
കായികക്ഷമതയുടെ കാര്യത്തിൽ പുരുഷൻമാരാണോ സ്ത്രീകളാണോ മുന്നിൽ? ഈ ചോദ്യത്തിന് കണ്ണുപൂട്ടി ഉത്തരം പറയാൻ വരട്ടെ. പുതിയ പഠനം അനുസരിച്ച് പുരുഷൻമാരേക്കാൾ കായികക്ഷമതയിൽ മുന്നിൽനിൽക്കുന്നത് സ്ത്രീകളാണത്രെ. കഠിനമായ ജോലികൾ, വ്യായാമം എന്നിവയൊക്കെ ചെയ്യുമ്പോൾ ഓക്സിജൻ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിൽ സ്ത്രീകളാണ് മുന്നിലെന്നാണ് വാട്ടർലൂ സർവ്വകലാശാലയിൽ നടത്തിയ പഠനത്തിൽ വ്യക്തമായത്. ഓക്സിജൻ ശ്വസിക്കുന്നതും, ശ്വസിച്ച ഓക്സിജൻ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതുമായ ഘടകങ്ങളെ അധികരിച്ചാണ് പഠനം നടത്തിയത്. ട്രെഡ്മിൽ വ്യായാമത്തിലൂടെയാണ് പതിനെട്ടോളം ചെറുപ്പക്കാരായ സ്ത്രീകളെയും പുരുഷൻമാരെയും ഇതുസംബന്ധിച്ച പഠനത്തിന് വിധേയമാക്കിയത്. വ്യായാമം ചെയ്തുകൊണ്ട് ഓക്സിജൻ ആഗിരണം ചെയ്യുന്ന കാര്യത്തിൽ പുരുഷൻമാരേക്കാൾ സ്ത്രീകൾ ഏറെ മുന്നിലാണെന്നാണ് പരീക്ഷണത്തിൽ വ്യക്തമായത്. ഇക്കാര്യത്തിൽ സ്ത്രീകൾക്ക് 30 ശതമാനം വരെ വേഗത കൂടുതലാണെന്ന് വ്യക്തമായി. എന്നാൽ പ്രകൃതിദത്തമായി കായികക്ഷമതയുടെ കാര്യത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന ഈ മേൽക്കൈ, അവരുടെ ജീവിതസാഹചര്യം, ശാരീരികമായ പ്രത്യേകതകൾ എന്നിവ കാരണം പിന്നീട് കുറഞ്ഞുവരുന്നതായും പഠനസംഘം പറയുന്നു. ആർത്തവം, പ്രസവം എന്നിവയൊക്കെ കാരണം സ്ത്രീകളിലെ കായികക്ഷമത കുറഞ്ഞുവരുമെന്നും വ്യക്തമായി. പഠനറിപ്പോർട്ട് അപ്ലൈഡ് ഫിസിയോളജി, ന്യൂട്രീഷ്യൻ ആൻഡ് മെറ്റബോളിസം എന്ന വൈദ്യശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam