
സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ജെൻ സി, ഫാഷൻ ലോകത്തെ പിടിച്ചുകുലുക്കുകയാണ്. കൃത്യമായ നിയമങ്ങളോ സ്റ്റൈൽ കോഡുകളോ ഇവർക്കില്ല. ഓരോരുത്തരുടെയും മൂഡ് അനുസരിച്ചാണ് വസ്ത്രധാരണം. കംഫർട്ടിന് പ്രാധാന്യം നൽകുന്നതിനൊപ്പം തങ്ങളുടെ വ്യക്തിത്വം ഉറക്കെ പറയുന്ന ഈ ഫാഷൻ വിപ്ലവത്തിൽ നിങ്ങൾക്കും പങ്കുചേരാം.
ജെൻ സി-കൾക്കിടയിൽ ഹിറ്റായ അഞ്ച് ഫാഷൻ ടിപ്‌സുകളും ട്രെൻഡുകളും പരിചയപ്പെടാം:
90-കളുടെ അവസാനവും 2000-ന്റെ തുടക്കത്തിലെയും ഫാഷൻ ഇന്ന് 'Y2K' എന്ന പേരിൽ തരംഗമാണ്. ടൈറ്റ് ഫിറ്റഡ് വസ്ത്രങ്ങൾ ഒഴിവാക്കി, ബാഗ്ഗി ജീൻസ്, കാർഗോ പാന്റ്‌സ് എന്നിവ ധരിക്കുക. ക്രോപ്പ് ടോപ്പുകളും പലനിറങ്ങളിലുള്ള ബട്ടർഫ്ലൈ ക്ലിപ്പുകളും ചേരുമ്പോൾ Y2K ലുക്ക് പൂർത്തിയാകും. ബട്ടർഫ്ലൈ പ്രിന്റുകളുള്ള ടോപ്പുകൾ, പ്ലാറ്റ്‌ഫോം സ്‌നീക്കേഴ്‌സ് , മിനി ബാഗുകൾ എന്നിവ കൂടുതൽ ലുക്ക് നൽകുന്നു.
ജെൻ സി-യുടെ ഫാഷൻ നിയമങ്ങളിൽ ഏറ്റവും പ്രധാനം കംഫർട്ട് ആണ്. ഇതിനായി അവർ തിരഞ്ഞെടുക്കുന്നത് ഓവർസൈസ് വസ്ത്രങ്ങളാണ്. നിങ്ങളുടെ സാധാരണ വസ്ത്രധാരണ രീതികളേക്കാൾ ഒന്നോ രണ്ടോ സൈസ് കൂടിയ ഷർട്ടുകളും, ഹൂഡികളും, ടീ-ഷർട്ടുകളും തിരഞ്ഞെടുക്കുക. ഇത് അയഞ്ഞതും എന്നാൽ സ്റ്റൈലിഷുമായ ഒരു ലുക്ക് നൽകും. ബോക്സി ഫിറ്റ് ഷർട്ടുകളും, ഫ്ലാനൽ ചെക്കുകളും പുരുഷന്മാരുടെയിടയിൽ ട്രെൻഡാണ്. സഹോദരങ്ങളുടെയോ സുഹൃത്തുക്കളുടെയോ വസ്ത്രങ്ങൾ പരസ്പരം മാറി ധരിക്കുന്നത് ജെൻ സി-യുടെ ഒരു പ്രത്യേകതയാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായ രണ്ട് അസ്തെറ്റിക് ട്രെൻഡുകളാണിവ.
ഡാർക്ക് അക്കാദമിയ: പുരാതന ലൈബ്രറികൾ, യൂണിവേഴ്സിറ്റികൾ, പഴയ പുസ്തകങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്റ്റൈലണിത്. കോട്ടൺ ഷർട്ടുകൾ, വെസ്റ്റ് കോട്ടുകൾ ലോംഗ് കോട്ടുകൾ, തുകൽ ആക്‌സസറികൾ, നേർത്ത കണ്ണടകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
കോട്ടേജ്‌കോർ: ഗ്രാമീണ ജീവിതം, പ്രകൃതി, പഴയ ഫാഷൻ എന്നിവ ഇഷ്ടപ്പെടുന്നവർക്കുള്ള സ്റ്റൈലണിത്. ലേസ് വർക്കുകളുള്ള ഫ്ളോയിങ് ഡ്രസ്സുകൾ, ഫ്ലോറൽ പ്രിന്റുകൾ, കയ്യിൽ നെയ്തെടുത്ത ക്രോഷെ ടോപ്പുകൾ, എർത്ത് ടോണിലുള്ള നിറങ്ങൾ എന്നിവയാണ് ഇതിൻ്റെ പ്രത്യേകത.
പരിസ്ഥിതിയെക്കുറിച്ച് ഏറ്റവും കൂടുതൽ ചിന്തിക്കുന്ന തലമുറയാണ് ജെൻ സി എന്നാണ് പരക്കെ പറയുന്നത്. ഫാസ്റ്റ് ഫാഷൻ കമ്പനികളെക്കാൾ അവർ തിരഞ്ഞെടുക്കുന്നത് പരിസ്ഥിതി സൗഹൃദപരമായ വസ്ത്രങ്ങളാണ്.
പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിന് പകരം സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ ഉപയോഗിക്കുന്നത്, വസ്ത്രങ്ങൾക്ക് ഒരു വിന്റേജ് ഫീൽ നൽകുന്നതിനൊപ്പം പണവും ലാഭിക്കാൻ സഹായിക്കും. റീസൈക്കിൾ ചെയ്ത മെറ്റീരിയലുകൾ, ഗ്രാഫിക് ടീ ഷർട്ടുകളുമാണ് ഇതിൽ കൂടുതലും.
ലളിതമായ വസ്ത്രമാണെങ്കിലും ആക്സസറികൾ കൊണ്ട് അതിനെ ആകർഷകമാക്കുക എന്നതാണ് ഇപ്പോഴുള്ള രീതി. ചെറിയ കമ്മലുകൾ മാറ്റി വലുതും കട്ടിയുള്ളതുമായ ആഭരണങ്ങൾ, ചെയിനുകൾ എന്നിവ ധരിക്കുക. അതുപോലെ ബക്കറ്റ് ഹാറ്റുകളും, എംബ്രോയ്ഡറി ചെയ്ത കോട്ടൺ ടോട്ട് ബാഗുകളും ഒരു ജെൻ സി ലുക്കിന് അത്യാവശ്യമാണ്. പാദരക്ഷകളിൽ ചങ്കി സ്‌നീക്കേഴ്‌സ് ട്രെൻഡാണ്. ഇത് കംഫർട്ടും സ്റ്റൈലും ഒരുമിച്ച് നൽകുന്നു.
ഫാഷൻ എന്നത് മറ്റുള്ളവരെ അനുകരിക്കുന്നതിനേക്കാൾ ഉപരി, സ്വന്തമായി ഒരു ലുക്ക് കണ്ടെത്തുക. ഇനി ഒട്ടും മടിക്കതെ, നിങ്ങളുടെ ഇഷ്ട്ടത്തിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കുക. ഈ ജെൻ സി ലോകത്ത്, നിങ്ങൾ തന്നെയാണ് ഏറ്റവും വലിയ ഫാഷൻ ട്രെൻഡ്.