Weight Loss Diet| ഭാരം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

By Web TeamFirst Published Jan 25, 2022, 3:52 PM IST
Highlights

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.

എത്രയൊക്കെ പാടുപെട്ടാലും വര്‍ക്കൗട്ട് (workout) ചെയ്താലും വണ്ണം കുറയുന്നില്ല എന്നതാണ് പലരുടെയും പ്രധാന പ്രശ്നം. വണ്ണം കുറയ്ക്കാന്‍ (to lose weight) ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. 

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.

വണ്ണം കുറയ്ക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയൺ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. അതുപോലെ തന്നെ, ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും തെരഞ്ഞെടുത്ത് കഴിക്കാം. ഫൈബര്‍ അടങ്ങിയവ വിശപ്പിനെ നിയന്ത്രിക്കാന്‍  സഹായിക്കും.

രണ്ട്...

ജീരകവെള്ളം കുടിക്കുന്നത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കും. കുറഞ്ഞ കലോറി മാത്രമേ ജീരകവെള്ളത്തില്‍ അടങ്ങിയിട്ടുള്ളൂ. കൂടാതെ ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകത്തിന് അമിതവണ്ണത്തെ തടയാനാവും.

മൂന്ന്...

തണ്ണിമത്തന്‍ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും. 

നാല്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണവും  കുടവയറും കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

ക്യാരറ്റ് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളവും കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റ് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ക്യാരറ്റ് ജ്യൂസ് നല്ലതാണ്. 100 മില്ലിലിറ്റര്‍ ക്യാരറ്റ് ജ്യൂസില്‍ 39 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ ക്യാരറ്റ് ജ്യൂസ് കണ്ണിന്റെ ആരോഗ്യത്തിനും തലമുടിയുടെ വളര്‍ച്ചയ്ക്കും നല്ലതാണ്. 

ആറ്...

ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കലോറി കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ബീറ്റ്റൂട്ട് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും. 

ഏഴ്...

ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.

Also Read: കൊളസ്‌ട്രോളും ഈന്തപ്പഴവും; അറിയേണ്ട ഒരുപിടി കാര്യങ്ങള്‍...

click me!