എന്തുകൊണ്ട് ഭര്‍ത്താവിനെ വേണ്ട? വിവാഹമോചിതരായ സ്ത്രീകള്‍ പറയുന്നു...

By Web DeskFirst Published Jul 4, 2018, 11:34 AM IST
Highlights
  • 'ലൈംഗികതയേക്കാള്‍ പ്രധാനമായ വിഷയങ്ങളുണ്ട് ദാമ്പത്യത്തില്‍'
  • 43,000 സ്ത്രീകള്‍ പങ്കെടുത്ത സര്‍വേ

വിവാഹമോചനം തേടുന്നത് കടുത്ത അപരാധമായിരക്കാണുന്ന രീതിയൊക്കെ പഴഞ്ചനായിക്കഴിഞ്ഞു. ഇപ്പോള്‍ വിവാഹത്തോളം തന്നെ വിവാഹമോചനങ്ങളും നമുക്കിടയില്‍ സാധാരണയായിക്കഴിഞ്ഞു. എന്തുകൊണ്ട് ഭര്‍ത്താവിനെ വേണ്ടെന്ന് വച്ചു? 'നെക്സ്റ്റ് ലവ്' എന്ന വെബ്‌സൈറ്റാണ് ഇങ്ങനെയൊരു സര്‍വേ സംഘടിപ്പിച്ചത്. 43,000 സ്ത്രീകളാണ് ഇവര്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തത്. 

വിശ്വാസവും പ്രണയവും ലൈംഗികതയും സ്വാതന്ത്ര്യവുമെല്ലാം ചര്‍ച്ചയ്ക്ക് സജീവമായി വിഷയങ്ങളായെങ്കിലും വിവാഹമോചനം തേടാന്‍ പ്രേരിപ്പിച്ച കാരണങ്ങളില്‍ മൂന്നെണ്ണമാണ് ഏറ്റവും പ്രധാനപ്പെട്ടവയായി സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ തെരഞ്ഞെടുത്തത്.

1. വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങള്‍...

ഭാര്യയും ഭര്‍ത്താവും വ്യത്യസ്ത അഭിരുചികളുള്ളവരായിരിക്കുമ്പോള്‍ പൊരുത്തക്കേടുകള്‍ സ്വാഭാവികമാണ്. ഒന്നിച്ച് പോകാനാകാതെ രണ്ട് പേരും രണ്ട് വഴിക്ക് മുന്നോട്ടുപോകുന്ന അവസ്ഥ. രണ്ട് തരത്തിലുള്ള താല്‍പര്യങ്ങളായിരിക്കും ജീവിതത്തില്‍ ഇവര്‍ പുലര്‍ത്തുക. ഏത് ചെറിയ കാര്യങ്ങളിലും ഈ തെരഞ്ഞെടുപ്പുകള്‍ രണ്ടായിത്തന്നെ മുഴച്ചുനില്‍ക്കും. 

ഇത് ക്രമേണ അവര്‍ക്കിടയില്‍ ഒരകലമുണ്ടാക്കുന്നു. അത് പിന്നീട് ബന്ധം ഒഴിവാക്കുന്നതിന് പ്രേരണയുമാകുന്നു.

2. അവിശ്വാസ്യത...

പങ്കാളികള്‍ക്കിടയിലെ വിശ്വാസ്യത എത്രമാത്രം പ്രധാനമാണോ അത്ര തന്നെ പ്രധാനമാണ് അവിശ്വാസ്യത എന്ന ഘടകവും. പരസ്പരമുള്ള വിശ്വാസത്തിന് ഒരിക്കല്‍ സംഭവിക്കുന്ന മുറിവ് ഉണങ്ങാതെ സൂക്ഷിക്കപ്പെടുന്നതും അപകടം തന്നെ. 

ഭര്‍ത്താവ് മറ്റ് സ്ത്രീകളുമായി ഏതുവിധത്തില്‍ അടുത്തിടപഴകുന്നതും ഒരേ രീതിയില്‍ തന്നെ വായിച്ചെടുക്കുന്ന തലത്തിലേക്ക് മാനസികമായി മാറിപ്പോകുന്നതാണ് ഇതില്‍ ഏറ്റവും വലിയ തിരിച്ചടി. സംശയരോഗങ്ങളൊക്കെ ഇതിന്റെ വകഭേദങ്ങള്‍ മാത്രം. 

അവിശ്വാസ്യതയുടെ പേരിലാണ് സര്‍വേയില്‍ പങ്കെടുത്ത ഏതാണ്ട് 29% സ്ത്രീകളും വിവാഹമോചനം തേടിയത്. 

3. അനാവശ്യമായ തര്‍ക്കങ്ങളും വഴക്കും...

രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ അവര്‍ക്കിടയില്‍ എത്രയോ വിഷയങ്ങള്‍ ദിവസവും വന്നുപോകും. ഏത് ചെറിയ കാര്യത്തിനും വേണ്ടി അമിതമായി തര്‍ക്കിക്കുകയോ വഴക്കുകൂടുകയോ ചെയ്യുന്ന ഭര്‍ത്താക്കന്മാരെ സഹിക്കാനാണ് ഏറ്റവും ബുദ്ധിമുട്ടെന്നാണ് സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ പറയുന്നത്. 

സ്വന്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാനാകുന്നില്ലെന്ന് മാത്രമല്ല, മുഴുവന്‍ സമയവും ഒരു വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും വേണമെന്നതാണ് ഈ അവസ്ഥ. 

വിവാഹമോചനം തേടുന്നവരില്‍ ലൈംഗിക അസംതൃപ്തി നേരിടുന്നവരും ഒട്ടും കുറവല്ല, പക്ഷേ സ്വഭാവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് തന്നെയാണ് മുന്‍ഗണനയെന്നാണ് സര്‍വേ തെളിയിക്കുന്നത്. ലൈംഗിക താല്‍പര്യങ്ങളെ സംരക്ഷിക്കാത്ത ഭര്‍ത്താവിനെ വിട്ട് മറ്റൊരു പങ്കാളിയെ തെരഞ്ഞെടുക്കാനും വിവാഹമോചനം ഒരു വഴിയാകുന്നു. 

ദാമ്പത്യം അതിന്റെ മധുരകാലഘട്ടത്തിന് ശേഷം ബോറടിയിലേക്ക് കടന്നതിനെ തുടര്‍ന്ന് ബന്ധം വേര്‍പെടുത്തിയവരും കുറവല്ല. ഏറെയും സാമൂഹികായ കാരണങ്ങളാണ് ബന്ധം വേര്‍പെടുത്തുന്നതിന്റെ കാരണമായി സ്ത്രീകള്‍ സര്‍വേയില്‍ ചൂണ്ടിക്കാട്ടിയത്.
 

click me!