കടല്‍ത്തീരത്തെ ഓട്ടം നല്ലതാണോ? പുതിയ പഠനം പറയുന്നത്...

By Web TeamFirst Published Jul 13, 2020, 6:04 PM IST
Highlights

ബീച്ചിലെ മണലിലൂടെ നടക്കുന്നതും ഓടുന്നതും ശരീരത്തിന് ഏറെ ഗുണം ചെയ്യും.

ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അനിവാര്യമാണ്. എന്നാല്‍ ബീച്ചില്‍ ഓടാന്‍ പോകാന്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍? ബീച്ചിലെ മണലിലൂടെ നടക്കുന്നതും ഓടുന്നതും ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും. എന്നാല്‍ കടല്‍ത്തീരത്തെ ഓട്ടം ശരീരത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നല്ലതാണ് എന്നാണ് പുതിയൊരു പഠനം പറയുന്നത്. 

'ബാഴ്‌സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത്' ആണ് പഠനം നടത്തിയത്. കടല്‍ത്തീരത്തു കൂടിയുള്ള വ്യായാമം നിങ്ങളെ 'പൊസിറ്റീവ്' മനോഭാവമുള്ളവരാക്കും എന്നും ഇത് മനസിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നും പഠനം പറയുന്നു. 'എണ്‍വയോണ്‍മെന്‍റല്‍ റിസര്‍ച്ച്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ചെറുപ്പക്കാരായ 59 പേരിലാണ് പഠനം നടത്തിയത്. ആദ്യത്തെ ആഴ്ചയില്‍  ഇവര്‍ ദിവസവും 20 മിനിറ്റോളം തിരക്കുളള നഗരങ്ങളിലാണ് വ്യായാമം ചെയ്തത്. പിന്നീട് ദിനവും ബീച്ചുകളില്‍ 20 മിനിറ്റോളം നടക്കുകയും ചെയ്തു. കടല്‍ത്തീരത്തെ നടത്തം ഇവരുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്തു എന്നാണ് ഗവേഷകര്‍ പറയുന്നത്. 

മനസിന് കൂടുതല്‍ സന്തോഷവും 'പൊസിറ്റിവിറ്റി'യും ഇവര്‍ക്ക് ലഭിച്ചു. ബീച്ചിലൂടെ തണുത്ത കാറ്റേറ്റ്, മനോഹരമായ കാഴ്ചകളും കണ്ട് ഓടുന്നത് നിങ്ങളുടെ മൊത്തം മൂഡിനെ തന്നെ മാറ്റുമെന്നും മനസിനെ ശാന്തമാക്കാന്‍ ഇത് സഹായിക്കുമെന്നും പഠനം പറയുന്നു. 

Also Read: ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാന്‍ ഈ കാര്യങ്ങള്‍ ചെയ്തോളൂ...

click me!