒമ്പത് മാസം വരെയുള്ള കാലയളവില്‍ ചുമ കുറയുകയും സൈനസ് പ്രശ്നങ്ങള്‍ വലിയ ആശ്വാസം ലഭിക്കുകയും ചെയ്യും. ശ്വാസകോശ അണുബാധ നല്ലരീതിയില്‍ കുറയുകയും ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുകയും ചെയ്യും.
ഒരു വര്‍ഷം ആകുമ്പോള്‍, പുകവലി മൂലമുണ്ടായ ഹൃദ്രോഗപ്രശ്‌നങ്ങള്‍ പകുതിയോളം മാറുന്നു. അഞ്ചുവര്‍ഷമാകുമ്പോള്‍, മസ്‌തിഷ്‌ക്കാഘാതം, ക്യാന്‍സര്‍ എന്നിവ പിടിപെടാനുള്ള സാധ്യത പകുതിയായി കുറയുന്നു.
പത്തുവര്‍ഷമാകുമ്പോള്‍, പുകവലിച്ചുകൊണ്ടിരിക്കുന്നവരെ അപേക്ഷിച്ച് ശ്വാസകോശ ക്യാന്‍സര്‍ വരാനുള്ള സാധ്യത പകുതിയായി കുറയുന്നു. പാന്‍ക്രിയാറ്റിക് ക്യാന്‍സറിനുള്ള സാധ്യത, പുകവലിക്കാത്തവരെ പോലെ ആകുന്നു. 15 വര്‍ഷമാകുമ്പോള്‍, ഹൃദ്രോഗവും അതുവഴിയുള്ള മരണസാധ്യതയുമൊക്കെ പുകവലിക്കാത്തവരെ പോലെയായി മാറുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam