
ലുലു എന്ന നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഉടമയുടെ മരണത്തെത്തുടർന്ന് 5 മില്ല്യൺ യുഎസ് ഡോളറാണ് ലുലുവിന് അവകാശമായി ലഭിച്ചിരിക്കുന്നത്. അതായത് ഏകദേശം 36 കോടിയിലധികം ഇന്ത്യൻ രൂപ.
യുഎസിലെ ടെന്നസിയിലെ നാഷ്വില്ലിൽ താമസിച്ചിരുന്ന ഹൂമാൻ ബിൽ ഡോറിസ് ആയിരുന്നു ലുലുവിന്റെ ഉടമ. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. ബിസിനസ്സുകാരനായ ബിൽ വിവാഹം കഴിച്ചിരുന്നില്ല.
ഡോറിസ് ലുലുവിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നതായി അദ്ദേഹത്തിന്‍റെ സുഹൃത്ത് മാർത്ത ബർട്ടൺ പറയുന്നു. എട്ട് വയസ്സുള്ള ലുലുവിനെ പരിചരിക്കുന്നതിനായുള്ള പണം ഒരു ട്രസ്റ്റിന് നൽകാൻ ഡോറിസിന് ആഗ്രഹമുണ്ടായിരുന്നു. യാത്രയ്ക്കിടയിലും ലുലുവിനെ പരിചരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നതായും അവർ പറഞ്ഞു.
ലുലു ഇപ്പോൾ മാർത്തയുടെ സംരക്ഷണത്തിലാണ് എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും നായയുടെ പ്രതിമാസ ചെലവുകൾക്കായുള്ള പണം മാർത്തയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായി. ബോർഡർ കോളി എന്ന ലുലു ഇനി കോടികൾ നേടിയ നായ എന്നറിയപ്പെടും.