
ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ മുത്തശ്ശിയെ നിങ്ങൾക്ക് ഓർമ്മയുണ്ടാകുമല്ലോ... ഇപ്പോഴിതാ, മുത്തശ്ശിയുടെ വർഷങ്ങളായുള്ള ആഗ്രഹം സഫലമായിരിക്കുകയാണ്. ഇഡ്ഡലി മുത്തശ്ശിയെ തേടി സ്വന്തമായി വീട് എത്തിയിരിക്കുകയാണ്.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഇഡ്ഡലി അമ്മയുടെ ജീവിതസാഹചര്യം കണ്ട് അവര്‍ക്ക് വീടും ഗ്യാസുമെല്ലാം സമ്മാനിച്ചത്. കടയും വീടും കൂടി ചേര്‍ന്ന സ്ഥലം വാങ്ങി ഇഡ്ഡലി അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊടുക്കുകയായിരുന്നു അദ്ദേഹം.
കോയമ്പത്തൂരിലാണ് ഇഡ്ഡലി മുത്തശ്ശിയുടെ ഇഡ്ഡലിക്കട. ആനന്ദ് മഹീന്ദ്രയുൾപ്പെടെ ഒട്ടേറെ സെലിബ്രിറ്റികളുടെ പിന്തുണ മുത്തശ്ശിയ്ക്കുണ്ട്. പുകയടുപ്പിൽ ഇഡ്ഡലി തയ്യാറാക്കി കുറഞ്ഞ വിലയിൽ വിറ്റിരുന്ന കമലത്താള്‍ എന്ന മുത്തശ്ശി പിന്നീട് ഇഡ്ഡലി മുത്തശ്ശിയായി പ്രശസ്തയാകുകയായിരുന്നു.
' മറ്റൊരാളുടെ പ്രചോദനാത്മകമായ കഥയിൽ ഒരാൾക്ക് ഒരു ചെറിയ പങ്ക് വഹിക്കുന്നത് വളരെ അപൂർവമായി മാത്രമേയുള്ളൂ, ഇഡലി അമ്മ എന്നറിയപ്പെടുന്ന കമലത്താളിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. അവരുടെ ജീവിതത്തിൽ ചെറിയ ഒരു ഇടപെടൽ നടത്താൻ അനുവദിച്ചതിന്. അവര്‍ക്ക് ഇനി സ്വന്തം വീടും വീടിനോട് ചേര്‍ന്ന് ജോലിസ്ഥലത്ത്
ഇഡ്ഡലി പാചകം ചെയ്യാനും വിൽക്കാനും സൗകര്യമൊരുക്കും....' - ആനന്ദ് മഹീന്ദ്ര കുറിച്ചു.
രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കിയ തൊണ്ടമുത്തൂര്‍ രജിസ്റ്റര്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് ആനന്ദ് മഹീന്ദ്ര നന്ദി രേഖപ്പെടുത്തുകയും ചെയ്തു.