ആദിവാസി ഗ്രാമത്തിലെത്തി സ്ത്രീകള്‍ക്കൊപ്പം ഭക്ഷണം പാകം ചെയ്ത് മമത

By Web TeamFirst Published Dec 31, 2020, 11:58 AM IST
Highlights

പരമ്പരാഗതമായി ഗ്രാമങ്ങളില്‍ തയ്യാറാക്കാറുള്ള പച്ചക്കറികള്‍ ചേര്‍ത്തുള്ള വിഭവമാണ് മമത പാകം ചെയ്യുന്നത്. വലിയ ചട്ടിയില്‍ ഏറെ പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നത്. അടുത്ത് തന്നെ ആദിവാസി സ്ത്രീകളെയും മറ്റും കാണാം

ആദിവാസി ഗ്രാമം സന്ദര്‍ശിക്കുന്നതിനിടെ സ്ത്രീകള്‍ക്കൊപ്പം ഭക്ഷണം പാകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കാര്യമായ രാഷ്ട്രീയ കരുനീക്കങ്ങളിലാണ് ബംഗാള്‍. ഇതിന്റെ ഭാഗമായാണ് അപ്രതീക്ഷിതമായി മമതയുടെ ആദിവാസി ഗ്രാമങ്ങളിലെ സന്ദര്‍ശനം എന്നാണ് ബിജെപിയുടെ വാദം. 

അതേസമയം ഗ്രാമങ്ങളിലെ സ്ത്രീകളോട് കുശലം പറഞ്ഞും അവര്‍ക്കൊപ്പം ഭക്ഷണം പാകം ചെയ്തും, അവരുടെ ആരോഗ്യകാര്യങ്ങളുള്‍പ്പെടെയുള്ളവ അന്വേഷിച്ചും മമത ഏറെ സമയമാണ് അവിടങ്ങളില്‍ ചിലവിട്ടത്. ഇതിന്റെ ചിത്രങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പരമ്പരാഗതമായി ഗ്രാമങ്ങളില്‍ തയ്യാറാക്കാറുള്ള പച്ചക്കറികള്‍ ചേര്‍ത്തുള്ള വിഭവമാണ് മമത പാകം ചെയ്യുന്നത്. വലിയ ചട്ടിയില്‍ ഏറെ പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നത്. അടുത്ത് തന്നെ ആദിവാസി സ്ത്രീകളെയും മറ്റും കാണാം. 

'നിങ്ങളുടെ വീടുകളിലുള്ള, നിങ്ങളുടെ മകളെപ്പോലെ തന്നെ എന്നെയും കണ്ടാല്‍ മതി. അങ്ങനെ കണ്ട് നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നോട് പങ്കുവയ്ക്കൂ...'- ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്രാമവാസികളോടായി മമതയുടെ വാക്കുകള്‍. തുടര്‍ന്ന് സര്‍ക്കാരിന്റെ ചില പദ്ധതികളുടെ ആനുകൂല്യം ഇവര്‍ക്ക് ലഭ്യമാകുന്നില്ലേയെന്ന് ഉദ്യോഗസ്ഥരോടും ആരാഞ്ഞു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശനത്തിനിടെ ആദിവാസി ഭവനത്തില്‍ നിന്ന് ഭക്ഷണം കഴിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച വീടുകളിലെ വീട്ടുകാരോട് അദ്ദേഹം സംസാരിക്കുക പോലുമുണ്ടായില്ലെന്ന പരാതി പിന്നീട് ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മമതയും ആദിവാസി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചിരിക്കുന്നത്.

Also Read:- ഭക്ഷണം 'കുഞ്ഞപ്പന്‍' ഉണ്ടാക്കും; ഇത് കൊവിഡിന് ശേഷമുള്ള 'ട്രെന്‍ഡ്'...

click me!