Chennai Rain| പ്രളയബാധിതര്‍ക്ക് ഭക്ഷണവുമായി 'അമ്മ' കാന്റീന്‍; ഭക്ഷണവിതരണത്തിന് മുഖ്യമന്ത്രിയും

By Web TeamFirst Published Nov 9, 2021, 8:29 PM IST
Highlights

പ്രളയമുണ്ടാക്കിയ പ്രതിസന്ധികള്‍ അതിജീവിക്കുന്നത് വരെ സൗജന്യ ഭക്ഷണവിതരണം തുടരുമെന്ന് സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്. 'ഗ്രേറ്റര്‍ ചെന്നൈ കോര്‍പറോഷന്‍'ഉം ഭക്ഷണവിതരണം നടത്തുന്നുണ്ട്

കനത്ത മഴ തുടര്‍ന്നതോടെ പ്രളയത്തിലായ ചെന്നൈയില്‍ ( Chennai Rain ) പ്രളയബാധിതര്‍ക്ക് താങ്ങായി 'അമ്മ' കാന്റീന്‍( Amma Canteen ) . ഭക്ഷണമില്ലാതെ ദുരിതത്തിലായവര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിക്കുകയാണ് അന്തരിച്ച, തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള 'അമ്മ' കാന്റീന്‍. 

'ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്' കീഴിലാണ് നിലവില്‍ 'അമ്മ' കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ചെറിയ വിലയ്ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജയലളിതയുടെ ഭരണകാലത്ത് തുടങ്ങിയതാണ് 'അമ്മ' കാന്റീന്‍. 

തമിഴ് നാട്ടില്‍ മാത്രമല്ല, രാജ്യമൊട്ടാകെ ഈ പദ്ധതി പ്രശസ്തിയാര്ജ്ജിച്ചിരുന്നു. ഇപ്പോള്‍ പ്രളയകാലത്തെ ദുരിതത്തിലും ജനങ്ങള്‍ക്ക് തണലാവുകയാണ് 'അമ്മ'. ഭക്ഷണവിതരണ്തതിന് പലയിടങ്ങളിലും മുഖ്യമന്ത്രി എം കെ സ്റ്റാലിനും എത്തിയിരുന്നു. 

പ്രളയമുണ്ടാക്കിയ പ്രതിസന്ധികള്‍ അതിജീവിക്കുന്നത് വരെ സൗജന്യ ഭക്ഷണവിതരണം തുടരുമെന്ന് സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്. 'ഗ്രേറ്റര്‍ ചെന്നൈ കോര്‍പറോഷന്‍'ഉം ഭക്ഷണവിതരണം നടത്തുന്നുണ്ട്. 

ദിവസത്തില്‍ മൂന്ന് നേരമാണ് ഭക്ഷണവിതരണം. ഇഡ്ഡലി, പൊങ്കല്‍, സാമ്പാര്‍, തൈര്‍ സാദം, ലെമണ്‍ റൈസ് എന്നിവയാണ് വിതരണം ചെയ്യുന്നത്. 

ചെന്നൈയിലും ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലുമാണ് ശനിയാഴ്ച മുതല്‍ കനത്ത മഴയുണ്ടായത്. വെള്ളക്കെട്ട് കൂടിയതോടെ നഗരപ്രദേശങ്ങളില്‍ പ്രളയമുണ്ടാവുകയായിരുന്നു. അഞ്ച് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 2015ല്‍ ചെന്നൈയിലുണ്ടായ കനത്ത പ്രളയത്തെ ഓര്‍മ്മിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നുണ്ട്. 

ഇക്കഴിഞ്ഞ ആറ് വര്‍ഷമായി ചെന്നൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ലഭിക്കുന്ന മഴയുടെ അളവ് കൂടുതലാണ്. ഈ മഴക്കാലത്ത് തന്നെ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും ആകെ 46 ശതമാനം അധിക മഴ ലഭിച്ചതായാണ് കണക്ക്. 

ഇപ്പോള്‍ ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ഇനിയും ഒഴുക്കില്‍ പെട്ടവരുണ്ടോയെന്നും മറ്റ് അപകടകരമായ സാഹചര്യങ്ങളില്‍ കഴിയുന്നവരുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.

Also Read:- Chennai Rain| റെക്കോർഡ് മഴയിൽ മുങ്ങി ചെന്നൈ, നാല് മരണം, NDRF-നെ വിന്യസിച്ചു, ഇന്ന് അവധി

click me!