മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ അവയവങ്ങള്‍ പുതുജീവനേകിയത് നാലു പേര്‍ക്ക്

By Web DeskFirst Published Oct 21, 2017, 6:26 AM IST
Highlights

കൊച്ചി: കൊച്ചിയില്‍ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ അവയവങ്ങള്‍ പുതുജീവനേകിയത് നാലു പേര്‍ക്ക്. ഹൃദയം കോഴിക്കോട് ഫറോക്ക് സ്വദേശിയായ 26 കാരനാണ് മാറ്റിവച്ചത്. മറ്റ് അവയവങ്ങള്‍ കൊച്ചിയിലെയും കോട്ടയത്തെയും മൂന്ന് രോഗികള്‍ക്ക് ദാനം ചെയ്തു. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച എറണാകുളം സ്വദേശി ബിനു കൃഷ്ണന്‍റെ അവയവങ്ങളാണ് നാലു പേര്‍ക്ക് പുതിയ ജീവിതം സമ്മാനിച്ചത്. 

കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹ്മാന്‍റെ മകനും 26കാരനുമായ സിനാജിനാണ് ഹൃദയം മാറ്റിവച്ചത്. ജന്‍മനാ സംസാരവൈകല്യമുളള സിനാജ് ഹൃദയത്തിന്‍റെ പന്പിംഗ് ശക്തി കുറയുന്ന ഡിലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന രോഗം മൂലം  അത്യാസന്ന നിലയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഹെലികോപ്റ്ററില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച ഹൃദയം ഗ്രീന്‍ കോറിഡോര്‍ മാര്‍ഗ്ഗത്തിലൂടെയാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിച്ചത്.

ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശി ജയകുമാറിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കോട്ടയം മണിമല സ്വദേശി സൂര്യ അശോകിനും കരള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുളള സുരേഷ് കുമാറിനുമാണ് മാറ്റിവച്ചത്. കേരള സര്‍ക്കാരിന്‍റെ അവയദാന പദ്ധതിയായ മൃതസഞ്ജീവനിയാണ് അവയവാദം ഏകോപിപ്പിച്ചത്.

click me!