Latest Videos

800 കിലോഗ്രാം ചാണകം മോഷണം പോയി; പരാതിയില്‍ പൊലീസ് കേസും

By Web TeamFirst Published Jun 20, 2021, 10:20 PM IST
Highlights

'ഗൗതന്‍സമിതി' എന്ന ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. ഗ്രാമത്തലവന്‍ കമന്‍ സിംഗ് കന്‍വാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വാര്‍ത്തയായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്

വിലപിടിപ്പുള്ള എന്തും മോഷണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടല്ലോ. അതിനാല്‍ തന്നെ അവ ശ്രദ്ധയോടെ സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തവുമാണ്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി, അത്ര വിലപിടിപ്പുള്ളതൊന്നുമല്ല എന്ന മനോഭാവത്തില്‍ നാം അലക്ഷ്യമായി സൂക്ഷിക്കുന്ന ഏതെങ്കിലും മുതല്‍ മോഷണം മൊത്തത്തില്‍ മോഷണം പോയാലോ! ചാണകം മോഷ്ടിക്കപ്പെട്ടു എന്ന വാര്‍ത്ത അത്തരത്തിലൊരു അസാധാരണത്വം തന്നെയാണ്. എന്നാല്‍ അതിനകത്തും ചില പശ്ചാത്തലങ്ങളുണ്ട്. 

സാധാരണഗതിയില്‍ നാട്ടിന്‍പുറങ്ങളില്‍ വീട്ടാവശ്യങ്ങള്‍ക്കും കാര്‍ഷികാവശ്യങ്ങള്‍ക്കുമാണ് ചാണകം ഉപയോഗിക്കാറ്. ഇതില്‍ക്കവിഞ്ഞൊരു പ്രാധാന്യമില്ല എന്നതിനാല്‍ തന്നെ അതിന് വലിയ മൂല്യവും കല്‍പിക്കാറില്ല. എന്നാല്‍ ചാണകത്തിനും വില കിട്ടുന്നൊരു സാഹചര്യം ഓര്‍ത്തുനോക്കൂ, അങ്ങനെയെങ്കില്‍ അതിനും ആവശ്യക്കാര്‍ ഏറിവരുമല്ലോ. 

ഇതുതന്നെയാണ് ഇപ്പോള്‍ ഛത്തീസ്ഗഢില്‍ നടന്നിരിക്കുന്നത്. 2020ല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ കൊണ്ടുവന്നൊരു പദ്ധതിയായിരുന്നു 'ഗോധന്‍ ന്യായ് യോജന'. ഗ്രാമങ്ങളില്‍ നിന്നുള്ള വീടുകളില്‍ നിന്ന് ചാണകം വിലയ്‌ക്കെടുത്ത് അതുപയോഗിച്ച് ജൈവവളം തയ്യാറാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

പ്രാദേശികമായി തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക, സാമ്പത്തികാവസ്ഥ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിന്റെ നേതൃത്വത്തില്‍ പദ്ധതി നിലവില്‍ വന്നത്. ഇതനുസരിച്ച് ഗ്രാമങ്ങളില്‍ നിന്ന് ചാണകം സംഭരിക്കുന്ന നടപടികളും നടന്നുവരുന്നുണ്ട്. 

ഇതിനിടെ ഇപ്പോള്‍ ഛത്തീസ്ഗഢില്‍ പലയിടങ്ങൡും ചാണകം മോഷണം പോകുന്ന സംഭവങ്ങള്‍ ഉണ്ടാവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായി അത്തരമൊരു സംഭവം ഇന്ന് ഛത്തീസ്ഗഢിലെ കോര്‍ബയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 800 കിലോഗ്രാം ചാണകമാണ് ഇവിടെ മോഷണം പോയിരിക്കുന്നത്. 

'ഗൗതന്‍സമിതി' എന്ന ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. ഗ്രാമത്തലവന്‍ കമന്‍ സിംഗ് കന്‍വാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വാര്‍ത്തയായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 

'1600 രൂപയോളം വിലമതിക്കുന്ന 800 കിലോഗ്രാം ചാണകമാണ് മോഷണം പോയിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ജൂണ്‍ 15നാണ് ഞങ്ങള്‍ക്ക് പരാതി കിട്ടിയത്. ഇതനുസരിച്ച് ഞങ്ങള്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ ജൂണ്‍ 8,9 ദിവസങ്ങളിലാണ് മോഷണം നടന്നതെന്നും കരുതപ്പെടുന്നു....'- പൊലീസ് ഉദ്യോഗസ്ഥനായ ഹരീഷ് ടണ്ഡേക്കര്‍ പറയുന്നു. 

കിലോയ്ക്ക് 2 രൂപ എന്ന നിരക്കിലാണ് ഛത്തീസ്ഗഢില്‍ 'ഗോധന്‍ ന്യായ് യോജന'യ്ക്കായി ചാണകം സംഭരിക്കുന്നത്. മോഷണം ഇനി തരംഗമായാല്‍ അത് ഗ്രാമങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏതായാലും പ്രതികളെ വൈകാതെ പൊലീസ് പിടികൂടുമെന്ന പ്രതീക്ഷയിലാണ് 'ഗൗതന്‍സമിതി' ഗ്രാമത്തിലുള്ളവര്‍.

Also Read:- കൊവിഡ് ചികിത്സയ്ക്കായി ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ധര്‍

click me!