
കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് മിക്ക അമ്മമാർക്കും ഇപ്പോഴും അറിയില്ല. കുട്ടികൾക്ക് പോഷകഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രഭാതഭക്ഷണം നൽകുമ്പോഴാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനത്തിലും പറയുന്നുണ്ട്. കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാതഭക്ഷണത്തിന് കഴിയും. പ്രഭാതഭക്ഷണത്തിൽ പാൽ, മുട്ട, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.
രാവിലെ നാരുകളടങ്ങിയ ആഹാരം കഴിക്കുന്നത് ഹൃദ്രോഗവും പ്രമേഹവും വരാനുള്ള സാധ്യത തടയുന്നു. ഇടനേരങ്ങളിൽ ചെറിയ ഭക്ഷണം കുട്ടികൾക്ക് അത്യാവശ്യമാണ്. പഴവർഗങ്ങൾ, പുഴുങ്ങിയ പയർവർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ (കശുവണ്ടി, ബദാം), അവൽ നനച്ചത് എന്നിവ ഉൾപ്പെടുത്താവുന്നതാണ്. എണ്ണയിൽ വറുത്തതും പൊരിച്ചതും (ചിപ്സ്, മുറുക്ക്, പലതരത്തിലുള്ള വടകൾ) എന്നിവയ്ക്ക് പകരം ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടികൾക്ക് ഇലക്കറികൾ ധാരാളം നൽകാൻ ശ്രദ്ധിക്കണം. കടകളിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് ഫുഡുകൾ പരമാവധി ഒഴിവാക്കുക. കുട്ടികൾക്ക് രാത്രി ഭക്ഷണം എട്ട് മണിക്ക് മുൻപേ കൊടുക്കണം. അത്താഴം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞേ ഉറങ്ങാൻകിടക്കാവൂ. കുട്ടികൾക്ക് കുറഞ്ഞത് എട്ട് മണിക്കൂർ ഉറക്കം ലഭിക്കണം.
ചെറുചൂടുവെള്ളം, ജീരകവെള്ളം, മല്ലിവെള്ളം എന്നിവ ധാരാളം നൽകുക. പാക്കറ്റിൽ കിട്ടുന്ന ജ്യൂസും, കോളപാനീയങ്ങൾ, കളർപാനീയങ്ങൾ എന്നിവയ്ക്ക് പകരം മോരിൻവെള്ളം, കരിക്കിൻവെള്ളം, നാരങ്ങാവെള്ളം, പച്ചക്കറിസൂപ്പുകൾ, വീട്ടിലുണ്ടാക്കുന്ന ഫ്രൂട്ട് ജ്യൂസുകൾ എന്നിവ കൊടുക്കാം. കുട്ടികളെ അധികം ടി വി കാണാൻ അനുവദിക്കരുത്. കാരണം, നിരവധി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ശ്രദ്ധക്കുറവ്, പൊണ്ണത്തടി, ഉറക്കമില്ലായ്മ, കണ്ണിന്റെ കാഴ്ച്ചക്കുറവ് എന്നിവയ്ക്ക് ഇത് കാരണമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam