വാട്ട്സ്ആപ്പ് നെക്ക്, സെല്‍ഫി എല്‍ബോ അസുഖങ്ങള്‍ വ്യാപകമാകുന്നു

By Web DeskFirst Published Apr 20, 2017, 11:59 AM IST
Highlights

ഇത് സ്‌മാര്‍ട്ട് ഫോണിന്റെ കാലം. സെല്‍ഫി എടുക്കാത്തവരായും വാട്ട്സ്ആപ്പ് ഉപയോഗിക്കാത്തവരായുമുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്ന കാലം. അതിനിടെയാണ് സെല്‍ഫി എല്‍ബോ, വാട്ട്‌സ്ആപ്പ് നെക്ക് എന്നീ രണ്ടു പുതിയ അസുഖങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. തുടര്‍ച്ചയായി സെല്‍ഫി എടുക്കുമ്പോള്‍ കൈമുട്ടിനുണ്ടാകുന്ന വേദനയും, വാട്ട്സ്ആപ്പ് ഉള്‍പ്പടെ നോക്കാനായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍, കഴുത്തിനുണ്ടാകുന്ന വേദനയുമാണ് ഈ പുതിയ അസുഖങ്ങള്‍ക്ക് കാരണം. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഈ പുതിയ അസുഖങ്ങള്‍ ഓര്‍ത്തോപീഡിക് ഡോക്‌ടര്‍മാര്‍ ശ്രദ്ധിക്കുന്നത്. ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം സെല്‍ഫി എല്‍ബോ, വാട്ട്സ്‌ആപ്പ് നെക്ക് രോഗങ്ങളുമായി എത്തുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിവരികയാണത്രെ. രാജ്യത്തെ വിവിധ ആശുപത്രികളിലായി ഈ പ്രശ്‌നങ്ങളുമായി എത്തുന്നവരുടെ എണ്ണം ദിവസവും കൂടിവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സെല്‍ഫി എടുക്കാനും സ്‌മാര്‍ട്ട്ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ കൈമുട്ടിലെയും കഴുത്തിലെയും പേശികള്‍ക്കും നാഢികള്‍ക്കും ഉണ്ടാകുന്ന ക്ഷതവും സമ്മര്‍ദ്ദവുമാണ് ഈ അസുഖങ്ങള്‍ക്ക് കാരണം. നേരത്തെ കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നത് കാരണം കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്ന അസുഖം വ്യാപകമാകുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍ച്ചയായി ഏറെ സമയം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുകയും, സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് ഡോക്‌ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശം. ആവശ്യത്തിന് വിശ്രമം ലഭിക്കുകയും, കഴുത്തിനും കൈയ്‌ക്കും മതിയായ വ്യായാമം ലഭിക്കുകയും ചെയ്യുന്നത് രോഗത്തിന്റെ തീവ്രത കുറയ്‌ക്കാനാകും. ഈ അസുഖത്തിന് പ്രത്യേകമായി മരുന്ന് കണ്ടെത്തിയിട്ടില്ല. വേദനസംഹാരികള്‍ കഴിച്ച്, വേദന താല്‍ക്കാലികമായി ശമിപ്പിക്കാമെന്ന് മാത്രം. നാഡികള്‍ക്കു ഗുരുതരമായ ക്ഷതം ഏറ്റാല്‍ ശസ്‌ത്രക്രിയ വേണ്ടിവരും.

click me!