കാട്ടുതീയില്‍ കുടുങ്ങിയ ഓസ്ട്രേലിയയിലെ മൃഗങ്ങള്‍ക്ക് ഇനി കയ്യുറയുടെ ആവശ്യമില്ല; കാരണം ഇതാണ്!

By Web TeamFirst Published Jan 27, 2020, 4:13 PM IST
Highlights

മാസങ്ങളോളം നീണ്ട കാട്ടുതീയില്‍ നിരവധി വന്യജീവികള്‍ക്കാണ് ഗുരുതര പൊള്ളലേറ്റത്. പൊള്ളലേറ്റ കൊആലകള്‍ക്കായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൈ കൊണ്ട് നിര്‍മ്മിച്ച പ്രത്യേകതരം കയ്യുറകള്‍ എത്താന്‍ തുടങ്ങിയതോടെയാണ് രാജ്യാന്തര ദുരിതാശ്വാസ കേന്ദ്രത്തിന്‍റെ ഡയറക്ടറുടെ ആവശ്യം.

കാട്ടുതീയില്‍ ഗുരുതരമായി പൊള്ളലേറ്റ വന്യജീവികള്‍ക്ക് ഇനി പ്രത്യേകതരം കയ്യുറകളുടെ ആവശ്യമില്ലെന്ന് ദുരിതാശ്വാസ പ്രവര്‍ത്തകര്‍. നിങ്ങളുടെ നല്ല മനസിനും പിന്തുണയ്ക്കും നന്ദി പറയുന്നു പക്ഷേ ദയവായി ഇനി ഓസ്ട്രേലിയയിലേക്ക് കൂടുതല്‍ ദുരിതാശ്വാസ വസ്തുക്കള്‍ അയക്കരുത്. കാട്ടുതീയില്‍ നട്ടം തിരിഞ്ഞ രാജ്യത്തിന് സഹായം നല്‍കാന്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ള എന്‍ജിഒകളില്‍ ഒരു ഡോളര്‍ നിക്ഷേപിച്ചാല്‍ അതാവും കൂടുതല്‍ ഉചിതമെന്നും രാജ്യാന്തര ദുരിതാശ്വാസ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍  വ്യക്തമാക്കി. 

മാസങ്ങളോളം നീണ്ട കാട്ടുതീയില്‍ നിരവധി വന്യജീവികള്‍ക്കാണ് ഗുരുതര പൊള്ളലേറ്റത്. പൊള്ളലേറ്റ കൊആലകള്‍ക്കായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൈ കൊണ്ട് നിര്‍മ്മിച്ച പ്രത്യേകതരം കയ്യുറകള്‍ എത്താന്‍ തുടങ്ങിയതോടെയാണ് രാജ്യാന്തര ദുരിതാശ്വാസ കേന്ദ്രത്തിന്‍റെ ഡയറക്ടറുടെ ആവശ്യം. കൈകാര്യം ചെയ്യാന്‍ ആവുന്നതിലും അധികം കയ്യുറകള്‍ ലഭിച്ചുകഴിഞ്ഞു. വിദേശത്ത് നിന്ന് പോലും ലഭിച്ച സഹായങ്ങള്‍ക്ക് നന്ദിയുണ്ടെന്നും രാജ്യാന്തര ദുരിതാശ്വാസ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍ വിശദമാക്കി. 

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിന് ഇടയില്‍ വിമാനത്താവളത്തില്‍ സ്ഥലം സൗകര്യങ്ങള്‍ പരിമിതമാണ്. വിമാനങ്ങളില്‍ എത്തുന്ന ദുരിതാശ്വാസ വസ്തുക്കള്‍ ജീവനക്കാര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനും അപ്പുറമാണ്. ഇന്ധനവും ജീവനക്കാരുടെ ക്ഷാമവുമാണ് ഇപ്പോള്‍ നേരിടുന്നത്. തുടര്‍ച്ചയായി വലിയ വിമാനങ്ങള്‍ ഇത്തരം വസ്തുക്കളുമായി ഓസ്ട്രേലിയയിലേക്ക് വരുമ്പോഴുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവും മലിനീകരണവും കൂടുതലാണ്. 

ഏതാനും ഡോളറുകള്‍ നിങ്ങള്‍ക്ക് അയക്കാന്‍ സാധിക്കുമെങ്കില്‍ അതാവും ഉത്തമം. പണം ആയക്കുന്നതിനേക്കുറിച്ച് ആളുകള്‍ക്ക് മിക്കപ്പോഴും വലിയ ആശങ്കയാണുള്ളത്. അതില്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ളവരേയോ ആ മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നേരിട്ട് അയച്ച് കൊടുക്കുകയോ ചെയ്യാമെന്നും രാജ്യാന്തര ദുരിതാശ്വാസ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ജുനൈറ്റാ റില്ലിങ് വിശദമാക്കുന്നു.
 

click me!