ചിരി തൂകുന്നില്ല, ചിന്തയില്‍ സ്വയം നഷ്ടപ്പെട്ടുപോയ സുശാന്ത്; വ്യത്യസ്തമായ ചിത്രവുമായി കലാകാരന്‍

By Web TeamFirst Published Jun 14, 2021, 7:49 PM IST
Highlights

സാധാരണഗതിയില്‍ സോഷ്യല്‍ മീഡിയയിലെല്ലാം കാണുന്ന സുശാന്തിന്റെ ചിരി നിറഞ്ഞ മുഖമല്ല സൗരവിന്റെ ചിത്രത്തിലുള്ളത്. ചിന്തകളില്‍ സ്വയം നഷ്ടപ്പെട്ടിരിക്കുന്നതായോ മറ്റോ തോന്നിക്കുന്ന ആഴം അനുഭവപ്പെടുത്തുന്ന ചിത്രമാണ് സൗരവ് ചെയ്തിരിക്കുന്നത്. ഈ പ്രത്യേകത തന്നെയാണ് ചിത്രം ശ്രദ്ധേയമാകാനും കാരണം

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ ഓര്‍മ്മദിവസമാണ് ഇന്ന്. 2020 ജൂണ്‍ പതിനാലിനായിരുന്നു സിനിമാലോകത്തെയും സിനിമാസ്വാദകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് സുശാന്തിന്റെ വിയോഗം. മുബൈ ബാന്ദ്രയിലുള്ള വസതിയിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ദീര്‍ഘനാളായി വിഷാദരോഗത്തിന് അടിമയായിരുന്നു സുശാന്തെന്നും ഇത് പിന്നീട് ആത്മഹത്യയിലേക്ക് നയിച്ചതാകാം എന്നുമാണ് മരണവുമായി ബന്ധപ്പെട്ടുള്ള നിഗമനം. എന്നാല്‍ താരത്തിന്റെ മരണം ഏറെ കാലത്തേക്ക് വലിയ വിവാദങ്ങളും ചര്‍ച്ചകളുമെല്ലാം സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ കാമുകിയായിരുന്ന റിയ ചക്രവര്‍ത്തിക്കെതിരെയും വലിയ ആരോപണങ്ങളുയര്‍ന്നിരുന്നു. 

എന്തായാലും അടുത്ത കാലങ്ങളിലായി ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു താരവിയോഗം ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ഒരുപക്ഷേ സുശാന്ത് വിടവാങ്ങിയതിന് ശേഷമാണ് അദ്ദേഹത്തിന് ഇത്രയധികം ആരാധകരുണ്ടെന്ന വസ്തുത വെളിപ്പെട്ടതെന്ന് കൂടി പറയാം. യുവാക്കളുടെ വലിയൊരു നിര തന്നെ അദ്ദേഹത്തിന്റെ സിനിമാജീവിതത്തെ പിന്നീട് ഏറെ ആഴത്തില്‍ സമീപിക്കുകയും ഓര്‍മ്മിക്കുകയെല്ലാം ചെയ്തിരുന്നു. 

ഇപ്പോഴും സുശാന്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന ആരാധകരേറെയാണ്. ഇന്ന് ഓര്‍മ്മദിവസമായതിനാല്‍ തന്നെ മിക്കവരും അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും കുറിച്ചിടുകയോ, ആ ഓര്‍മ്മകള്‍ പുതുക്കുകയോ ചെയ്തിട്ടുണ്ട്. ഇതിനിടെ പ്രിയനടനോടുള്ള ആദരവിന്റെ സൂചകമായി അസമില്‍ നിന്നുള്ള ഒരു കലാകാരന്‍ തയ്യാറാക്കിയിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയുണ്ടായി. 

നഖങ്ങള്‍ കൊണ്ട് സുശാന്തിന്റെ മുഖം ചിത്രരൂപത്തില്‍ തയ്യാറാക്കിയിരിക്കുകയാണ് ഈ കലാകാരന്‍. അസമിലെ ചിരാംഗ് സ്വദേശിയായ സൗരവ് മണ്ഡല്‍ എന്ന യുവാവാണ് താരത്തോടുള്ള ആദരവിന്റെ സൂചകമായി വ്യത്യസ്തമായ ആര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 31,000 നഖങ്ങളാണ് ആകെ ചിത്രം തയ്യാറാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. 

എട്ട് ദിവസങ്ങള്‍ കൊണ്ടാണേ്രത സൗരവ് ഇത് പൂര്‍ത്തിയാക്കിയത്. ഓരോ ദിവസവും ഏതാണ്ട് അഞ്ച് മണിക്കൂര്‍ നേരം വരം ഇതിനായി ചെലവിട്ടിരുന്നുവെന്നും സൗരവ് പറയുന്നു. സുശാന്ത് ജിവിച്ചിരിക്കെ തന്നെ താന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നുവെന്നും മരണശേഷം ഇപ്പോള്‍ അദ്ദേഹത്തെ ഓര്‍മ്മിക്കുമ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം തോന്നിയതിനാലാണ് ഇത് ചെയ്തതെന്നും യുവകലാകാരന്‍ പറയുന്നു. 

Also Read:- സുശാന്തിന്റെ മാനസിക പ്രശ്‌നങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ഡോക്ടര്‍മാര്‍; എതിര്‍പ്പുമായി കുടുംബം...

സാധാരണഗതിയില്‍ സോഷ്യല്‍ മീഡിയയിലെല്ലാം കാണുന്ന സുശാന്തിന്റെ ചിരി നിറഞ്ഞ മുഖമല്ല സൗരവിന്റെ ചിത്രത്തിലുള്ളത്. ചിന്തകളില്‍ സ്വയം നഷ്ടപ്പെട്ടിരിക്കുന്നതായോ മറ്റോ തോന്നിക്കുന്ന ആഴം അനുഭവപ്പെടുത്തുന്ന ചിത്രമാണ് സൗരവ് ചെയ്തിരിക്കുന്നത്. ഈ പ്രത്യേകത തന്നെയാണ് ചിത്രം ശ്രദ്ധേയമാകാനും കാരണം.

നേരത്തെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെയും ഗായകനായ ഭൂപന്‍ ഹസാരികയുടെയും ചിത്രങ്ങള്‍ വായ കൊണ്ട് വരച്ച്, റെക്കോര്‍ഡ് സൃഷ്ടിച്ച കലാകാരനാണ് സൗരവ്. ഏഴ് മിനുറ്റും 55 സെക്കന്‍ഡുകളും കൊണ്ടാണ് സൗരവ് ഈ ചിത്രങ്ങള്‍ വായ കൊണ്ട് വരച്ചത്. ഇതിനെല്ലാം പുറമെ തന്റെ വ്യത്യസ്തമായ കലാരീതികളെ കുറിച്ച് പ്രബന്ധം തയ്യാറാക്കി അവതരിപ്പിക്കാനും ഡോക്ടറേറ്റ് നേടാനുമെല്ലാം യുകെയിലുള്ള 'വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിവേഴ്‌സിറ്റി' സൗരവിന് ക്ഷണം അറിയിച്ചിട്ടുമുണ്ട്.

Also Read:- 'ആത്മഹത്യ ചെയ്യാന്‍ വരെ തോന്നി'; വെളിപ്പെടുത്തലുമായി നടി നമിത...
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!