പണ്ട് ലാദനെ കുടുക്കാനിറക്കിയ പട്ടികള്‍; ഇപ്പോള്‍ പൊലീസിലും...

By Web TeamFirst Published Apr 15, 2019, 4:42 PM IST
Highlights

'ബെല്‍ജിയന്‍ മാലിനോയിസ്' എന്ന ഇനത്തില്‍ പെട്ട പട്ടികള്‍. മണം പിടിക്കാനും, കുറ്റവാളികളെ തുരത്താനും പ്രത്യേക കഴിവുള്ളവര്‍. ഇപ്പോഴും വൈറ്റ് ഹൗസിന് കാവല്‍ നില്‍ക്കുന്നത് ഈ ഇനത്തില്‍ പെട്ട പട്ടികളാണ്. വിദേശരാജ്യങ്ങളില്‍ പൊലീസ് ഉള്‍പ്പെടെയുള്ള സേനകളില്‍ സാധാരണമാണ് ഇവരുടെ സാന്നിധ്യം

അല്‍ഖ്വയിദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ വക വരുത്താന്‍ അമേരിക്കയിറക്കിയ പ്രത്യേക സംഘത്തിലെ അംഗങ്ങളായിരുന്നു 'ബെല്‍ജിയന്‍ മാലിനോയിസ്' എന്ന ഇനത്തില്‍ പെട്ട പട്ടികള്‍. മണം പിടിക്കാനും, കുറ്റവാളികളെ തുരത്താനും പ്രത്യേക കഴിവുള്ളവര്‍.

ഇപ്പോഴും വൈറ്റ് ഹൗസിന് കാവല്‍ നില്‍ക്കുന്നത് ഈ ഇനത്തില്‍ പെട്ട പട്ടികളാണ്. വിദേശരാജ്യങ്ങളില്‍ പൊലീസ് ഉള്‍പ്പെടെയുള്ള സേനകളില്‍ സാധാരണമാണ് ഇവരുടെ സാന്നിധ്യം. എന്നാല്‍ ഇന്ത്യയില്‍ ഒരു സേനകളിലും ഇവരെ ഉപയോഗിച്ചിട്ടില്ല. ചിലവ് തന്നെയാണ് പ്രധാന പ്രശ്‌നം. 

പക്ഷേ, രാജ്യത്താദ്യമായി ഇവയെ പൊലീസിലേക്കെടുത്തിരിക്കുകയാണിപ്പോള്‍. മഹാരാഷ്ട്ര പൊലീസിന്റെ സ്‌ക്വാഡിലേക്കാണ് ഇവയെ തെരഞ്ഞെടുത്തിരിക്കുന്നത്. 12 ജര്‍മ്മന്‍ ഷെപ്പേഡിനും 12 ഡോബര്‍മാനും ഒപ്പം രണ്ട് 'ബെല്‍ജിയന്‍ മാലിനോയിസി'നെയാണ് ഹൈദരാബാദില്‍ നിന്ന് വരുത്തിയിരിക്കുന്നത്. 

ഒമ്പത് മാസത്തെ പരിശീലനമാണ് ഇവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു പട്ടിക്ക് ഒരു ലക്ഷം രൂപയാണ് ഒരു മാസത്തെ പരിശീലനച്ചിലവ്. ഭക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങളുടെ ചെലവ് ഇതിനകത്ത് വരും. സ്‌ക്വാഡില്‍ ജോലി ആരംഭിച്ചുകഴിഞ്ഞാല്‍ മാസം 8,000 രൂപയായിരിക്കും ഇവരിലൊരാളുടെ ചിലവിനായി മാറ്റിവയ്‌ക്കേണ്ടിവരിക. 

അര്‍ധസൈനിക വിഭാഗത്തിന്റെ സ്‌ക്വാഡിലേക്കും, കേന്ദ്രസേനയുടെ സ്‌ക്വാഡിലേക്കും കൂടി ഇവയെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ സവിശേഷമായ കഴിവുകള്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും എന്നാണ് കണക്കുകൂട്ടല്‍.

click me!