സിങ്കിന്‍റെ കുറവ് രക്തസമ്മർദ്ദം ഉണ്ടാക്കാം; കഴിക്കാം ഈ ഭക്ഷണങ്ങള്‍

Published : Jan 24, 2019, 07:29 PM ISTUpdated : Jan 24, 2019, 07:33 PM IST
സിങ്കിന്‍റെ കുറവ് രക്തസമ്മർദ്ദം ഉണ്ടാക്കാം; കഴിക്കാം ഈ ഭക്ഷണങ്ങള്‍

Synopsis

രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിക്കുകയാണ്.

രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിക്കുകയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഇപ്പോള്‍ പലരിലും കാണപ്പെടുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. 

രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപ്പെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്.

ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുളളവര്‍ സോഡിയം കഴിവതും കുറച്ച് കഴിക്കുക. മറിച്ച് പൊട്ടാസ്യം, കാത്സ്യം എന്നിവ കൂടുതലായുളള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

അതുപോലെ തന്നെ സിങ്കിന്‍റെ കുറവ് രക്തസമ്മര്‍ദ്ദം ഉണ്ടാക്കാമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് സൈക്കോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിങ്കിന്‍റെ കുറവ് കൊണ്ട് ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു. 

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയാണ്..

മത്തങ്ങ

മത്തങ്ങയില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ സിങ്ക് കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കും. 

 ചീര 

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ നല്ലതാണ് ചീര. ഇന്ന് വീടുകളിലും ചീര കൃഷി ചെയ്യാറുമുണ്ട്. സിങ്ക്, മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിവസവും ചീര കഴിക്കുന്നത് ശീലമാക്കുക. 

 മത്സ്യം 

അതുപോലെ മറ്റൊരു ഭക്ഷണമാണ് മത്സ്യം. മത്സ്യത്തില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുളളതിനാല്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

 മുട്ട

സിങ്ക്, കാല്‍സ്യം എന്നിവ അടിങ്ങിയിട്ടുളളതിനാല്‍ മുട്ട രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഏറെ സഹായകമാണ്. 

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ 

 ബീന്‍സ്

 രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും ബീന്‍സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാനും ബീൻസ് വളരെ നല്ലതാണ്. ബീൻസിൽ മിനറൽസ്, കാത്സ്യം, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.

തക്കാളി

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ആന്റി-ഓക്സിഡന്റായ ലിക്കോപിന്‍ തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ബി പിയുള്ളവര്‍ തക്കാളി കഴിക്കുന്നതില്‍ ഇനി യാതൊരുവിധ മടിയും കാണിക്കേണ്ട കാര്യമില്ല.

കിവി ഫ്രൂട്ട്

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏറ്റവും നല്ല ഫ്രൂട്ടാണ് കിവി.   കിവിയിൽ പൊട്ടാസ്യവും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ, ഇതിലടങ്ങിയിട്ടുള്ള ലൂട്ടിന്‍ എന്ന ആന്റി-ഓക്സിഡന്റ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

പാല്‍ 

പാല്‍ കൊഴുപ്പുണ്ടാക്കുന്ന ഒന്നാണ് എന്ന് പറയുമെങ്കിലും പാട നീക്കിയ പാല്‍ ഏതു പ്രായക്കാര്‍ക്കും അനുയോജ്യമാണ്. പാലില്‍ രക്തസമ്മര്‍ദ്ദം നല്ലതുപോലെ കുറയ്ക്കുന്ന കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും രാത്രി കിടക്കും മുന്‍പായി പാല്‍ കുടിക്കുന്നത് ശീലമാക്കുക.

ഏത്തപ്പഴം

പൊട്ടാസ്യവും മറ്റ് പോഷകങ്ങളും കൂടുതലായി അടങ്ങിയ ഒന്നാണ് ഏത്തപ്പഴം . ഇത് ദിവസവും ഒരെണ്ണം വച്ച് കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം സാമാന്യം മികച്ച രീതിയില്‍ തന്നെ നിയന്ത്രിക്കാനായി സാധിക്കും.
  
 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?