ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് നേരിട്ടിരുന്നത് ഗുരുതരമായ മാനസിക പ്രശ്‌നങ്ങളെന്ന് ഡോക്ടര്‍മാര്‍. മുംബൈ പൊലീസിന് നല്‍കിയ മൊഴിയിലാണ് സുശാന്തിന്റെ മാനസിക പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തെ ചികിത്സിച്ച രണ്ട് മനശാസ്ത്ര വിദഗ്ധര്‍ വിശദമായി പറഞ്ഞിരിക്കുന്നത്. 

ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ഡോക്ടര്‍മാര്‍ക്കെതിരായി രംഗത്തെത്തിയിരിക്കുകയാണ് സുശാന്തിന്റെ കുടുംബം. മാനസിക രോഗങ്ങളെ കുറിച്ച് വ്യക്തി ജീവിച്ചിരിക്കെ അയാളുടെ സമ്മതത്തോടെ മാത്രമേ പുറത്തുപറയാനാകൂ എന്നും അയാള്‍ ജീവനോടെയില്ലെങ്കില്‍ അധികാരപ്പെട്ടയാള്‍- അതായത് അച്ഛന്റെ സമ്മതത്തോടെയേ ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്താനാകൂവെന്നും കുടുംബത്തിന് വേണ്ടി അഭിഭാഷകനായ വികാസ് സിംഗ് അറിയിച്ചു. 

അതേസമയം, സുശാന്ത് അനുഭവിച്ചിരുന്ന മാനസിക വിഷമതകളുടെ തീവ്രതയാണ് വീണ്ടും ചര്‍ച്ചയിലാകുന്നത്. കടുത്ത വിഷാദം, ഉത്കണ്ഠ, നിലനില്‍പിനെ ചൊല്ലിയുള്ള ആധി, ബൈപോളാര്‍ എന്നിങ്ങനെ പല പ്രശ്‌നങ്ങളാണ് സുശാന്ത് നേരിട്ടിരുന്നത് എന്നായിരുന്നു ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. 

തന്റെ അസുഖത്തെ കുറിച്ച് സുശാന്ത് പൂര്‍ണ്ണമായും ബോധവാനായിരുന്നെങ്കിലും മരുന്ന് അടക്കമുള്ള ചികിത്സകളില്‍ ഒട്ടും ചിട്ടയുണ്ടായിരുന്നില്ലെന്നും താനൊരിക്കലും ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് സുശാന്ത് വിശ്വസിച്ചിരുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഈ ഘട്ടങ്ങളിലെല്ലാം താരത്തെ പിന്തുണച്ച് കൂടെ നിന്നത് റിയ ചക്രബര്‍ത്തി ആയിരുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു. '

 

 

'ഒരു നിമിഷത്തെ ദിവസങ്ങളുടെ ദൈര്‍ഘ്യതയായി സുശാന്തിന് തോന്നിയിരുന്നു. എപ്പോഴും അരക്ഷിതനും അസ്വസ്ഥനുമായിരുന്നു അയാള്‍. ധൃതിയില്‍ സംസാരിക്കും ധൃതിയില്‍ കാര്യങ്ങള്‍ ചെയ്യും. അങ്ങനെ തന്നെയായിരുന്ന ചിന്തകളും. എപ്പോഴും ഒരു പേടി അനുഭവിച്ചുകൊണ്ടിരിക്കുന്നത് പോലെ. തലച്ചോറിലെ രാസപദാര്‍ത്ഥങ്ങളുടെ ബാലന്‍സ് തെറ്റുന്ന അവസ്ഥയാണിതില്‍ പ്രധാനമായും സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ സുശാന്ത് എപ്പോഴും നെഗറ്റീവായിരുന്നു. ഉറക്കമില്ലായ്മ, ധാരാളം പണം ഏതെങ്കിലും വിധേന ചിലവഴിക്കുക, എന്ത് ചെയ്യുമ്പോഴും എല്ലാം നഷ്ടപ്പെട്ടതായി തോന്നുക. ഇതെല്ലാം സുശാന്തില്‍ ഞങ്ങള്‍ കണ്ടെത്തിയ ചില ലക്ഷണങ്ങളാണ്...'- ഡോക്ടര്‍മാര്‍ മൊഴിയില്‍ പറയുന്നു. 

മരിക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് സുശാന്ത് മരുന്ന് കഴിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ട് റിയ തങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും തുടര്‍ന്ന് വീഡിയോകോളിലൂടെ സുശാന്തുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഒരു ചിരി മാത്രമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് റിയയോട് സൂചിപ്പിച്ചപ്പോള്‍ സുശാന്ത് താന്‍ പറയുന്നത് അനുസരിക്കുന്നില്ലെന്നായിരുന്നുവത്രേ റിയ പറഞ്ഞത്. 

നവംബറില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴും റിയ സമാനമായ രീതിയിലാണ് സംസാരിച്ചതെന്നും ഡോക്ടര്‍ ഓര്‍ക്കുന്നു. 

'എനിക്ക് വളരെയധികം പേടിയാകുന്നണ്ട്. കാരണം സുശാന്തിന് സ്‌ട്രോഗ് ആയ സഹായം ആവശ്യമാണ്. സുശാന്ത് വളരെ ഇന്റലിജന്റായ ഒരാളായതിനാല്‍ തികച്ചും സാധാരണക്കാരിയായ എനിക്ക് പലപ്പോഴും അയാളെ സഹായിക്കാനാകുന്നില്ല എന്നായിരുന്നു റിയ അന്ന് പറഞ്ഞത്..'- ഡോക്ടര്‍ പറയുന്നു. 

 

 

മുമ്പ് പലപ്പോഴും ആത്മഹത്യാ പ്രവണത തോന്നാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സുശാന്ത് ഇല്ലെന്നും അതേസമയം റിയ അങ്ങനെ സുശാന്തിന് തോന്നാറുണ്ടെന്നുമാണ് അറിയിച്ചിരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

'നവംബര്‍ 15ന് കണ്‍സള്‍ട്ടേഷന് വന്നപ്പോള്‍ ഞാന്‍ സുശാന്തിനോട് ബൈപോളാര്‍ അസുഖത്തെ കുറിച്ച് സംസാരിച്ചതാണ്. അത് ചികിത്സിച്ചാല്‍ സുഖപ്പെടുമെന്നും പറഞ്ഞിരുന്നതാണ്. എന്നാല്‍ എത്രയും പെട്ടെന്ന് ഈ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കണമെന്ന തിടക്കമായിരുന്നു അദ്ദേഹത്തിന്. അത് സാധ്യമല്ലല്ലോ. ചികിത്സയ്ക്ക് അതിന്റേതായ സമയമെടുക്കുമല്ലോ. മാത്രമല്ല, തന്റെ അസുഖത്തെ കുറിച്ച് പൂര്‍ണ്ണമായും ബോധവാനായിരുന്നെങ്കിലും അതിനെ അംഗീകരിക്കാന്‍ സുശാന്ത് തയ്യാറായിരുന്നില്ല. അടുത്ത തവണ, അതായത് നവംബര് 18ന് വന്നപ്പോള്‍ ബൈപോളാര്‍ അസുഖത്തെ കുറിച്ച് ധാരാളം വായിച്ചറിഞ്ഞിരുന്നു സുശാന്ത്. തീവ്രമായ നിരാശയിലും ആയിരുന്നു അന്നദ്ദേഹം. സംസാരിക്കുമ്പോഴെല്ലാം പലപ്പോഴും കരഞ്ഞുപോകുന്ന അവസ്ഥ. തന്നെക്കുറിച്ച് തന്നെ ഏറ്റവും നെഗറ്റീവ് ആയിട്ടായിരുന്നു അന്ന് അദ്ദേഹം ചിന്തിച്ചിരുന്നത്...'- ഡോക്ടര്‍ പറയുന്നു. 

Also Read:- സുശാന്ത് സിംഗ് കേസ്: റിയാ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്‌തേക്കും...

സുശാന്തിന്റെ മരണമുണ്ടാക്കിയ വിവാദങ്ങള്‍ക്കിടെ ഡോക്ടര്‍മാര്‍ നല്‍കിയ മൊഴികള്‍ പരസ്യമായതില്‍ താരത്തിന്റെ കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അതേസമയം മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ ഇത്തരം വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നത് ഉപകാരപ്രദമായേക്കും എന്നാണ് ഒരു വിഭാഗത്തിന്റെ വാദം.