ചര്‍മ്മം തിളങ്ങാന്‍ പരീക്ഷിക്കാം ഈ 'തേൻ' വഴികള്‍...

By Web TeamFirst Published Jan 31, 2021, 7:08 PM IST
Highlights

മുഖം തിളങ്ങാനും ചര്‍മ്മം മൃദുവാകാനും സഹായിക്കുന്നതാണ് തേന്‍. തേൻ സ്വാഭാവികമായും ആന്‍റി ബാക്ടീരിയൽ ഗുണങ്ങളാൽ നിറഞ്ഞിട്ടുള്ളതാണ്. 

തിളങ്ങുന്ന, മൃദുലമായ ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മുഖക്കുരു, കറുത്ത പാടുകൾ, നേർത്ത വരകൾ, ചുളിവുകൾ, എണ്ണമയം തുടങ്ങിയ ചർമ്മസംബന്ധമായ പ്രശ്നങ്ങളാണ് പലരെയും അലട്ടുന്നത്. 

മുഖം തിളങ്ങാനും ചര്‍മ്മം മൃദുവാകാനും സഹായിക്കുന്നതാണ് തേന്‍. തേൻ സ്വാഭാവികമായും ആന്‍റി ബാക്ടീരിയൽ ഗുണങ്ങളാൽ നിറഞ്ഞിട്ടുള്ളതാണ്. മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിൽ തുടങ്ങി ചർമ്മത്തിന് തിളക്കം നൽകാനുള്ള എളുപ്പമാർഗ്ഗങ്ങളായി വരെ തേൻ ഫേസ് പാക്കുകള്‍ ഉപയോഗിക്കാം. 

പ്രകൃതിദത്തമായതിനാൽ തേന്‍ കൊണ്ടുള്ള ഫേസ് പാക്കുകള്‍ക്ക് യാതൊരു പാർശ്വഫലങ്ങളുമുണ്ടാകില്ല. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന കുറച്ച് തേന്‍‌ ഫേസ് പാക്കുകള്‍ പരിചയപ്പെടാം. 

ഒന്ന്...

പാലും തേനും ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. ഒരു ടീസ്പൂണ്‍  പാലും ഒരു സ്പൂണ്‍ തേനും യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നത് മുഖം തിളങ്ങാനും ചര്‍മ്മം മൃദുവാകാനും സഹായിക്കും. 

രണ്ട്...

ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ നാരങ്ങാനീര് എന്നിയ നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. ചർമ്മത്തിന് നിറം നല്‍കാനും തിളക്കം നല്‍കാനും ഇത് സഹായിക്കും. 

മൂന്ന്...

ഒരു ടീസ്പൂണ്‍ തേന്‍, ഒരു നുള്ള് മഞ്ഞള്‍ എന്നിവ നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് ചർമ്മത്തിന് ആകർഷകമായ തിളക്കം നൽകാന്‍ സഹായിക്കും. 

നാല്...

രണ്ട് സ്പൂണ്‍ പഴുത്ത പപ്പായയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകാം. 

അഞ്ച്...

ഒരു സ്പൂണ്‍ തേന്‍, അരസ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ തക്കാളി നീര്, അര സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം മൃദുലമാകാന്‍ ഇത് സഹായിക്കും. 

Also Read: ചര്‍മ്മത്തിലെ സ്ട്രെച്ച് മാർക്ക് മാറാൻ പത്ത് എളുപ്പ വഴികൾ....

click me!