അമിതവണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം...

By Web TeamFirst Published Jul 25, 2020, 11:10 AM IST
Highlights

തീവ്രമായ വ്യായാമങ്ങൾ ചെയ്യുന്നത് കൂടുതൽ കലോറി കത്തിക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ കലോറി എരിച്ചു കളയുന്ന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് മറ്റൊരു വഴിയുണ്ട്, ശരിയായ ഭക്ഷണം കഴിക്കുക എന്നതാണ് അത്.

വണ്ണം കുറയ്ക്കാനുള്ള വഴികൾ തേടുകയാണ് നമ്മളില്‍ പലരും. എത്ര വ്യായാമം ചെയ്തിട്ടും പട്ടിണി കിടന്നിട്ടും വണ്ണം കുറയുന്നില്ലെന്ന പരാതിയാണല്ലൊ നാമൊക്കെ കേൾക്കുന്നത്. അമിതവണ്ണം പലപ്പോഴും നാം വിചാരിക്കുന്ന വേഗത്തിൽ കുറയണമെന്നില്ല. 

തീവ്രമായ വ്യായാമങ്ങൾ ചെയ്യുന്നത് കൂടുതൽ കലോറി കത്തിക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ കലോറി എരിച്ചു കളയുന്ന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് മറ്റൊരു വഴിയുണ്ട്, ശരിയായ ഭക്ഷണം കഴിക്കുക എന്നതാണ് അത്.

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കില്‍, പ്രഭാതത്തില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

പ്രഭാത ഭക്ഷണത്തില്‍ ഏത്തപ്പഴം ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഏത്തപ്പഴം കഴിച്ചാല്‍ വിശപ്പ്‌ ശമിക്കും. ഒപ്പം വയര്‍ നിറയുകയും ചെയ്യും. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ നല്ല ബാക്ടീരിയയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇതുവഴി കഴിയും.

ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് എനര്‍ജി നല്‍കുക മാത്രമല്ല ശാരീരികക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഇത് അധിക കലോറി കത്തിച്ചു കളയും. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമമായി നിലനിര്‍ത്തും. പൊട്ടാസ്യം ധാരാളമടങ്ങിയ ഏത്തപ്പഴം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നല്ലതാണ്.

രണ്ട്...

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണിത്.  കൂടാതെ വിറ്റാമിൻ സിയും മുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നു.

മൂന്ന്...

ദിവസവും രാവിലെ തൈര് കഴിക്കുന്നത് നല്ലതാണ്.  ഇവ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന  കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നൂറ് ഗ്രാം തൈരിൽ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. തൈര് അമിതവിശപ്പ് ഇല്ലാതാക്കാൻ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. 

നാല്... 

രാവിലെ മുളപ്പിച്ച ധാന്യങ്ങളും പയറുവർഗങ്ങളും കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. മഗ്നീഷ്യവും പ്രോട്ടീനുകളും നാരുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ദഹനസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും ഇവ സഹായിക്കും. ഗോതമ്പ്, ഓട്സ് തുടങ്ങിയവയൊക്കെ രാവിലെ കഴിക്കാം. 

അഞ്ച്...

ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്.  ആന്‍റി ഓക്സിഡന്‍സ് ധാരാളം അടങ്ങിയ ഗ്രീന്‍ ടീ പ്രഭാതഭക്ഷണത്തോടൊപ്പം കുടിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.  

Also Read: കൊഴുപ്പ് ഇല്ലാതാക്കി കുടവയർ കുറയ്ക്കാൻ ആറ് ഭക്ഷണങ്ങള്‍...

click me!