മരുഭൂമി പോലെ കിടന്നിരുന്ന ഭൂമി; പത്ത് വര്‍ഷം കൊണ്ട് മനോഹരമായ കാട്

By Web TeamFirst Published Jul 5, 2021, 4:30 PM IST
Highlights

പത്ത് വര്‍ഷം കൊണ്ട് ജൈവസമ്പത്ത് ഏറെയുള്ള കാടായി ഇത് വളര്‍ന്നു. 'ഉഷാ കിരണ്‍' അഥവാ പ്രഭാതസൂര്യന്‍ എന്നാണ് ഈ കാടിന് സുരേഷ് കുമാറും സുഹൃത്തുക്കളും നല്‍കിയിരിക്കുന്ന പേര്. പച്ചപ്പ് മൂടിക്കിടക്കുന്ന, പശ്ചിമഘട്ടത്തിന്റെ സൗന്ദര്യത്തിന്റെ ചെറിയൊരു പതിപ്പായി 'ഉഷാ കിരണ്‍' ഇപ്പോള്‍ തിളങ്ങുകയാണ്

നഗരങ്ങള്‍ക്കകത്ത് തന്നെ ചെറിയ ഭൂപ്രദേശങ്ങളില്‍ കാടുകള്‍ വച്ചുപിടിപ്പിക്കുന്ന 'ട്രെന്‍ഡ്' ഏതാനും വര്‍ഷങ്ങളായി നമ്മള്‍ രാജ്യത്തിനകത്ത് വ്യാപകമായി കാണുന്നുണ്ട്. കര്‍ണാടകത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അധികവും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോഴിതാ കര്‍ണാടകയിലെ ശിവമോഗയില്‍ ഒരു വ്യവസായി തന്റെ സ്വന്തം താല്‍പര്യപ്രകാരം നട്ടുവളര്‍ത്തിയൊരു കാടിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് തരിശായി കിടന്നിരുന്ന 21 ഏക്കര്‍ ഭൂമിയാണ് ഇപ്പോള്‍ ആരെയും വശീകരിക്കുന്നയത്രയും മനോഹാരിതയുള്ള കാടായി മാറിയിരിക്കുന്നത്. 

ബെംഗലൂരുവില്‍ വ്യവസായി ആയ സുരേഷ് കുമാര്‍ യാദൃശ്ചികമായാണ് ശിവമോഗയിലെ സാഗറിലുള്ള 21 ഏക്കര്‍ സ്ഥലത്തെ കുറിച്ചറിഞ്ഞത്. യൂക്കാലിപ്റ്റസ്, അക്കേഷ്യ മരങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അതെല്ലാം പഴയ ഭൂവുടമ വെട്ടി. അങ്ങനെ ഏതാണ്ട് മരുഭൂമിക്ക് തുല്യമായി കിടക്കുമ്പോഴാണ് സുരേഷ് കുമാര്‍ സ്ഥലം ഏറ്റെടുക്കുന്നത്. 

പിന്നീട് ഈ സ്ഥലത്ത് ഒരു കാട് നിര്‍മ്മിച്ചെടുക്കുന്നതിനെ പറ്റി അദ്ദേഹം ആലോചിക്കുകയായിരുന്നു. അങ്ങനെ സുഹൃത്തും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഖിലേഷ് ചിപ്ലിയുടെ സഹായവും തേടി. ഇവര്‍ കൂട്ടായ പരിശ്രമത്തിലൂടെ ഈ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. മനുഷ്യനിര്‍മ്മിതമായി ഒരു കാട് എങ്ങനെ സൃഷ്ടിക്കാമെന്നതിന്റെ മാതൃകയായി പിന്നീട് സാഗറിലെ ഭൂമി മാറി. 

പത്ത് വര്‍ഷം കൊണ്ട് ജൈവസമ്പത്ത് ഏറെയുള്ള കാടായി ഇത് വളര്‍ന്നു. 'ഉഷാ കിരണ്‍' അഥവാ പ്രഭാതസൂര്യന്‍ എന്നാണ് ഈ കാടിന് സുരേഷ് കുമാറും സുഹൃത്തുക്കളും നല്‍കിയിരിക്കുന്ന പേര്. പച്ചപ്പ് മൂടിക്കിടക്കുന്ന, പശ്ചിമഘട്ടത്തിന്റെ സൗന്ദര്യത്തിന്റെ ചെറിയൊരു പതിപ്പായി 'ഉഷാ കിരണ്‍' ഇപ്പോള്‍ തിളങ്ങുകയാണ്.

പരിസ്ഥിതിയെ കുറിച്ച് പഠിക്കുന്ന ഗവേഷക വിദ്യാര്‍ത്ഥികളും പക്ഷിനിരീക്ഷകരും അടക്കം പലരും നേരത്തെ തന്നെ 'ഉഷാ കിരണി'ല്‍ എത്തിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ ഇതെക്കുറിച്ച് പ്രാദേശികമാധ്യമങ്ങളിലും വാര്‍ത്താ ഏജന്‍സികളിലുമെല്ലാം റിപ്പോര്‍ട്ട് വന്നതോടെ നിരവധി പേരാണ് ഇത്തരം പദ്ധതികളെ കുറിച്ച് അന്വേഷിക്കുന്നത്. 

ചെറിയ ഏരിയകള്‍ തുടങ്ങി ഏക്കറുകളോളം വരുന്ന ഭൂമിയില്‍ എങ്ങനെയാണ് കാട് വളര്‍ത്തിയെടുക്കുന്നത് എന്ന ചോദ്യവുമായി ധരാാളം പേര്‍ വിദഗ്ധരെ സമീപിക്കുന്നതായാണ് വിവരം. ഒരു മികച്ച മാതൃകയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇന്ന് കാണുന്ന നിലയിലേക്ക് സാഗറിലെ 21 ഏക്കര്‍ മാറിമറിഞ്ഞതിന് പിന്നിലെ അധ്വാനവും ആഗ്രഹവും ചെറുതല്ലെന്നും മാത്രമാണ് സുരേഷ് കുമാറിന്റെയും സുഹൃത്തുക്കളുടെയും പ്രതികരണം.

Also Read:- നടുറോഡിൽ ബാസ്ക്കറ്റ്ബോളുമായി കാട്ടാന; വൈറലായി വീഡിയോ

click me!