
വീണ്ടുമൊരു ക്രിസ്‌മസ്-നവവല്‍സരക്കാലമാണിത്. ആഘോഷവേളകളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഏവരും. ക്രിസ്‌മസ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്നത് അപ്പവും വീഞ്ഞും കേക്കുമൊക്കെയാണ്. ക്രിസ്‌മസ് സ്‌പെഷ്യല്‍ ആയി വീട്ടില്‍ തന്നെ നമുക്ക് ഒരു വൈന്‍ ഉണ്ടാക്കി നോക്കിയാലോ?
എല്ലാവരും ഒത്തൊരുമിക്കുമ്പോള്‍ സ്‌നേഹത്തിന്റെ, പങ്കുവെയ്ക്കലിന്റെ പ്രതീകമായിട്ടാണ് ഇങ്ങനെയൊരു ചടങ്ങ് തുടങ്ങിയത് തന്നെ. വിദേശ രാജ്യങ്ങളെ ആചാരം നമ്മളും പകര്‍ത്തിയെന്ന് മാത്രം.
വൈന്‍ ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. വൈന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രം മണ്‍ഭരണിയോ ഗ്‌ളാസ്സ് ജാറോ ഉപയോഗിക്കുന്നതാണുത്തമം. നന്നായി കഴുകി വെയിലത്ത് വെച്ച് ഉണക്കിയെടുക്കണം. ഇളക്കാനായി കഴുകി ഉണക്കിയ മരത്തവി ഉപയോഗിക്കുക.
1) കറുത്ത മുന്തിരിങ്ങ - ഒരു കിലോ
2) പഞ്ചസാര - രണ്ട് കിലോ (അര കിലോ പഞ്ചസാര കരിക്കാന്‍ മാറ്റിവെയ്ക്കണം )
3 ) ഗോതമ്പ് - കാല്‍ കിലോ
4) യീസ്റ്റ് - പതിനഞ്ച് ഗ്രാം (രണ്ട് ടേബിള്‍ സ്പൂണ്‍)
5) കറുവപ്പട്ട - ഒരു കഷണം
6) ഗ്രാമ്പു - പത്ത് എണ്ണം
7) ഏലയ്ക്ക - അഞ്ച് എണ്ണം
8 ) ജാതിപത്രി - ഒരു കമ്മല്‍ പൂവ്
9 ) കരിച്ച പഞ്ചസാര - അര കിലോ ഒരു ലിറ്റര്‍ വെളളത്തില്‍
10) തിളപ്പിച്ചാറിയ വെള്ളം - രണ്ട് ലിറ്റര്‍
11 ) മുട്ട വെള്ള പതപ്പിച്ചത് - ഒരു മുട്ടയുടെത്
ആദ്യമായി ചെയ്യേണ്ടത് മുന്തിരിങ്ങ അല്‍പ്പം ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.(ഉപ്പ് ചേര്‍ക്കുന്നത് വിഷാംശം പോകാനാണ്)
മുന്തിരിങ്ങ ഓരോന്നായി തണ്ടില്‍ നിന്നും വേര്‍പെടുത്തി എടുക്കുക. അതിന് ശേഷം മുന്തിരിങ്ങ കൈ കൊണ്ട് തന്നെ നന്നായി ഉടച്ചെടുക്കുക. അടുത്തതായി മണ്‍ഭരണിയില്‍ ഒരു ലെയര്‍ ഉടച്ച മുന്തിരിങ്ങ ഇടുക. അതിനു മുകളില്‍ കുറച്ച് പഞ്ചസാര, ഗോതമ്പ്, പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജാതിപത്രി ഇവ ഇടുക. ഇങ്ങനെ ലെയറുകള്‍ ആവര്‍ത്തിക്കുക. ഒരു മരത്തവി കൊണ്ട് ഇളക്കുക.അതിനു ശേഷം തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക. യീസ്റ്റ് കുറച്ച് വെള്ളത്തില്‍ കലക്കിയത് ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. പഞ്ചസാര എല്ലാം ഒന്ന് യോജിക്കണം. ഏറ്റവും മുകളില്‍ മുട്ട വെള്ള പതപ്പിച്ചത് ഒഴിക്കുക.(പൂപ്പല്‍ വരാതിരിക്കാന്‍ ആണ്) ഒരു കോട്ടണ്‍തുണി ഉപയോഗിച്ച് ഭരണി നന്നായി മുറുക്കി കെട്ടിവെയ്ക്കുക. സൂര്യപ്രകാശം നേരിട്ട് പതിക്കാത്ത വിധത്തില്‍ ഇരുട്ടുള്ള സ്ഥലത്ത് ജാര്‍ സൂക്ഷിക്കുക.
അടുത്ത ദിവസം മരത്തവി ഉപയോഗിച്ച് ഇളക്കി കൊടുക്കണം. അങ്ങനെ ഇരുപത്തി ഒന്ന് ദിവസം ആവര്‍ത്തിക്കുക. അതിനു ശേഷം അരിപ്പയിലൂടെ അരിച്ചെടുത്ത് പഞ്ചസാര കരിച്ചത് ചേര്‍ത്ത് വീണ്ടും ഇരുപത് ദിവസം വെയ്ക്കുക.നാല്‍പ്പത്തി ഒന്നാമത്തെ ദിവസം ഉപയോഗിച്ച് തുടങ്ങാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam