മുടി ഊരിപ്പോകുന്നത് പോലെ കൊഴിയുന്നോ? ഇതാ അഞ്ച് പരിഹാരങ്ങള്‍...

By Web TeamFirst Published Jan 24, 2019, 4:05 PM IST
Highlights

പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചില്‍ പലപ്പോഴും ജീവിതരീതികളിലെ ചെറിയ മാറ്റങ്ങള്‍ കൊണ്ടുമാകാം. അടി മുതല്‍ അറ്റം വരെയുള്ള മുടി ഒന്നിച്ച് ഊരിയിളകിപ്പോകുന്നത് പോലെയുള്ള കൊഴിച്ചിലാണെങ്കില്‍ ഇത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതാണ്

മുടി കൊഴിച്ചില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ തലവേദയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നമാണ്. മുടി കൊഴിച്ചിലിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. പോഷകങ്ങളുടെ കുറവ്, താരന്‍, വിളര്‍ച്ച, വിറ്റാമിന്‍-ബിയുടെ കുറവ്, സ്‌ട്രെസ്, വളരെ നേരം വെയിലിലും ചൂടിലും നില്‍ക്കുന്നത്, ഹൈപ്പോതൈറോയിഡിസം, കീമോതെറാപ്പി അങ്ങനെ പലതുമാകാം കാരണം. സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭാവസ്ഥയിലും മുടി കൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. 

എന്നാല്‍ പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചില്‍ പലപ്പോഴും ജീവിതരീതികളിലെ ചെറിയ മാറ്റങ്ങള്‍ കൊണ്ടുമാകാം. അടി മുതല്‍ അറ്റം വരെയുള്ള മുടി ഒന്നിച്ച് ഊരിയിളകിപ്പോകുന്നത് പോലെയുള്ള കൊഴിച്ചിലാണെങ്കില്‍ ഇത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതാണ്. ജീവിതരീതികളില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ഒരുപക്ഷേ ഇതിനെ ചെറുക്കാന്‍ സഹായിക്കും. അത്തരത്തിലുള്ള അഞ്ച് മാര്‍ഗങ്ങളെ കുറിച്ചാണ് പറയുന്നത്. 

ഒന്ന്...

പോഷകങ്ങളുടെ കുറവ് മൂലമാണ് ഈ പ്രശ്‌നമുണ്ടാകുന്നതെങ്കില്‍ അത് പരിഹരിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തേണ്ടത്. ഇതിന് മുടിക്കാവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പാല്‍, യോഗര്‍ട്ട്, ചിക്കന്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍, നട്ട്‌സ്, ധാന്യങ്ങള്‍ എന്നിവ കൂടുതലായി കഴിക്കുക.

രണ്ട്...

ബയോട്ടിന്‍ എന്ന പദാര്‍ത്ഥം അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നതാണ് മറ്റൊരു പരിഹാരം. മുട്ടയുടെ വെള്ള, സാല്‍മണ്‍ ഫിഷ്, മധുരക്കിഴങ്ങ്, അവക്കാഡോ, യീസ്റ്റ്, നട്ട്‌സ്, ധാന്യങ്ങള്‍ എന്നിവയാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. 

മൂന്ന്...

മാനസിക സമ്മര്‍ദ്ദങ്ങളെ മാറ്റിനിര്‍ത്തുകയെന്നതാണ് മറ്റൊരു പോംവഴി. ജോലിയില്‍ നിന്നോ, കുടുംബത്തില്‍ നിന്നോ, പഠനത്തില്‍ നിന്നോ, സാമ്പത്തികമായ പ്രശ്‌നങ്ങളില്‍ നിന്നോ ഒക്കെയുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ മുടി കൊഴിച്ചില്‍ ഉണ്ടാക്കും. യോഗയോ വ്യായാമമോ പരിശീലിക്കുന്നതിലൂടെ ഇതിന് ഒരു പരിധി വരെ പരിഹാരമാകും. 

നാല്...

രാസപദാര്‍ത്ഥങ്ങളടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ മുടിയുടെ അഴകിന് വേണ്ടി ഉപയോഗിക്കുന്നവരുണ്ട്. ഇതും ഒരുപക്ഷേ മുടി കൊഴിച്ചിലിന് ഇടയാക്കും. അത്തരത്തിലുള്ള ഉത്പന്നങ്ങള്‍ എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുക. 

അഞ്ച്...

വണ്ണം കുറയ്ക്കാനോ ഫിറ്റ്‌നസിന് വേണ്ടിയോ ചെയ്യുന്ന 'ക്രാഷ് ഡയറ്റ്' ഒരുപക്ഷേ മുടി കൊഴിച്ചിലിന് കാരണമായേക്കും. അത്തരത്തില്‍ ഡയറ്റില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുത്താതിരിക്കുക. ഒരുരീതിയിലും മുടി കൊഴിച്ചില്‍ തടയാനായില്ലെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തണം. കാരണം മറ്റ് വല്ല അസുഖങ്ങളുടെ ഭാഗമായാണോ ഈ മാറ്റമെന്ന് തീര്‍ച്ചപ്പെടുത്തുന്നത് എപ്പോഴും നല്ലതാണ്.

click me!