കറണ്ടില്ലാതിരുന്ന കാലത്ത് നക്ഷത്രവിളക്ക് മിന്നിച്ച കഥ

By Web DeskFirst Published Dec 24, 2016, 9:53 AM IST
Highlights

ബാല്യകാലത്തെ ക്രിസ്‌മസ് ഒരിക്കലും മറക്കാനാകാത്ത നിരവധി അനുഭങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ആറുപതുകളില്‍, ഞാന്‍ ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍ കറണ്ടില്ലാതിരുന്നിട്ടും, മിന്നുന്ന നക്ഷത്രവിളക്ക് തെളിയിച്ചതും, കരോള്‍സംഘത്തിനൊപ്പമുള്ള നിമിഷങ്ങളുമൊക്കെ ഇന്നും മനസില്‍ മായാതെ കിടപ്പുണ്ട്. കോഴഞ്ചേരിക്ക് അടുത്ത് പുല്ലാട്ട് എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. അപ്പച്ചന്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു. ഞങ്ങളുടെ വീട്ടില്‍ കറണ്ടില്ലായിരുന്നു. അന്നൊക്കെ മിന്നിത്തിളങ്ങുന്ന നക്ഷത്രവിളക്ക്, പണക്കാരുടെ വീട്ടില്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതുപോലെ ഒരെണ്ണം വീട്ടിലും ഇടണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നടക്കാറില്ല. അങ്ങനെ ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുന്ന ഒരു ക്രിസ്‌മസ് കാലത്ത്, ഞാനും ഒരു നക്ഷത്രവിളക്ക് വീട്ടില്‍ ഒരുക്കാന്‍ തീരുമാനിച്ചു. നാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു അച്ഛന്‍. അതുകൊണ്ടുതന്നെ വൈകുന്നേരങ്ങളില്‍ വീട്ടില്‍ സഖാക്കളും അച്ഛനോടൊപ്പം ജോലി ചെയ്യുന്ന സഹ അധ്യാപകരുമൊക്കെ ഒരുമിച്ച് കൂടാറുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം മുളന്തണ്ട് കീറിയെടുത്ത് നക്ഷത്ര ഫ്രെയിം തയ്യാറാക്കി, അതില്‍ വര്‍ണ കടലാസുകളൊക്കെ ഒട്ടിച്ചു നല്ലൊരു സ്റ്റാര്‍ ഉണ്ടാക്കി. വൈകുന്നേരമായപ്പോള്‍, ആ നക്ഷത്രത്തിനുള്ളില്‍ ബള്‍ബ് ഇടുകയും, സ്‌കൂളില്‍ പഠിച്ച ബാറ്ററി സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ അത് കത്തിക്കുകയും ചെയ്‌തു. അതുകണ്ട് വീട്ടില്‍ കൂടിയിരുന്ന സഖാക്കളും അച്ഛന്റെ കൂട്ടുകാരുമൊക്കെ അത്ഭുതപ്പെട്ടുപോയി. ഞങ്ങളുടെ വീട്ടില്‍ നക്ഷത്രവിളക്ക് മിന്നിയപ്പോള്‍ അയല്‍വീട്ടുകാര്‍ക്കും അത്ഭുതമായി.

അതുപോലെ ഗൃതുരത ഉണര്‍ത്തുന്ന മറ്റൊരു ക്രിസ്‌മസ് അനുഭവം കൂടിയുണ്ട്. കരോള്‍ സംഘത്തിനൊപ്പമുള്ള യാത്രകള്‍. കമ്മ്യൂണിസ്റ്റായിരുന്ന അപ്പച്ചന്‍ പള്ളിയില്‍ പോകാറില്ലായിരുന്നു. അതുകൊണ്ട് ഞങ്ങളും ആദ്യമൊക്കെ പള്ളിയില്‍ പോകാറില്ലായിരുന്നു. എന്നാല്‍ പിന്നീട് പള്ളിയില്‍ പോകാനും കരോള്‍ സംഘത്തിനൊപ്പം പോകാനുമൊക്കെ തുടങ്ങി. ശരിക്കും കൂട്ടുകാരുമൊത്ത് ക്രിസ്‌മസ് സന്ദേശവുമായി വീടുകള്‍ കയറിയിറങ്ങുന്നത് ഒരു അനുഭവം തന്നെയായിരുന്നു. സമൂഹത്തിലേക്കുള്ള വാതായനങ്ങള്‍ എനിക്ക് മുന്നില്‍ തുറന്നുകിട്ടുന്നത് കരോള്‍സംഘത്തിനൊപ്പം ചേര്‍ന്നതോടെയാണ്. ബാല്യകാലത്തെ ഇത്തരം ക്രിസ്‌മസ് ഓര്‍മ്മകള്‍ ഒരിക്കലും മറക്കാനാകാത്തതാണ്.

click me!